ലോക്ക്ഡൗൺ കാലം മാനസിക സമ്മര്‍ദ്ദം നേരിട്ടിരുന്നവര്‍ക്ക് പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകാന്‍ സാധ്യതയുള്ള സമയമാണ്. ജോലിയില്‍ ബിസിയായിരുന്ന കാരണത്താല്‍ ജീവിതത്തിലെ പ്രശ്നങ്ങളെപ്പറ്റിയൊന്നും അധികം ചിന്തിക്കാതെയിരുന്നവര്‍ക്ക് ഇപ്പോള്‍ മുഴുവന്‍ സമയവും വീട്ടില്‍തന്നെ ഇരിക്കുമ്പോള്‍ ധാരാളം നെഗറ്റീവ് ചിന്തകള്‍ മനസ്സിനെ അസ്വസ്ഥമാക്കുന്ന അവസ്ഥയുണ്ടാവാം. 

ഈ സാഹചര്യത്തിൽ സ്വാഭാവികമായും എല്ലാവരിലും മാനസിക സമ്മര്‍ദ്ദത്തിനുള്ള സാധ്യത കൂടുതലാണ്. പൊതുവേ   സമ്മര്‍ദ്ദമുള്ള ആളുകള്‍ ഈ സമയത്ത് മനസ്സ് കൂടുതല്‍ അസ്വസ്ഥമാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. സാമ്പത്തിക അച്ചടക്കമില്ലാത്ത ആളുകളില്‍ ഈ സമയം മാനസിക സമ്മര്‍ദ്ദം അധികമാവും. ജീവിതത്തില്‍ എല്ലാ കാര്യങ്ങളിലും എന്നപോലെ സാമ്പത്തിക കാര്യത്തിലും അച്ചടക്കം പാലിക്കേണ്ടതിന്‍റെ ആവശ്യകത എന്തെന്ന് പഠിക്കാന്‍ ഈ ലോക്ഡൗണ്‍ കാലത്ത് കഴിയണം.

നിങ്ങള്‍ എന്തും നെഗറ്റീവായാണോ ചിന്തിക്കുന്നത്; കാരണം ഇതാണ്...

“മടുത്തു, എന്തിനാണ് ജീവിക്കുന്നത്” എന്നെല്ലാമുള്ള ചിന്തകള്‍ മനസ്സിലേക്ക് നിരന്തരം കടന്നുവരുന്നു എങ്കില്‍ മനസ്സ് വിഷാദ അവസ്ഥയിലേക്ക് പോയിരിക്കുന്നു എന്നതിന്‍റെ ലക്ഷണങ്ങളാണ് എന്നു മനസ്സിലാക്കുക. ഇങ്ങനെയൊക്കെ ചിന്തിക്കാനുള്ള കാരണങ്ങള്‍ എന്തെല്ലാം എന്നു സ്വയം തിരിച്ചറിയുക. നിങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ സാഹചര്യങ്ങളൊക്കെ യാഥാര്‍ത്ഥത്തില്‍ ഒരു രീതിയിലും മാറ്റിയെടുക്കാന്‍ കഴിയാത്തതാണോ അതോ അമിതമായി ചിന്തിച്ചുകൂട്ടി അമിതമായി ദു:ഖിക്കുന്ന അവസ്ഥയാണോ ഉള്ളത് എന്നു സ്വയം മനസ്സിലാക്കാന്‍ ശ്രമിക്കുക. 

ലോക്ക്ഡൗണ്‍ സ്ത്രീകള്‍ക്ക് തിരിച്ചടി; കണക്കുകള്‍ പുറത്തുവിട്ട് വനിതാ കമ്മീഷന്‍...

പലപ്പോഴും അമിതമായി വിഷമിക്കുന്നതിനുള്ള കാരണം നമ്മുടെ ചിന്തകള്‍ തന്നെയാണ്. അതിനാല്‍ അമിതമായി ചിന്തിച്ചു മനസ്സിന്‍റെ സമാധാനം നഷ്ടപ്പെടുത്താതെ ശ്രദ്ധിക്കാം. എപ്പോഴും തിരക്കായിരിക്കാൻ ശ്രമിക്കുക. പലപ്പോഴും നമ്മുടെ സങ്കടങ്ങള്‍ക്ക് കാരണം മുന്‍പ് നടന്ന സംഭവങ്ങള്‍ വീണ്ടും വീണ്ടും ചിന്തിക്കുന്നതോ മറ്റാരെങ്കിലും നമ്മളെ വിഷമിപ്പിച്ചതിന്‍റെ ഓര്‍മ്മകള്‍ കാലങ്ങളോളം മങ്ങാതെ മനസ്സില്‍ നില്‍ക്കുന്നതൊക്കെ ആയിരിക്കും. 

എപ്പോഴും നെ​ഗറ്റീവ് ചിന്തകൾ കൊണ്ട് ജീവിക്കുന്ന നിരവധി പേരുണ്ട്. വീണ്ടും വീണ്ടും അവയെല്ലാം ചിന്തിക്കുന്നത് മനസ്സിനെ കൂടുതല്‍ വിഷമിപ്പിക്കുക മാത്രമല്ല മുന്നോട്ടുള്ള ജീവിതം മെച്ചപ്പെടുത്തിയെടുക്കാനുള്ള ശ്രമംപോലും നടത്താത്ത രീതിയില്‍ മനസ്സിനെ അത്രകണ്ട് ഈ ചിന്തകള്‍ തളര്‍ത്തിക്കളയും. 

