ഭക്ഷണം തയാറാക്കുന്നത് മുതൽ സൂക്ഷിക്കുന്നത് വരെയുള്ള കാര്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഭക്ഷണത്തിൽ ചേർക്കുന്ന ചില ചേരുവകൾ ഭക്ഷ്യവിഷബാധ ഉണ്ടാവാൻ കാരണമാകാറുണ്ട്.
പാചകം ചെയ്യാനും ഭക്ഷണം കഴിക്കാനുമൊക്കെ നമുക്ക് ഇഷ്ടമാണ്. എന്നാൽ ഭക്ഷണത്തിന്റെ സുരക്ഷിതത്വത്തെ കുറിച്ച് അടിസ്ഥാനമായി അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. ഭക്ഷണം തയാറാക്കുന്നത് മുതൽ സൂക്ഷിക്കുന്നത് വരെയുള്ള കാര്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഭക്ഷണത്തിൽ ചേർക്കുന്ന ചില ചേരുവകൾ ഭക്ഷ്യവിഷബാധ ഉണ്ടാവാൻ കാരണമാകുന്നു. ഈ ഭക്ഷണങ്ങൾ കഴിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം.
പച്ച മുട്ട
മുട്ട ചേർത്ത പലതരം ഭക്ഷണങ്ങൾ നമ്മൾ കഴിക്കാറുണ്ട്. പച്ച മുട്ടയിൽ സാൽമൊണെല്ല എന്ന ബാക്റ്റീരിയയുണ്ട്. ഇത് ഭക്ഷ്യവിഷബാധയേൽക്കാൻ കാരണമാകുന്നു. അതിനാൽ തന്നെ നന്നായി വേവിച്ച മുട്ട കഴിക്കാൻ ശ്രദ്ധിക്കാം.
മൽസ്യം, മാംസം
മത്സ്യവും മാംസവും കഴിക്കാൻ ഇഷ്ടമില്ലാത്തവർ ഉണ്ടാവില്ല. എന്നാൽ ശരിയായ രീതിയിൽ വേവിച്ചില്ലെങ്കിൽ ഇവ ഭക്ഷ്യവിഷബാധ ഉണ്ടാവാൻ കാരണമാകുന്നു. പലതരം അണുക്കളാണ് മാംസങ്ങളിലും മൽസ്യങ്ങളിലും ഉള്ളത്. ഇത് വയറിളക്കം, വയറുവേദന, പനി തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകുന്നു.
ക്യാനുകളിലുള്ള ഭക്ഷണങ്ങൾ
ക്യാനുകളിലുള്ള ഭക്ഷണ സാധനങ്ങൾ വാങ്ങുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. വീർത്ത് വലുതായതോ മൂടി തുറന്നതോ ആയ ക്യാനുകളിലെ ഭക്ഷണങ്ങൾ വാങ്ങിക്കരുത്. അടച്ചു സൂക്ഷിക്കുന്ന ഭക്ഷണ സാധനങ്ങളിൽ ഓക്സിജന്റെ അളവ് വളരെ കുറവായിരിക്കും. ഇത് അണുക്കൾ പെരുകാനും ഭക്ഷണം കേടായിപ്പോകാനും കാരണമാകുന്നു.
ഇലക്കറികൾ
പച്ചക്കറികളിലും രോഗങ്ങൾ പരത്തുന്ന അണുക്കൾ ഉണ്ടാവാറുണ്ട്. കഴുകി വൃത്തിയാക്കി, നന്നായി വേവിച്ചതിന് ശേഷം മാത്രം ഇലക്കറികൾ കഴിക്കാൻ ശ്രദ്ധിക്കണം.
ബാക്കിവന്ന ഭക്ഷണങ്ങൾ
അടുക്കളയിൽ ബാക്കിവന്ന ഭക്ഷണങ്ങൾ നിങ്ങൾ എങ്ങനെയാണ് സൂക്ഷിക്കാറുള്ളത്. വേവിച്ച ഭക്ഷണങ്ങൾ ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ അണുക്കൾ ഉണ്ടാവുകയും, ഭക്ഷണം കേടായിപ്പോകാനും കാരണമാകുന്നു. ഭക്ഷണം വായുകടക്കാത്ത രീതിയിൽ അടച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാൻ ശ്രദ്ധിക്കണം. ഇത് എത്ര ദിവസം വരെയും കേടുവരാതിരിക്കാൻ സഹായിക്കുന്നു.
ഫ്രിഡ്ജിൽ വയ്ക്കുമ്പോൾ
ഭക്ഷണ സാധനങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പാകം ചെയ്ത ഭക്ഷണങ്ങൾ കഴിച്ചു കഴിഞ്ഞാൽ അധികം നേരം പുറത്ത് സൂക്ഷിക്കരുത്. രണ്ട് മണിക്കൂറിനുള്ളിൽ ഇവ ഫ്രീസറിലോ ഫ്രിഡ്ജിലോ സൂക്ഷിക്കാൻ ശ്രദ്ധിക്കണം. വായുകടക്കാത്ത പാത്രങ്ങൾ, അലുമിനിയം ഫോയിൽ എന്നിവയിൽ പൊതിഞ്ഞ് സൂക്ഷിക്കുന്നത് നല്ലതായിരിക്കും.


