എപ്പോഴും ഒന്നാമതെത്താൻ പഠിക്കുന്ന കുട്ടി ചിലപ്പോൾ ഒരു ചെറിയ പരാജയം പോലും നേരിടാൻ പ്രാപ്തിയില്ലാതെ തളർന്നുപോകാറുണ്ട്. അതുകൊണ്ട് ചെറിയ പരാജയങ്ങളും കുട്ടികൾ അറിയേണ്ടത് പ്രധാനമാണ്.
നമ്മുടെ സമൂഹത്തിൽ കുട്ടികളുടെ പഠനത്തിന് കൊടുക്കുന്ന പ്രാധാന്യം ചില സമയങ്ങളിൽ അമിതമായി പോകുന്നു എന്ന് തോന്നാറുണ്ടോ? ജോലി ലഭിക്കാനും നന്നായി ജീവിക്കാനും വിദ്യാഭ്യാസം എന്നത് ആവശ്യം തന്നെയാണ്. പക്ഷേ ഓരോ കുട്ടികൾക്കും പഠിക്കാനുള്ള കഴിവ് വ്യത്യസ്തമാണ് എന്നതിനാൽ മാതാപിതാക്കൾ മക്കളുടെ പഠനത്തെപ്പറ്റി ഉത്കണ്ഠ കുറയ്ക്കാൻ ചില കാര്യങ്ങൾ മനസ്സിലാക്കണം.
ഒരു സൈക്കോളജിസ്ററ് എന്ന നിലയിൽ പല കുട്ടികളെയും കാണുന്നതിന്റെ അടിസ്ഥാനത്തിൽ പറയട്ടെ. നന്നായി പഠിക്കുന്ന കുട്ടികളും ജീവിതത്തിൽ സന്തോഷം ഉള്ളവരാണോ, മികച്ച നിലയിൽ എത്തുന്നുണ്ടോ എന്നു ചോദിച്ചാൽ അത് അങ്ങനെ അല്ല എന്നാണ് പറയാനുള്ളത്.
എപ്പോഴും ഒന്നാമതെത്താൻ പഠിക്കുന്ന കുട്ടി ചിലപ്പോൾ ഒരു ചെറിയ പരാജയം പോലും നേരിടാൻ പ്രാപ്തിയില്ലാതെ തളർന്നുപോകാറുണ്ട്. അതുകൊണ്ട് ചെറിയ പരാജയങ്ങളും കുട്ടികൾ അറിയേണ്ടത് പ്രധാനമാണ്.
പഠനകാര്യത്തിൽ നമ്മുടെ കുട്ടികളെ മറ്റു കുട്ടികളുമായി താരതമ്യം ചെയ്യുന്ന രീതി ചിലപ്പോൾ ഉണ്ടാകും. എന്നാൽ ഇത് അമിതമാകാതെ സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. പഠനത്തിൽ ഒന്നാമതല്ലെങ്കിലും നല്ല പെരുമാറ്റമുള്ള കുട്ടിയാണ് എങ്കിൽ അവന്റെ നന്മയെ നമ്മൾ കാണാതെ പോകരുത്. എപ്പോഴും മറ്റുകുട്ടികളുമായി താരതമ്യം ചെയ്യുന്നത് കുട്ടിയുടെ ആത്മവിശ്വാസത്തെ തകർക്കും.
ഒരുപാട് മാർക്ക് സ്കോർ ചെയ്യുന്നതിലും ഉപരിയായി പ്രാക്ടിക്കൽ ആയി കാര്യങ്ങളെ കൈകാര്യം ചെയ്യാനും പ്രശ്നങ്ങളെ പരിഹരിക്കാനും കുട്ടികളെ പ്രോത്സാഹിപ്പിക്കണം.
