വിയറ്റ്‌നാം കോളനി എന്ന ചിത്രത്തില്‍ മോഹന്‍ലാലും ഇന്നസെന്റും ചേര്‍ന്ന് മനോഹരമാക്കിയ ഒരു കോമഡിരംഗം ഓര്‍ക്കുന്നുണ്ടോ?  ബ്രാഹ്മണനായ കൃഷ്ണമൂര്‍ത്തി (മോഹന്‍ലാല്‍) താമസിക്കുന്ന വീട്ടിലേക്ക് രാത്രിയില്‍, ഉണക്കമീന്‍ വറുക്കുന്ന മണം വരുന്നു. കൂടെത്താമസിക്കുന്ന ജോസഫിനോട് (ഇന്നസെന്റ്) മൂര്‍ത്തി 'അതെന്ത് നാറ്റമാണ്' എന്ന് ചോദിക്കും. 

അത് നാറ്റമല്ലെന്നും ഉണക്കമീന്‍ വറുക്കുന്ന മണമാണെന്നും ജോസഫ് ആസ്വദിച്ച് പറയുമ്പോള്‍ തിരിച്ച് മൂര്‍ത്തി പറയും, താനൊരു ബ്രാഹ്മണനാണ് ഇവിടെ താമസിക്കുന്നത്, ഈ ജാതി മണമൊന്നും ഇങ്ങോട്ട് വരാന്‍ പാടില്ല എന്ന്. എന്നാല്‍ ഈ വാദത്തിനെ നിഷ്‌കളങ്കമായ മട്ടില്‍ ജോസഫ് എതിര്‍ക്കുന്ന രീതിയാണ് ആ സീനിനെ തന്നെ ഓര്‍മ്മയില്‍ പിടിച്ചുനിര്‍ത്തുന്നത്. 

മണത്തിനോട് ഇവിടെ ഒരു ബ്രാഹ്മണന്‍ താമസിക്കുന്നുണ്ട്, ഇങ്ങോട്ട് വരരുത്, നീ അങ്ങോട്ട് പോകൂ, എന്ന് പറയാനാവില്ലല്ലോ എന്നായിരുന്നു ജോസഫിന്റെ യുക്തിപരമായ വാദം. സംഗതി രസികന്‍ 'കൗണ്ടര്‍' ആയിരുന്നുവെങ്കിലും അതില്‍ നേരത്തേ സൂചിപ്പിച്ചത് പോലെ ആവോളം യുക്തിയും ഒളിച്ചിരിപ്പുണ്ട്. 

ഈ സീനിനെ ഓര്‍മ്മിപ്പിക്കുന്ന സമാനമായൊരു സംഭവമാണ് ഇപ്പോള്‍ ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. ചിത്രത്തിലെ മൂര്‍ത്തിക്ക് പകരം മദ്ധ്യവയസ്‌കയായ സില്ല കാര്‍ഡന്‍ എന്ന സ്ത്രീയാണ് പരാതിക്കാരി. അടുത്ത വീട്ടില്‍ എപ്പോഴും മീന്‍ ബാര്‍ബിക്യു ഉണ്ടാക്കുന്നുണ്ടെന്നും ഇതിന്റെ മണമടിച്ച 'ശുദ്ധ' വെജിറ്റേറിയനായ തനിക്ക് ജീവിക്കാനാകുന്നില്ലെന്നുമാണ് ഇവരുടെ പരാതി. 

വിയറ്റ്‌നാം കോളനിയിലെ മൂര്‍ത്തിയെപ്പോലെ വെറുതെ വായ കൊണ്ടുള്ള പരാതിയല്ല, കാര്‍ഡന്റേത്. അവര്‍ പരാതിയുമായി നേരെ കോടതിയിലേക്കാണ് പോയത്. മീന്‍ മണം കൊണ്ട് തനിക്ക് സ്വന്തം വീട്ടില്‍ ജീവിക്കാനാകുന്നില്ലെന്നും, ഇരുപത്തിനാല് മണിക്കൂറും മീന്‍ മണമാണ് തനിക്ക് അനുഭവപ്പെടുന്നതെന്നും ഇവര്‍ കോടതിയെ ധരിപ്പിച്ചു. 

എന്നാല്‍ തങ്ങള്‍ക്ക് ബോധ്യപ്പെടുന്ന തരത്തിലുള്ള തെളിവുകളൊന്നും ലഭിക്കാത്തതിനാല്‍ പരാതി കണക്കിലെടുക്കാനാകില്ലെന്നാണ് കോടതി അറിയിച്ചത്. അല്ലെങ്കിലും മണത്തിന്റെ പേരിലുള്ള ഒരു പരാതിയില്‍ എന്ത് തെളിവാണ് നല്‍കാനാവുക! കാര്‍ഡന്‍ ആകെ വിഷമിച്ചു. 

എങ്കിലും താന്‍ പിന്നോട്ടില്ലെന്ന് തന്നെയാണ് കാര്‍ഡന്‍ അറിയിക്കുന്നത്. പരാതിയുമായി ഉന്നത കോടതിയെ സമീപിക്കാനാണ് തീരുമാനമെന്ന് ഇവര്‍ അറിയിച്ചിട്ടുണ്ട്. ബാര്‍ബിക്യൂ മണത്തിനെതിരെ മാത്രമല്ല, പുകവലി, കുട്ടികളുടേയും വളര്‍ത്തുമൃഗങ്ങളുടേയും ബഹളം, ലൈറ്റ് എന്നിവയ്‌ക്കെല്ലാമെതിരെയും കാര്‍ഡന്‍ പരാതി നല്‍കിയിട്ടുണ്ട്.

അയല്‍വാസികള്‍ക്കെതിരെ വിചിത്രമായ പരാതികള്‍ നല്‍കിയതിനാല്‍ തന്നെ കാര്‍ഡന്റെ 'നിയമയുദ്ധം' അവിടെ പ്രാദേശികമാധ്യമങ്ങളെല്ലാം ആഘോഷിക്കുകയാണ്. എന്തായാലും ഇനിയും കാര്‍ഡന്റെ പരാതി ഉന്നത കോടതി എത്തരത്തിലാണ് പരിഗണിക്കുകയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.