. മഴ പെയ്യുമ്പോൾ മണ്ണിന്റെ പിഎച്ച് അഥവാ അമ്ലക്ഷാര നിലയിൽ കുറവ് വരുന്നു. ഇതാണ് റംബുട്ടാൻ കൊഴിയാനുള്ള പ്രധാന കാരണമായി കാണുന്നത്.

റംബുട്ടാൻ കഴിക്കാൻ ഇഷ്ടമില്ലാത്തവർ ഉണ്ടാവില്ല. പ്രത്യേകിച്ചും വീട്ടിൽ വളരുന്നതാണെങ്കിൽ അതിന്റെ രുചി വേറെതന്നെയാണ്. വളവും നല്ല പരിചരണവും നൽകി വളർത്തിയാലും മഴ പെയ്തു കഴിഞ്ഞാൽ റംബുട്ടാൻ മരത്തിലെ കായ്കൾ മുഴുവൻ പൊഴിഞ്ഞു പോകുന്നു. ഇത് ഒട്ടുമിക്ക വീടുകളിലെയും പ്രധാന പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ്. മഴ പെയ്യുമ്പോൾ മണ്ണിന്റെ പിഎച്ച് അഥവാ അമ്ലക്ഷാര നിലയിൽ കുറവ് വരുന്നു. ഇതാണ് റംബുട്ടാൻ കൊഴിയാനുള്ള പ്രധാന കാരണമായി കാണുന്നത്. റംബുട്ടാൻ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

പോഷകങ്ങൾ ലഭിക്കണം

ശരിയായ രീതിയിൽ പോഷകങ്ങൾ ലഭിച്ചാൽ മാത്രമേ കായ്കൾ നന്നായി വളരുകയുള്ളൂ. കാൽസ്യം, പൊട്ടാസ്യം എന്നിവയുടെ കുറവ് കായ്കൾ നന്നായി വളരുന്നതിന് തടസ്സങ്ങൾ സൃഷ്ടിക്കുകയും കായ്കൾ കൊഴിഞ്ഞ് പോകാനും കാരണമാകുന്നു. അതേസമയം ഇവ കൂടാനും പാടില്ല. ഇത് മരം നശിച്ച് പോകാൻ വഴിവെക്കുന്നു.

പിഎച്ച് നില നിയന്ത്രിക്കാം

മഴ പെയ്യുമ്പോൾ മണ്ണിന്റെ പിഎച്ച് നില കുറയുന്നത് മൂലമാണ് കായ്കൾ പൊഴിയുന്നത്. അതിനാൽ തന്നെ പിഎച്ച് നില നിലനിർത്താൻ ഡോളോമൈറ്റ് (ചുണ്ണാമ്പുകല്ല്) ഉപയോഗിക്കാം. ഇതിൽ കാൽസ്യം മഗ്‌നീഷ്യം കാർബണേറ്റ് അടങ്ങിയിട്ടുണ്ട്. മരത്തിന്റെ വലിപ്പവും പ്രായവയും മനസിലാക്കിയാവണം ഇത് ഉപയോഗിക്കേണ്ടത്.

കുമിൾനാശിനി സ്പ്രേ ചെയ്യാം

നല്ല രീതിയിൽ കായ്പൊഴിച്ചിൽ ഉണ്ടെങ്കിൽ കുമിൾനാശിനി സ്പ്രേ ചെയ്ത് കൊടുക്കാവുന്നതാണ്. പൊഴിയുന്നതിന്റെ അളവ് അനുസരിച്ച് ഇത് ഉപയോഗിക്കാൻ സാധിക്കും.

കീടങ്ങളെ പ്രതിരോധിക്കാം

കീടങ്ങളെയും രോഗങ്ങളെയും പ്രതിരോധിക്കുന്നതിന് വേണ്ടി മരങ്ങൾ കൃത്യമായ ഇടവേളകളിൽ പരിശോധിക്കേണ്ടത് വളരെ പ്രധാനമാണ്.