കുട്ടികൾക്ക് പഠനത്തിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ എന്ന് തിരിച്ചറിയുക. നിങ്ങൾ പറഞ്ഞു കൊടുക്കുന്നത് കുട്ടിക്ക് മനസ്സിലാകുന്നില്ല എങ്കിൽ പഠനത്തിൽ എന്തെങ്കിലും വൈകല്യങ്ങൾ ഉണ്ടോ എന്ന് തിരിച്ചറിയുക.
ഹോംവർക്ക് ചെയ്യിക്കുന്നതിനായി കുട്ടികളെ വിളിച്ചിരിക്കുമ്പോൾ അവർ പഠനത്തോടും പഠിപ്പിക്കുന്നതിനോടും വിമുഖത കാണിച്ച് ശ്രദ്ധിക്കാതിരിക്കുമ്പോൾ ദേഷ്യം തോന്നുക സ്വാഭാവികമാണ്. ക്ഷമ നശിപ്പിക്കുന്ന കുട്ടികളിലെ ഇത്തരം ശീലങ്ങൾ ചില പേരൻസിന് പെട്ടെന്നൊന്നും ഉൾക്കൊള്ളാൻ കഴിയില്ല.
എല്ലാ പാരൻസും ഒരുപോലെ അല്ലാത്തതുകൊണ്ട് ചിലർ കുട്ടികളെ ശകാരിക്കാറുണ്ട്. എന്നാൽ വഴക്കു പറയൽ പരിധി ലംഘിച്ച് ശാരീരിക ഉപദ്രവങ്ങളിൽ എത്തിച്ചേരുകയും കുട്ടിയെ വഴക്കുപറയുന്നതും ഉപദ്രവിക്കുന്നതും കാണുന്ന കുടുംബത്തിലെ മറ്റു അംഗങ്ങൾ പഠിപ്പിക്കുന്ന വ്യക്തിയെ ചോദ്യം ചെയ്യുകയും അതൊരു കുടുംബം വഴക്കായി മാറുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. നിങ്ങൾ കുട്ടിയെ പഠിപ്പിക്കുമ്പോൾ വഴക്കിലേക്ക് എത്തിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇതെല്ലാമാണ്.
1) പഠിപ്പിക്കാൻ തുടങ്ങുന്നതിനു മുൻപ് മക്കൾക്ക് വ്യക്തമായി കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി കൊടുക്കാനുള്ള കഴിവ് നിങ്ങൾക്കുണ്ടോ എന്ന് ആദ്യം സ്വയം വിലയിരുത്തുക. പലപ്പോഴും കുട്ടികളെ ട്യൂഷന് വിട്ടു പണം നഷ്ടപ്പെടുത്താതിരിക്കാൻ ചിലർ മക്കളെ സ്വയം പഠിപ്പിക്കാൻ ശ്രമിക്കാറുണ്ട്, എന്നാൽ പഠിപ്പിക്കാനുള്ള സ്കിൽ ഉണ്ടെങ്കിൽ മാത്രമേ അവരെ പഠിപ്പിക്കുവാൻ കഴിയുകയുള്ളൂ. ഒരു കാര്യം കുട്ടിക്ക് പല ആവർത്തി പറഞ്ഞു കൊടുത്തിട്ടും അതു അവർക്ക് വ്യക്തമായി മനസ്സിലാകുന്നില്ലെങ്കിൽ അവർക്ക് മനസ്സിലാകുന്ന രീതിയിൽ മറ്റേതെങ്കിലും മാർഗ്ഗങ്ങൾ ഉപയോഗിച്ച് പറഞ്ഞു കൊടുക്കാനുള്ള സ്കിൽ നിങ്ങൾക്കുണ്ടായിരിക്കണം. ഇത്തരത്തിലുള്ള സ്കിൽ നിങ്ങൾക്കില്ലെങ്കിൽ മക്കളെ സ്വയം പഠിപ്പിക്കുവാൻ ശ്രമിക്കരുത്. ഇത് മക്കളുടെ ഭാവി ഇല്ലാതാക്കും എന്ന് മാത്രമല്ല കുട്ടിയും നിങ്ങളും തമ്മിലുള്ള അടുപ്പം കുറയ്ക്കുകയും വലിയ വഴക്കിന് കാരണമാവുകയും ചെയ്യും.