ലോക്ക്ഡൗണ്‍ കാലത്ത് 'ഫിറ്റ്നസ്' ശ്രദ്ധിക്കാം; വീഡിയോ പങ്കുവെച്ച് സുസ്മിത സെന്‍...

ഈ ലോക്ഡൗൺ കാലം കൂടുതല്‍ സങ്കടപ്പെടാനല്ല, ഇതുവരെ ചിന്തിച്ചതില്‍ നിന്നും വ്യത്യസ്തമായി വളരെ പോസിറ്റീവായി ചിന്തിച്ചു തുടങ്ങാന്‍ വിനിയോഗിക്കാം. വളരെ പ്രചോദനകരമായ പുസ്തകങ്ങള്‍ വായിച്ചു തുടങ്ങാം. മനസ്സ് വിഷാദത്തിലേക്ക് വീണുപോകുന്നതിനു മുന്‍പുള്ള കാലങ്ങളില്‍ എന്തെല്ലാമായിരുന്നോ മനസ്സിന് സന്തോഷം നൽകിയിരുന്നത്, അതെല്ലാം വീണ്ടും ആരംഭിക്കാം. അത് പാട്ടുകള്‍ കേള്‍ക്കുന്നതായിരിക്കാം, വായനയോ, ചിത്രം വരയ്ക്കുന്നതോ അങ്ങനെ എന്തുമായിക്കൊള്ളട്ടെ അവയെല്ലാം ഈ സമയം പുനരാരംഭിക്കാം. എല്ലാ ദിവസവും അവയ്ക്കായി ഒരു കൃത്യ സമയം പാലിക്കാം. അമിതമായ നെഗറ്റീവ് ചിന്തകളില്‍ നിന്നും ഒഴിഞ്ഞു നിൽക്കാന്‍ അവ സഹായിക്കുമെന്ന് ഉറപ്പ്. 

മറ്റുള്ളവരുമായി താരതമ്യം ചെയ്തു സങ്കടപ്പെടുന്ന രീതി ഒഴിവാക്കുക. മറ്റുള്ളവര്‍ എല്ലാവരും മികച്ചവര്‍ ആണ് എന്നും ഞാന്‍ മാത്രം ഒരു പരാജയം ആണ് എന്നും തോന്നാനുള്ള പ്രധാന കാരണം എപ്പോഴും സ്വയം വിലകുറച്ചു കാണുകയും സ്വന്തം നന്മകളെ കാണാതെ പോകുന്നതും ആണ്. അത്തരം ഒരു വലിയ തിരിച്ചറിവ് ഈ സമയം നേടിയെടുക്കാം. 

സ്വയം വിലകുറച്ചു കാണുന്നതും, സ്വയം വിലകുറച്ചു പറയുന്നതും (negative self talk) അവസാനിപ്പിക്കുക. സ്വന്തം രൂപത്തെയും ഭാവത്തെയും സാഹചര്യത്തെയും പരിപൂര്‍ണ്ണമായും അംഗീകരിക്കാന്‍ നമുക്ക് കഴിഞ്ഞാല്‍ മറ്റുള്ളവരിലേക്ക് കൂടുതല്‍ ശ്രദ്ധവച്ച് നമ്മുടെ ഉള്ളിലെ വ്യക്തിയെ തിരിച്ചറിയാതെപോകുന്ന അവസ്ഥ നമുക്ക് ഒഴിവാക്കാനാകും. 

ലോക് ഡൗൺ കാലത്ത് ചെയ്യേണ്ട 6 ഈസി വ്യായാമങ്ങൾ...

എപ്പോഴും പ്രശ്നങ്ങളെപ്പറ്റി മാത്രം ചിന്തിക്കുന്നതുകൊണ്ട് മനസ്സിന്‍റെ സമാധാനം നഷ്ടപ്പെടുത്താം എന്നല്ലാതെ അതുകൊണ്ട് പ്രയോജനം ഒന്നുമില്ല. മറിച്ച് എന്‍റെ മനസ്സിനെ സമാധാനത്തിലേക്ക് കൊണ്ടുവരാന്‍ എനിക്കെന്ത് ചെയ്യാം എന്ന പുതിയ ചിന്ത മനസ്സിലേക്ക് കൊണ്ടുവരാന്‍ ഈ ലോക്ക് ഡൗണ്‍ കാലം ശ്രമിക്കാം. ഒരു ചെറിയ ശ്രമം എങ്കിലും നടത്തുന്നതും ഒരിക്കലും ശ്രമിച്ചു നോക്കിയിട്ടില്ലാത്തതും തമ്മില്‍ വലിയ വ്യത്യാസം ഉണ്ട്. വ്യക്തമായ ഒരു തീരുമാനം ചില കാര്യങ്ങളില്‍ എടുക്കാന്‍ കഴിയാത്തതാണ് ഇപ്പോഴത്തെ സങ്കടങ്ങള്‍ക്ക് കാരണമെങ്കില്‍ ധൈര്യപൂര്‍വ്വം തീരുമാനങ്ങള്‍ എടുക്കാനും ഈ സമയം കഴിയട്ടെ...

എഴുതിയത്:
പ്രിയ വര്‍ഗീസ് (M.Phil, MSP)
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് (RCI Registered)
Telephone consultation only
Call: 8281933323