ചില കുട്ടികൾ പഠനത്തിൽ ശ്രദ്ധിക്കാത്തതിന് കാരണം അവർക്കു പഠന വൈകല്യം ഉള്ളതോ ശ്രദ്ധക്കുറവ് ഉള്ളതോ ആയിരിക്കും. അത് കണ്ടെത്താൻ ഒരു സൈക്കോളജിസ്റ്റിനെ സമീപിക്കുക. പഠന വൈകല്യവും ശ്രദ്ധക്കുറവും ഉള്ള കുട്ടിക്ക് അത് പരിഹരിക്കാനുള്ള ട്രെയിനിങ് അത്യാവശ്യമാണ്. കുട്ടിയെ കുറ്റപ്പെടുത്തുന്നതും അവരുടെ മടിയാണ് എന്ന് അനുമാനിക്കുന്നതും അല്ല ട്രെയിനിങ് തന്നെയാണ് ആവശ്യം.
ചില കുട്ടികൾ മുൻപ് നന്നായി പഠിക്കുന്നവർ ആയിരുന്നു എന്നാൽ ഇപ്പോൾ പഠനത്തിൽ പിന്നോട്ടായി എന്നിരിക്കട്ടെ. അവരോടു സമാധാനമായി പ്രശ്നങ്ങൾ ചോദിച്ചു മനസ്സിലാക്കാൻ ശ്രമിക്കണം. ആത്മവിശ്വാസക്കുറവോ, കൂട്ടുകാരുമായുള്ള പ്രശ്നങ്ങളോ, വീട്ടിലെ അന്തരീക്ഷമോ എന്താണ് അവരെ അലട്ടുന്നത് എന്ന് മനസ്സിലാക്കാൻ ശ്രമിക്കണം.
എപ്പോഴും പഠനത്തിനു മാത്രമായി സമയം മാറ്റിവയ്ക്കുന്നതും കുട്ടിയിൽ ടെൻഷൻ ഉണ്ടാകാൻ കാരണമാകും. അതിനാൽ അവർക്ക് ആവശ്യത്തിനു ഫ്രീ ടൈം കൂടി ഉണ്ടാകണം. എന്നാൽ ഇപ്പോൾ കുട്ടികളിലെ അമിതമായ ഫോൺ ഉപയോഗം ഒരു വലിയ പ്രശ്നമാണ്. ചെറിയ പ്രായം മുതലേ പഠിച്ചതിനുശേഷം, അല്ലെങ്കിൽ ഏതെങ്കിലും ഒരു നല്ല പ്രവർത്തി ചെയ്യുന്നു എങ്കിൽ മാത്രം അവർക്കു ഇഷ്ടമുള്ള കാര്യങ്ങൾ ഒരളവിൽ അവർക്കു നൽകുക. ഭയപ്പെടുത്തിയും ദേഷ്യപ്പെടും അവർ കാര്യങ്ങൾ നേടാൻ ശ്രമിക്കുന്നതിനെ ചെറിയ പ്രായം മുതലേ പ്രോത്സാഹിപ്പിക്കരുത്.
കുട്ടികൾ ടെൻഷനോ പഠനത്തിൽ ബുദ്ധിമുട്ട് നേരിടുകയോ ആണെങ്കിൽ മാതാപിതാക്കൾ അത് അദ്ധ്യാപകരുമായി ചർച്ച ചെയ്തു പരിഹരിക്കാൻ ശ്രമിക്കണം. അതിനുള്ള സാഹചര്യങ്ങൾ സ്കൂളിൽ ഉണ്ടാകണം.
കുട്ടികൾ പരീക്ഷയിൽ നല്ല മാർക്ക് നേടുക പോലെത്തന്നെ പ്രധാനമാണ് നല്ല മാനസികരോഗ്യം ഉണ്ടാവുക എന്നതും. മനസ്സിന് ധൈര്യം, ക്ഷമ, ആത്മവിശ്വാസം, പ്രശ്നങ്ങളെ പരിഹരിക്കാൻ ഉള്ള കഴിവ് എന്നിവയും കുട്ടികളിൽ വളർത്താൻ ശ്രമിക്കണം.
(ക്ലിനിക്കൽ സൈക്കോളജിസ്റ്റായ പ്രിയ വർഗീസ് എഴുതിയ ലേഖനം. ഫോൺ നമ്പർ : 8281933323)