2) നിങ്ങൾ ദേഷ്യമുള്ള വ്യക്തിയാണെങ്കിൽ പഠനം ആരംഭിക്കുന്നതിനു മുൻപ് ദേഷ്യം നിയന്ത്രിക്കാൻ ശ്രമിക്കേണ്ടത്. മെഡിറ്റേഷൻ, ബ്രിത്തിങ് എക്സർസൈസ് തുടങ്ങി വിവിധ ശ്വസന വ്യായാമങ്ങളിലൂടെ ദേഷ്യം ഒരു പരിധി വരെ നിയന്ത്രിക്കാവുന്നതാണ്. ഇനി പഠിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ ദേഷ്യം വന്നാൽ ഉടനെ ഒരു ഗ്ലാസ് വെള്ളം/ ജ്യൂസ് കുടിക്കുകയോ,, മുഖം കഴുകുകയോ ബ്രെയിൻ ബ്രേക്ക് എടുക്കുകയോ ചെയ്യാം.
3) പഠനത്തിനിടയിൽ കുട്ടികൾക്ക് ബ്രേക്ക് നൽകുക. ചില കുട്ടികളിൽ ശ്രദ്ധക്കുറവ്, ഹൈപ്പർ ആക്ടിവിറ്റി, പക്വതക്കുറവ്, പഠനപ്രശ്നങ്ങൾ തുടങ്ങിയവ കാണാറുണ്ട്.. ഇത്തരത്തിലുള്ള കുട്ടികളെ പഠിപ്പിക്കുമ്പോൾ വളരെ അധികം സമയം പറഞ്ഞു കൊടുക്കേണ്ടി വരും. ഇങ്ങനെയുള്ള സാഹചര്യത്തിൽ പറഞ്ഞു കൊടുക്കുന്ന വ്യക്തിയുടെ ക്ഷമ കുറയാൻ സാധ്യതയുണ്ട്. അതുകൊണ്ട് പഠിപ്പിക്കുമ്പോൾ 15 മിനിറ്റിനു ശേഷം 5 മിനിറ്റ് ബ്രേക്ക് നൽകാൻ ശ്രമിക്കുക. ഇത്തരത്തിൽ കൃത്യമായ ഇടവേളകളിൽ ബ്രേക്ക് നൽകുന്നതിലൂടെ പഠനത്തിനിടയിൽ ഉണ്ടാകുന്ന അസ്വസ്ഥതകൾ, പിരിപിരുപ്പ് എന്നിവ കുറയ്ക്കാൻ കഴിയുകയും ഒരേ എനർജിയിൽ തന്നെ ക്ലാസ് എടുത്ത് പോകുവാനും സാധിക്കും.
കുസൃതിക്കാരായ ചില കുട്ടികൾ എപ്പോൾ പഠിപ്പിക്കുവാൻ തുടങ്ങുന്നു ആ സമയം അവർ മറ്റു വിശേഷങ്ങൾ പറഞ്ഞു പഠനത്തിൽ നിന്നും ശ്രദ്ധ തിരിക്കാൻ ശ്രമിക്കും ഇത്തരത്തിൽ വിശേഷങ്ങൾ പറഞ്ഞു തുടങ്ങുമ്പോൾ പാരന്റ്സിന് ദേഷ്യം വരും .അതുകൊണ്ട് കൃത്യമായ നിർദ്ദേശങ്ങൾ അവർക്ക് നൽകുക. ഇനി സംസാരിക്കുന്നുണ്ടെങ്കിൽ 15മിനിറ്റിനു ശേഷമുള്ള ബ്രേക്കിൽ മാത്രമേ സംസാരിക്കാൻ കഴിയൂ എന്ന് സംസാരത്തെ വിലക്കുകയും റൂൾസ് കറക്റ്റ് ആയി ഫോളോ ചെയ്യുവാൻ ഇരുകൂട്ടരും ശ്രമിക്കുകയും വേണം.
4) കുട്ടികൾക്ക് പഠനത്തിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ എന്ന് തിരിച്ചറിയുക. നിങ്ങൾ പറഞ്ഞു കൊടുക്കുന്നത് കുട്ടിക്ക് മനസ്സിലാകുന്നില്ല എങ്കിൽ പഠനത്തിൽ എന്തെങ്കിലും വൈകല്യങ്ങൾ ഉണ്ടോ എന്ന് തിരിച്ചറിയുക. എഴുത്ത് വായന കണക്ക് സ്പെല്ലിംഗ്, വായിക്കുന്നത് മനസ്സിലാക്കാനുള്ള കഴിവ് ഇവയിൽ ഏതെങ്കിലും ഭാഗങ്ങളിൽ നിങ്ങളുടെ കുട്ടികൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കിൽ അതു മാറ്റിയെടുക്കുന്നതിന് ചൈൽഡ് സൈക്കോളജിസ്റ്റുകളുടെ സേവനം തേടേണ്ടതാണ്.


