പച്ചക്കറികൾ ഒരുമിച്ച് വാങ്ങി സൂക്ഷിക്കുന്ന രീതിയാണ് നമുക്കുള്ളത്. എന്നാൽ ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ ഇത് പെട്ടെന്ന് കേടായിപ്പോകുന്നു.

ആരോഗ്യമുള്ള ഭക്ഷണ ക്രമീകരണത്തിൽ ഒഴിച്ച് കൂടാൻ കഴിയാത്ത ഒന്നാണ് പച്ചക്കറികൾ. ഇതിൽ ധാരാളം പോഷകങ്ങളും ഫൈബറും അടങ്ങിയിട്ടുണ്ട്. പച്ചക്കറികൾ ഒരുമിച്ച് വാങ്ങി സൂക്ഷിക്കുന്ന രീതിയാണ് നമുക്കുള്ളത്. എന്നാൽ ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ ഇത് പെട്ടെന്ന് കേടായിപ്പോകുന്നു. പച്ചക്കറികളും പഴങ്ങളും ഫ്രഷായിരിക്കാൻ ഇങ്ങനെ ചെയ്താൽ മതി.

കഴുകരുത്

കടയിൽനിന്നും വാങ്ങിയതിന് ശേഷം കഴുകി വൃത്തിയാക്കിയാണ് പഴങ്ങളും പച്ചക്കറികളും നമ്മൾ സൂക്ഷിക്കാറുള്ളത്. ഇങ്ങനെ ചെയ്യുമ്പോൾ ഇതിൽ ഈർപ്പം തങ്ങി നിൽക്കുന്നു. ഈർപ്പം മൂലം പച്ചക്കറികൾ പെട്ടെന്ന് കേടായിപ്പോവുകയും ചെയ്യും. അതിനാൽ തന്നെ സൂക്ഷിക്കുന്നതിന് മുമ്പായി ഇവ കഴുകുന്നത് ഒഴിവാക്കാം.

ഡ്രൈയായി സൂക്ഷിക്കാം

പച്ചക്കറികൾ പെട്ടെന്ന് കേടായിപ്പോകുന്നതിന് കാരണം ഈർപ്പമാണ്. അതിനാൽ തന്നെ സൂക്ഷിക്കുന്നതിന് മുമ്പ് പച്ചക്കറികൾ കഴുകുന്നത് ഒഴിവാക്കണം. ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതിന് മുമ്പ് പച്ചക്കറികളിൽ ഈർപ്പം ഇല്ലെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. ഡ്രൈയായി സൂക്ഷിച്ചാൽ ദിവസങ്ങളോളം കേടുവരാതിരിക്കും.

സൂക്ഷിക്കുന്ന സ്ഥലം

ഓരോതരം പച്ചക്കറികൾക്കും വ്യത്യസ്തമായ പരിചരണമാണ് ആവശ്യം. അതിനാൽ തന്നെ റൂം ടെമ്പറേച്ചറിൽ സൂക്ഷിക്കേണ്ടതേത്, ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ടതേത് എന്നതിനെക്കുറിച്ച് മാനസിലാക്കേണ്ടതുണ്ട്. ലെറ്റൂസ്, ചീര തുടങ്ങിയ പച്ചക്കറികൾ ഫ്രിഡ്ജിലാണ് സൂക്ഷിക്കേണ്ടത്. എന്നാൽ ബീറ്റ്റൂട്ട്, ഉരുളകിഴങ്ങ്, സവാള എന്നിവ റൂം ടെമ്പറേച്ചറിലാണ് സൂക്ഷിക്കേണ്ടത്.

മുറിക്കുമ്പോൾ

പച്ചക്കറികൾ മുറിച്ചു വയ്ക്കുമ്പോൾ വായു സമ്പർക്കം ഉണ്ടാവുകയും, ഇത് പെട്ടെന്ന് കേടായിപ്പോവാനും കാരണമാകുന്നു. ഉപയോഗിക്കുന്നതിന് മുമ്പ് മാത്രമേ പച്ചക്കറികൾ മുറിച്ചു വെയ്ക്കാൻ പാടൂള്ളൂ. മുറിച്ചുവെച്ചവ ഉണ്ടെങ്കിൽ വായുകടക്കാത്ത പാത്രത്തിലാക്കി അടച്ച് സൂക്ഷിക്കാൻ ശ്രദ്ധിക്കണം.

പരിശോധിക്കാം

ചില സമയങ്ങളിൽ എത്ര നന്നായി സൂക്ഷിച്ചാലും പച്ചക്കറികൾ കേടുവരാറുണ്ട്. ഇടയ്ക്കിടെ പരിശോധിച്ച് നിറം മാറിയതും, ദുർഗന്ധം ഉള്ളതുമായ പച്ചക്കറികൾ മാറ്റാൻ ശ്രദ്ധിക്കണം. ഇത് മറ്റുള്ള പച്ചക്കറികളും കേടുവരാൻ കാരണമാകുന്നു.