അൽപ നേരത്തെ ആയുസ്സ് മാത്രമാണ് ഇതിനുള്ളതെങ്കിലും കുറച്ച് നേരത്തേയ്ക്ക് ഇതിന്റെ ശല്യം സഹിക്കാനേ കഴിയില്ല. അമിതമായി പ്രകാശം ഉണ്ടാകുമ്പോഴാണ് ഇത്തരത്തിൽ പ്രാണികൾ വരുന്നത്. ഈയലിനെ തുരത്താൻ ഇങ്ങനെ ചെയ്യൂ.
മഴപെയ്‌താൽ ഒട്ടുമിക്ക വീടുകളിലെയും സ്ഥിരം പ്രശ്നമാണ് ലൈറ്റുകൾക്ക് ചുറ്റും ഈയൽ വരുന്നത്. അൽപ നേരത്തെ ആയുസ്സ് മാത്രമാണ് ഇതിനുള്ളതെങ്കിലും കുറച്ച് നേരത്തേയ്ക്ക് ഇതിന്റെ ശല്യം സഹിക്കാനേ കഴിയില്ല. വെളിച്ചം കാണുന്നിടത്തെല്ലാം സ്ഥിരം ഈയൽ ഉണ്ടാകും. വീട്ടിൽ വരുന്ന ഈയലിനെ തുരത്താൻ ഇങ്ങനെ ചെയ്തു നോക്കൂ.
എൽ.ഇ.ഡി ലൈറ്റുകൾ ഉപയോഗിക്കാം
പ്രകാശം കൂടിയ വെളിച്ചമാണ് ഈയലിന് ആവശ്യം. അതിനാൽ തന്നെ ഇത്തരം വെളിച്ചങ്ങൾ ലക്ഷ്യമാക്കി ഈയൽ വന്നുകൊണ്ടേയിരിക്കും. ഇവയെ തുരത്താൻ സാധാരണ ലൈറ്റുകൾക്ക് പകരം എൽ.ഇ.ഡി ലൈറ്റുകൾ ഉപയോഗിക്കാം. വാം ലൈറ്റുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഇത് ഈച്ചകളെയും മറ്റു കീടങ്ങളെയും അകറ്റി നിർത്താൻ സഹായിക്കുന്നു. ബാൽക്കണി, ടെറസ്, വീടിന്റെ പരിസരങ്ങളിലൊക്കെ എൽ.ഇ.ഡി ലൈറ്റ് ഇടുന്നതാണ് നല്ലത്.
സുഗന്ധതൈലങ്ങൾ ഉപയോഗിക്കാം
പ്രാണികളെ തുരത്താൻ സുഗന്ധതൈലങ്ങൾ ഉപയോഗിക്കുന്നത് നല്ലതാണ്. കർപ്പൂര തൈലം, ലാവണ്ടർ, യൂക്കാലിപ്റ്റസ്, സിട്രോണെല്ല തുടങ്ങിയവ ഇതിനായി ഉപയോഗിക്കാവുന്നതാണ്. വെള്ളത്തിൽ സുഗന്ധതൈലം ചേർത്ത് വാതിൽ, ജനാല എന്നിവിടങ്ങളിൽ സ്പ്രേ ചെയ്താൽ മതി. ഇത് പ്രാണികൾ വരുന്നതിനെ തടയുന്നു.
ലൈറ്റിന്റെ സ്ഥാനം
ലൈറ്റുകൾ ഇടുന്നതിന്റെ സ്ഥാനം അനുസരിച്ച് പ്രാണികൾ വരുന്നതിനെ തടയാൻ സാധിക്കും. ഇരിക്കുന്ന സ്ഥലങ്ങൾ, പ്രധാന കവാടങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ അമിതമായി പ്രകാശമുള്ള ലൈറ്റുകൾ ഉപയോഗിക്കാൻ പാടില്ല. ഇത്തരം സ്ഥലങ്ങളിൽ വാം ലൈറ്റുകൾ ഉപയോഗിക്കുന്നതാണ് ഉചിതം.
മാലിന്യങ്ങൾ നീക്കം ചെയ്യാം
വീടിന്റെ പരിസരത്ത് മാലിന്യങ്ങൾ കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കാം. വെള്ളം കെട്ടിനിൽക്കുക, ചവറുകൾ കൂടികിടക്കുക, കാടുപിടിച്ച ചെടികൾ എന്നിവ ഒഴിവാക്കാൻ ശ്രദ്ധിക്കണം. ഇത് പ്രാണികളെ ആകർഷിക്കുകയും അവ വീടുവിട്ടു പോകാതാവുകയും ചെയ്യുന്നു. അതിനാൽ തന്നെ വീടും പരിസരവും എപ്പോഴും വൃത്തിയോടെ സൂക്ഷിക്കാൻ ശ്രദ്ധിക്കണം.
ആവശ്യമില്ലാത്ത ലൈറ്റുകൾ
ആവശ്യമില്ലാത്ത ലൈറ്റുകൾ ഓഫ് ചെയ്യണം. എല്ലാ ലൈറ്റുകളും ഒരുമിച്ചിടുമ്പോൾ പ്രാണികളുടെ ശല്യം വർധിക്കുന്നു. അതിനാൽ തന്നെ ഉപയോഗം അനുസരിച്ച് ലൈറ്റുകൾ സ്ഥാപിക്കാൻ ശ്രദ്ധിക്കണം.


