ഫാൻ ഒരു നിമിഷം പോലും ഓഫ് ചെയ്ത് വീടിനുള്ളിൽ ഇരിക്കാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. എന്നാൽ ഫാനിന്റെ ഉപയോഗം വൈദ്യുതി ബില്ല് കൂട്ടുമെന്നല്ലാതെ ചൂടിനെ കുറക്കാൻ സാധിക്കുകയില്ല.

വേനൽക്കാലം എത്തിയതോടെ ചൂടും കൂടി. ഫാൻ ഒരു നിമിഷം പോലും ഓഫ് ചെയ്ത് വീടിനുള്ളിൽ ഇരിക്കാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. എന്നാൽ ഫാനിന്റെ ഉപയോഗം വൈദ്യുതി ബില്ല് കൂട്ടുമെന്നല്ലാതെ ചൂടിനെ കുറക്കാൻ സാധിക്കുകയില്ല. എസി വാങ്ങുന്നത് ചൂടിനെ ചെറുക്കാൻ സാധിക്കുമെങ്കിലും വൈദ്യുതി ബില്ല് ഇരട്ടിക്കാൻ എസി തന്നെ ധാരാളം. ഫാനും എസിയും കഴിഞ്ഞാൽ പിന്നെ നമ്മുടെ ശ്രദ്ധ പോകുന്നത് കൂളറിലേക്കാണ്. വലിയ ചിലവില്ലാതെ തന്നെ കൂളർ ഉപയോഗിക്കാൻ സാധിക്കും. കൂളർ വാങ്ങാൻ പ്ലാൻ ഉണ്ടെങ്കിൽ നിങ്ങൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുത്. 

1. വായുവിലുള്ള ഈർപ്പത്തിന്റെ അളവ് വർധിപ്പിക്കാൻ കൂളറുകൾ സഹായിക്കുന്നു. വളരെ കുറഞ്ഞ രീതിയിലാണ് ഊർജ്ജത്തിന്റെ ഉപയോഗം ആവശ്യമായി വരുന്നത്. ഇത് കൂളറിന്റെ പ്രത്യേകതയാണ്. 

2. മുറിയുടെ വലിപ്പം അനുസരിച്ചാവണം കൂളർ വാങ്ങേണ്ടത്. കുറഞ്ഞ കൂളിംഗ് കപ്പാസിറ്റിയുള്ള കൂളർ വാങ്ങിയാൽ വലിയ മുറിയിൽ ഉപയോഗിക്കാൻ സാധിക്കില്ല. 

3. വിഷവാതകങ്ങൾ അധികമായി പുറന്തള്ളാത്തതും കൂളറിന്റെ മറ്റൊരു സവിശേഷതയാണ്. ഇത് പരിസ്ഥിതി സൗഹൃദമാണ്. 

4. എയർ കൂളറുകളുടെ കൂളിംഗ് കപ്പാസിറ്റി അളക്കുന്നത് ക്യൂബിക് ഫീറ്റ് പെർ മിനിറ്റിന്റെ (സിഎഫ്എം) അടിസ്ഥാനത്തിലാണ്. ചൂട് കൂടുതലുള്ള സ്ഥലങ്ങളിലാണെങ്കിൽ ഉയർന്ന സിഎഫ്എം കൂളറുകൾ വാങ്ങുന്നതാണ് നല്ലത്. 

5. വാട്ടർ ടാങ്കിന്റെ കപ്പാസിറ്റി മനസിലാക്കിയാൽ മാത്രമേ കൂളർ എത്ര നേരം പ്രവർത്തിക്കുമെന്ന് അറിയാൻ സാധിക്കുകയുള്ളു. കൂടുതൽ കപ്പാസിറ്റി ഉണ്ടെങ്കിൽ കൂളർ ദീർഘ നേരത്തേക്ക് പ്രവർത്തിപ്പിക്കാൻ സാധിക്കും. 

6. ചൂടിൽ നിന്നും സംരക്ഷണം നൽകാൻ മാത്രമല്ല വായുവിന്റെ ഗുണനിലവാരം ഉറപ്പ് വരുത്താനും ഗുണമേന്മയുള്ള കൂളറുകൾക്ക് സാധിക്കും. അതിനാൽ തന്നെ ബിൽറ്റ് ഇൻ എയർ ശുദ്ധീകരണ സംവിധാനങ്ങളുള്ള എയർ കൂളറുകൾ വാങ്ങിക്കാം. 

7. ചൂടില്ലാത്ത സമയങ്ങളിൽ കൂളർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം. കൂളറിൽ നിന്നും ഈർപ്പം ഉണ്ടാവുന്നതിനാൽ തന്നെ അമിതമായി ചൂടിലാത്ത സമയങ്ങളിൽ പ്രവർത്തിപ്പിച്ചാൽ വായുവിലെ ഈർപ്പത്തിന്റെ അളവ് വർധിക്കാൻ സാധ്യതയുണ്ട്.