ഓരോ ഉപയോഗം കഴിയുമ്പോഴും മൈക്രോവേവ് കഴുകി വൃത്തിയാക്കാൻ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ പിന്നീട് വൃത്തിയാക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നു.
അടുക്കളയിലെ ഒരാവശ്യ വസ്തുവായി ഓവൻ മാറിക്കഴിഞ്ഞിരിക്കുന്നു. ഇത് വന്നതോടെ പാചകം എളുപ്പമായിട്ടുണ്ട്. എന്നാൽ മൈക്രോവേവ് വൃത്തിയാക്കുന്നത് കുറച്ചധികം സമയം ചിലവഴിക്കേണ്ടി വരുന്ന കാര്യമാണ്. ഓരോ ഉപയോഗം കഴിയുമ്പോഴും മൈക്രോവേവ് കഴുകി വൃത്തിയാക്കാൻ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ ഇതിൽ അഴുക്കും ഭക്ഷണാവശിഷ്ടങ്ങളും പറ്റിയിരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. മൈക്രോവേവ് എളുപ്പം വൃത്തിയാക്കാൻ ഇങ്ങനെ ചെയ്താൽ മതി.
- നാരങ്ങ ഉപയോഗിച്ച് മൈക്രോവേവ് എളുപ്പം വൃത്തിയാക്കാൻ സാധിക്കും. നാരങ്ങയുടെ അസിഡിറ്റി പറ്റിപ്പിടിച്ച കറയെയും അണുക്കളെയും എളുപ്പം ഇല്ലാതാക്കുന്നു.
2. മൈക്രോവേവിൽ ഉപയോഗിക്കുന്ന പാത്രത്തിൽ കുറച്ച് വെള്ളമെടുക്കണം. ശേഷം അതിലേക്ക് നാരങ്ങ പിഴിഞ്ഞൊഴിക്കാം.
3. ഇത് മൈക്രോവേവിൽ വെച്ച് നന്നായി തിളപ്പിക്കണം. കുറഞ്ഞത് 3 മിനിറ്റ് എങ്കിലും വെള്ളം ചൂടാക്കേണ്ടതുണ്ട്. ഇതിൽ നിന്നും ഉണ്ടാകുന്ന ആവി മൈക്രോവേവിനുള്ളിൽ തങ്ങി നിൽക്കുന്ന അഴുക്കിനെയും കറയെയും എളുപ്പം ഇല്ലാതാക്കാൻ സഹായിക്കുന്നു. അതേസമയം ചൂടാക്കുന്ന സമയത്ത് മൈക്രോവേവിന്റെ ഡോർ അടച്ച് തന്നെ സൂക്ഷിക്കാൻ ശ്രദ്ധിക്കണം.
4. വെള്ളം നന്നായി ചൂടാക്കിയതിന് ശേഷം മൈക്രോവേവ് ഓഫ് ചെയ്യാം. എന്നാൽ ഉടനെ ഡോർ തുറക്കാൻ പാടില്ല. കുറച്ച് നേരം അങ്ങനെ തന്നെ വെച്ചതിന് ശേഷം പാത്രം പുറത്തെടുക്കാവുന്നതാണ്. ശേഷം മൃദുലമായ തുണി ഉപയോഗിച്ച് മൈക്രോവേവ് നന്നായി തുടച്ചെടുക്കാം.
5. ഉപയോഗം കഴിഞ്ഞതിന് ശേഷം അപ്പോൾ തന്നെ മൈക്രോവേവ് വൃത്തിയാക്കാൻ ശ്രദ്ധിക്കണം. ഭക്ഷണാവശിഷ്ടങ്ങൾ കൂടുതൽ നേരം പറ്റിപ്പിടിച്ചിരിക്കുമ്പോൾ വൃത്തിയാക്കൽ ജോലി ബുദ്ധിമുട്ടാകുന്നു.


