ഗ്രാനൈറ്റ്, മാർബിൾ തുടങ്ങിയ കൗണ്ടർടോപുകൾ ദീർഘകാലം ഈടുനിൽക്കുന്നവയാണ്. എന്നാൽ രാസവസ്തുക്കൾ അടങ്ങിയ ക്ലീനറുകൾ ഉപയോഗിച്ച് എപ്പോഴും വൃത്തിയാക്കുന്നത് ഒഴിവാക്കണം.
വീട് എപ്പോഴും വൃത്തിയാക്കി സൂക്ഷിക്കേണ്ടത് പ്രധാനം തന്നെയാണ്. വീട്ടിലുള്ള ഓരോ വസ്തുക്കളും വൃത്തിയാക്കിയാൽ മാത്രമേ വീട് പൂർണമായും വൃത്തിയായെന്ന് പറയാൻ കഴിയുകയുള്ളൂ. ദിവസവും വീട് വൃത്തിയാക്കുന്നത് ജോലി എളുപ്പമാക്കുന്നു. അതേസമയം ഈ വസ്തുക്കൾ എപ്പോഴും വൃത്തിയാക്കേണ്ടതില്ല. അവ ഏതൊക്കെയാണെന്ന് അറിയാം.
റെഫ്രിജറേറ്റർ
അടുക്കളയിൽ വിശ്രമം ഇല്ലാതെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഉപകരണമാണ് റെഫ്രിജറേറ്റർ. അതിനാൽ തന്നെ റെഫ്രിജറേറ്റർ എപ്പോഴും വൃത്തിയോടെ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ ദിവസവും റെഫ്രിജറേറ്റർ വൃത്തിയാക്കേണ്ടതില്ല. മാസത്തിൽ ഒരിക്കൽ നന്നായി വൃത്തിയാക്കാം. അതേസമയം ഭക്ഷണാവശിഷ്ടങ്ങളും കറയും അപ്പോൾ തന്നെ വൃത്തിയാക്കുന്നതാണ് നല്ലത്.
മൈക്രോവേവ്
മൈക്രോവേവ് അമിതമായി വൃത്തിയാക്കുന്നത് ഉപകരണത്തിന് കേടുപാടുകൾ ഉണ്ടാക്കുന്നു. വൃത്തി നിലനിർത്തുന്നതിന് ഭക്ഷണങ്ങൾ മൂടിവെച്ചു പാകം ചെയ്യാൻ ശ്രദ്ധിക്കണം. ഇത് ഭക്ഷണാവശിഷ്ടങ്ങൾ തങ്ങി നിൽക്കാനും കറ പറ്റുന്നതിനെയും തടയുന്നു.
കാർപെറ്റ്
കാർപ്പെറ്റിൽ ധാരാളം അഴുക്കും പൊടിപടലങ്ങളും ഉണ്ടാവാറുണ്ട്. അതിനാൽ തന്നെ ആഴ്ചയിൽ ഒരിക്കൽ എങ്കിലും വൃത്തിയാക്കേണ്ടത് വളരെ പ്രധാനമാണ്. അതേസമയം രാസവസ്തുക്കൾ ഉപയോഗിച്ച് കാർപെറ്റ് വൃത്തിയാക്കുന്നത് ഒഴിവാക്കണം. ഇത് കാർപെറ്റിന് കേടുപാടുകൾ വരുത്തുന്നു.
കൗണ്ടർടോപ്പ്
അടുക്കളയിൽ എപ്പോഴും ഉപയോഗിക്കുന്ന ഇടമാണ് കൗണ്ടർടോപ്. ഗ്രാനൈറ്റ്, മാർബിൾ തുടങ്ങിയ കൗണ്ടർടോപുകൾ ദീർഘകാലം ഈടുനിൽക്കുന്നവയാണ്. എന്നാൽ രാസവസ്തുക്കൾ അടങ്ങിയ ക്ലീനറുകൾ ഉപയോഗിച്ച് എപ്പോഴും വൃത്തിയാക്കുന്നത് ഒഴിവാക്കണം. ഇത് കൗണ്ടർടോപ്പിന് കേടുപാടുകൾ ഉണ്ടാക്കുന്നു.
തടികൊണ്ടുള്ള ഫർണിച്ചർ
തടികൊണ്ടുള്ള ഫർണിച്ചറുകൾ എപ്പോഴും വൃത്തിയാക്കുന്നത് ഒഴിവാക്കാം. ഇത് തടിയുടെ ഫിനിഷ് ഇല്ലാതാവാനും ഫർണിച്ചറിന് കേടുപാടുകൾ ഉണ്ടാവാനും കാരണമാകുന്നു. അതിനാൽ തന്നെ ആഴ്ചയിൽ ഒരിക്കൽ പൊടിപടലങ്ങൾ നീക്കം ചെയ്ത് തുടച്ച് വൃത്തിയാക്കിയാൽ മതി.


