മൈക്രോവേവ് വന്നതോടെ പാചകം ചെയ്യുന്നത് എളുപ്പമായിട്ടുണ്ട്. എന്നാൽ ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ ഉപകരണങ്ങൾ പെട്ടെന്ന് കേടായിപ്പോകുന്നു. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം

വീട്ടുജോലികൾ എളുപ്പമാക്കാൻ പലതരം ഉപകരണങ്ങൾ ഇന്ന് ലഭ്യമാണ്. അത്തരത്തിൽ ഒന്നാണ് മൈക്രോവേവ്. ഇത് വന്നതോടെ പാചകം ചെയ്യുന്നത് എളുപ്പമായിട്ടുണ്ട്. എന്നാൽ ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ ഉപകരണങ്ങൾ പെട്ടെന്ന് കേടായിപ്പോകുന്നു. മൈക്രോവേവ് ഉപയോഗിക്കുമ്പോൾ സ്ഥിരമായി ഉണ്ടാവുന്ന അബദ്ധങ്ങൾ ഇതാണ്. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

1.മൂടി ഉപയോഗിക്കാതിരിക്കുന്നത്

മൈക്രോവേവിൽ പാചകം ചെയ്യുന്ന സമയത്ത് പാത്രം അടച്ച് വയ്ക്കാൻ ശ്രദ്ധിക്കണം. പലരും തുറന്ന് വെച്ചാണ് പാചകം ചെയ്യാറുള്ളത്. ഇങ്ങനെ ചെയ്യുന്നത് ഒഴിവാക്കാം. 'മൈക്രോവേവ് സേഫ്' ലേബലുള്ള മൂടികൾ ഉപയോഗിക്കാവുന്നതാണ്. ഇത് ഭക്ഷണത്തിൽ ഈർപ്പം ഉണ്ടാവുന്നതിനെ തടയുന്നു.

2. പ്ലാസ്റ്റിക് പാത്രങ്ങൾ

സ്ഥിരം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പാത്രങ്ങൾ ഉപയോഗിച്ച് മൈക്രോവേവിൽ പാചകം ചെയ്യരുത്. 'മൈക്രോവേവ് സേഫ്' എന്ന് ലേബൽ ചെയ്തിട്ടുള്ളവ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ ചൂടാക്കുമ്പോൾ പ്ലാസ്റ്റിക് ഉരുകി ഭക്ഷണത്തിൽ കലരാൻ സാധ്യതയുണ്ട്.

3. ശരിയായ താപനില

ശരിയായ രീതിയിൽ താപനില സെറ്റ് ചെയ്താൽ മാത്രമേ ഭക്ഷണം കൃത്യമായ രീതിയിൽ പാകമായി കിട്ടുകയുള്ളൂ. ചൂട് കൂടാനോ എന്നാൽ കുറയാനോ പാടില്ല.

4. ഭക്ഷണം ഇളക്കാതിരിക്കുന്നത്

മൈക്രോവേവിൽ പാകം ചെയ്യുമ്പോൾ ഭക്ഷണ സാധനങ്ങൾ പൂർണമായും പാകം ആകണമെന്നില്ല. അതിനാൽ തന്നെ ഇടയ്ക്കിടെ ഇളക്കി കൊടുക്കുന്നത് എല്ലാ ഭാഗങ്ങളിലും ചൂട് ലഭിക്കാനും ഭക്ഷണം നന്നായി വേവാനും സഹായിക്കുന്നു.

5. ഉടൻ എടുക്കുന്നത്

ഭക്ഷണം പാകമായി കഴിയുമ്പോൾ മൈക്രോവേവിൽ നിന്നും ശബ്ദം കേൾക്കും. എന്നാൽ ഇത് കേട്ടയുടനെ മൈക്രോവേവ് തുറന്ന് ഭക്ഷണം പുറത്തെടുക്കാൻ പാടില്ല. കുറച്ച് നേരം അങ്ങനെ തന്നെ വെച്ചിരുന്നാൽ മാത്രമേ ഭക്ഷണം പൂർണമായും പാകമായി കിട്ടുകയുള്ളൂ.