വീടിനുള്ളിൽ കൂടുതൽ രോമം കൊഴിയുന്നതും, തറയിൽ ചെളി നിറഞ്ഞ കാൽപ്പാടുകൾ കാണുന്നതും മഴക്കാലത്ത് പതിവാണ്.

മഴക്കാലം ആരംഭിക്കുന്നതോടെ വളർത്തുമൃഗങ്ങളുടെ പരിപാലനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതായി വരുന്നു. വേനൽച്ചൂടിൽ നിന്ന് മാറി അന്തരീക്ഷത്തിൽ ഈർപ്പം വർധിക്കുമ്പോൾ വളർത്തുമൃഗങ്ങളിൽ പലവിധത്തിലുള്ള മാറ്റങ്ങളും പ്രകടമാകും. വീടിനുള്ളിൽ കൂടുതൽ രോമം കൊഴിയുന്നതും, തറയിൽ ചെളി നിറഞ്ഞ കാൽപ്പാടുകൾ കാണുന്നതും ഈ സമയത്ത് പതിവാണ്. എന്നാൽ ഈ മാറ്റങ്ങൾ നമ്മളും വളർത്തുമൃഗങ്ങളും ഒരുമിച്ച് താമസിക്കുന്ന വീടിനുള്ളിലെ അന്തരീക്ഷത്തെ എങ്ങനെ ബാധിക്കുന്നു എന്നത് പലപ്പോഴും ശ്രദ്ധിക്കപ്പെടാറില്ല. മഴക്കാലത്ത് മൃഗങ്ങളെ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്.

1. മൃഗങ്ങളുടെ രോമം പൂർണ്ണമായി ഷേവ് ചെയ്യാതിരിക്കുക

രോമകൊഴിച്ചിൽ കുറയ്ക്കാൻ മൃഗങ്ങളുടെ രോമം പൂർണ്ണമായി ഷേവ് ചെയ്യുന്നത് ഒരു എളുപ്പവഴിയായി തോന്നാമെങ്കിലും അതൊരു ശാശ്വത പരിഹാരമല്ല. കാരണം, മാറുന്ന കാലാവസ്ഥയിൽ അവരെ സംരക്ഷിക്കുന്ന പ്രകൃതിദത്ത കവചമാണ് അവയുടെ രോമങ്ങൾ. ഇവ കൃത്യമായി ബ്രഷ് ചെയ്ത് കൊടുക്കുകയാണ് വേണ്ടത്.

2. വീടിനുള്ളിൽ എത്തുന്ന അദൃശ്യ കണങ്ങളെ ചെറുക്കുക

വളർത്തുമൃഗങ്ങളുടെ രോമം മാത്രമല്ല അലർജിക്ക് കാരണം. അവയുടെ ശരീരത്തിലൂടെ വീടിനുള്ളിലെത്തുന്ന അദൃശ്യമായ താരൻ, ബാക്ടീരിയ, പൂമ്പൊടി തുടങ്ങിയവയാണ് പ്രധാന വില്ലന്മാർ. അതിനാൽ ഇത്തരം സാഹചര്യങ്ങളിൽ എയർ പ്യൂരിഫയറുകൾ ഉപയോഗിക്കുന്നത് വീടിനുള്ളിലെ വായു ശുദ്ധീകരിക്കാൻ ഗുണം ചെയ്യും.

3. വളർത്തുമൃഗങ്ങളെ കിടത്തുന്ന മുറി വൃത്തിയായി സൂക്ഷിക്കുക

വളർത്തുമൃഗങ്ങൾ കൂടുതൽ സമയവും വിശ്രമിക്കാൻ ചെലവഴിക്കുന്നത് അവയുടെ കിടക്കയിലോ അല്ലെങ്കിൽ സോഫയിലോ ആയിരിക്കും. ഇത്തരം സ്ഥലങ്ങളിൽ രോമങ്ങളും താരനും പൊടിയും അടിഞ്ഞുകൂടാൻ സാധ്യത കൂടുതലാണ്. അതിനാൽ ഇവരുടെ കിടക്കകളും വിരിപ്പുകളും കൃത്യമായി കഴുകി വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്.

4. വാക്വം ക്ലീനറുകളുടെ കൃത്യമായ ഉപയോഗം

വീടും മൃഗങ്ങൾ വിശ്രമിക്കുന്ന ഇടങ്ങളും വൃത്തിയാക്കാൻ വാക്വം ക്ലീനർ പോലുള്ളവ ഉപയോഗിക്കാവുന്നതാണ്. ഇത് വീടിനുള്ളിലെ ശുചിത്വം ഉറപ്പുവരുത്തും.

5. പുറത്തുപോയി വരുമ്പോൾ കാലുകൾ വൃത്തിയാക്കുക

മഴയത്ത് പുറത്തുപോയി വരുമ്പോൾ മൃഗങ്ങളുടെ നനഞ്ഞ കാലുകളിലൂടെ ചെളി മാത്രമല്ല, പുറത്തുനിന്നുള്ള പൊടിയും പൂമ്പൊടിയും ഇലകളും വീടിനുള്ളിൽ പ്രവേശിക്കാം. അതിനാൽ ഓരോ തവണ പുറത്തുപോയി വരുമ്പോഴും അവയുടെ പാദങ്ങൾ നന്നായി തുടച്ചു വൃത്തിയാക്കാൻ ശ്രദ്ധിക്കുക.