അടുക്കളയിൽ സാധാരണമായി കണ്ടുവരുന്ന ഭക്ഷ്യജന്യ രോഗകാരിയാണ് ഇ കോളി എന്ന രോഗാണു. വയറു വേദന, വയറിളക്കം തുടങ്ങി വൃക്കകൾ തകരാറിലാവാൻ വരെ ഇത് കാരണമാകുന്നു. ഈ അബദ്ധങ്ങൾ ഒഴിവാക്കാം.

ആരോഗ്യം എപ്പോഴും നിലനിർത്തുന്നതിന് വൃത്തിയുള്ള അടുക്കള നിർബന്ധമാണ്. എന്നാൽ ചെറിയ അബദ്ധങ്ങൾ പോലും വലിയ പ്രശ്നങ്ങൾക്ക് വഴിയൊരുക്കും. അടുക്കളയിൽ സാധാരണമായി കണ്ടുവരുന്ന ഭക്ഷ്യജന്യ രോഗകാരിയാണ് ഇ കോളി എന്ന രോഗാണു. വയറു വേദന, വയറിളക്കം തുടങ്ങി വൃക്കകൾ തകരാറിലാവാൻ വരെ ഇത് കാരണമാകുന്നു. ഭക്ഷണം, വെള്ളം, വൃത്തിയില്ലായ്മ തുടങ്ങിയ സാഹചര്യങ്ങളിൽ നിന്നുമാണ് ഇത് ഉണ്ടാകുന്നത്. അടുക്കളയിൽ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാണ്.

കൈകൾ കഴുകണം

കൈകൾ എപ്പോഴും കഴുകി വൃത്തിയോടെ സൂക്ഷിക്കാൻ ശ്രദ്ധിക്കണം. ബാത്‌റൂമിൽ പോയതിന് ശേഷം, ഭക്ഷണം പാകം ചെയ്തു കഴിഞ്ഞാൽ തുടങ്ങി എന്തുജോലികൾ ചെയ്താലും കൈകൾ കഴുകാൻ മറക്കരുത്. അടുക്കള കൗണ്ടർടോപുകൾ, പാത്രങ്ങൾ, കട്ടിങ് ബോർഡ് എന്നിവയിലും അണുക്കൾ ഉണ്ടാവാം. കുറഞ്ഞത് 20 സെക്കൻഡ് എങ്കിലും സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകേണ്ടതുണ്ട്.

വേവിക്കാത്ത ഭക്ഷണങ്ങൾ കഴിക്കുന്നത്

പച്ചയോടെയോ ശരിക്കും പാകമാകാത്ത രീതിയിലോ ഉള്ള ഭക്ഷണങ്ങൾ കഴിക്കാൻ പാടില്ല. പ്രത്യേകിച്ചും നന്നായി പാകമാകാത്ത ഇറച്ചി കഴിക്കുന്നത് ഒഴിവാക്കണം. ഇതിൽ ഇ കോളി ഉണ്ട്. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിയൊരുക്കുന്നു.

പഴങ്ങളും പച്ചക്കറികളും കഴുകാത്തത്

പച്ചക്കറികളിലും പഴങ്ങളിലും എപ്പോഴും അഴുക്കും അണുക്കളും ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ തന്നെ ഉപയോഗിക്കുന്നതിന് മുമ്പ് ഒഴുകുന്ന വെള്ളത്തിൽ നന്നായി കഴുകണം. സാധ്യമെങ്കിൽ തൊലി കളഞ്ഞ് വൃത്തിയാക്കാം. ശരിയായ രീതിയിൽ വൃത്തിയാക്കിയില്ലെങ്കിൽ പച്ചക്കറികളിലും പഴങ്ങളിലും അണുക്കൾ തങ്ങി നിൽക്കും.

ഭക്ഷണത്തെ സൂക്ഷിക്കുന്ന രീതി

ഭക്ഷണ സാധനങ്ങൾ അതിന്റേതായ രീതിയിലാവണം സൂക്ഷിക്കേണ്ടത്. ഇല്ലെങ്കിൽ ഇതിൽ അണുക്കൾ വളരുകയും ഭക്ഷണം പെട്ടെന്ന് കേടായിപ്പോവുകയും ചെയ്യുന്നു. ഇറച്ചി, ക്ഷീര ഉത്പന്നങ്ങൾ, പാകമാക്കിയ ഭക്ഷണങ്ങൾ എന്നിവ ശരിയായ രീതിയിൽ സൂക്ഷിക്കാൻ ശ്രദ്ധിക്കണം. ബാക്കിവന്ന ഭക്ഷണങ്ങൾ രണ്ട് മണിക്കൂറിൽ കൂടുതൽ പുറത്ത് വയ്ക്കാൻ പാടില്ല. ഇവ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണ് ഉചിതം.

ശുദ്ധമല്ലാത്ത വെള്ളം കുടിക്കുന്നത്

ശുദ്ധമല്ലാത്ത വെള്ളം കുടിക്കുന്നതിലൂടെ രോഗാണുക്കൾ ശരീരത്തിൽ പ്രവേശിക്കുകയും അതുമൂലം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. എപ്പോഴും ശുദ്ധീകരിച്ച വെള്ളം മാത്രം കുടിക്കാൻ ശ്രദ്ധിക്കണം. നീന്തൽ കുളം, കായൽ തുടങ്ങിയ സ്ഥലങ്ങളിൽ ഇറങ്ങുമ്പോഴും വെള്ളം ഉള്ളിലേക്ക് പോകാതെ നോക്കേണ്ടതുണ്ട്.