ജര്‍മ്മനിയെയും ബ്രിട്ടനെയും പിന്നിലാക്കി, അമേരിക്കയ്ക്ക് തൊട്ടുപിന്നില്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ നിക്ഷേപ ലക്ഷ്യസ്ഥാനമായി ഇന്ത്യ മാറിക്കഴിഞ്ഞു.
ആഗോള സമ്പദ്വ്യവസ്ഥയില്‍ അനിശ്ചിതത്വത്തിന്റെ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടുമ്പോഴും, ലോകത്തിലെ വമ്പന്‍ കമ്പനികളുടെ മേധാവികള്‍ ഒരേസ്വരത്തില്‍ പറയുന്നു- 'ഇനി കളി ഇന്ത്യയില്‍'. പിഡബ്ല്യുസി നടത്തിയ ആഗോള സിഇഒ സര്‍വേയിലാണ് ഇന്ത്യയോടുള്ള ലോകത്തിന്റെ വര്‍ദ്ധിച്ചുവരുന്ന ഈ പ്രണയം വെളിവാകുന്നത്. കഴിഞ്ഞ വര്‍ഷം കേവലം 7 ശതമാനം സിഇഒമാര്‍ മാത്രമാണ് ഇന്ത്യയെ തങ്ങളുടെ മികച്ച മൂന്ന് നിക്ഷേപ കേന്ദ്രങ്ങളില്‍ ഒന്നായി കണ്ടിരുന്നതെങ്കില്‍, ഈ വര്‍ഷം അത് 13 ശതമാനമായി വര്‍ദ്ധിച്ചു. ജര്‍മ്മനിയെയും ബ്രിട്ടനെയും പിന്നിലാക്കി, അമേരിക്കയ്ക്ക് തൊട്ടുപിന്നില്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ നിക്ഷേപ ലക്ഷ്യസ്ഥാനമായി ഇന്ത്യ മാറിക്കഴിഞ്ഞു.
എന്തുകൊണ്ട് ലോകം ഇന്ത്യയെ തേടുന്നു?
ആഗോളതലത്തില്‍ ബിസിനസ്സ് രംഗം അല്പം മന്ദഗതിയിലാണ്. യുദ്ധങ്ങള്‍, സൈബര്‍ ആക്രമണങ്ങള്‍, നികുതി വര്‍ദ്ധന് എന്നിവ പലരെയും പിന്നോട്ട് വലിക്കുന്നു. എന്നാല്‍ ഇന്ത്യയുടെ ചിത്രം വേറെയാണ്:
ഡിജിറ്റല്‍ കരുത്ത്: ഗ്രാമങ്ങളില്‍ പോലും എത്തിയ ഇന്റര്‍നെറ്റും ഡിജിറ്റല്‍ ഇടപാടുകളും ഇന്ത്യയെ ഒരു ടെക് പവര്‍ഹൗസാക്കി മാറ്റി.
ഉപഭോക്തൃ വിപണി: 2026-ഓടെ ലോകത്തിലെ മൂന്നാമത്തെ വലിയ ഉപഭോക്തൃ വിപണിയായി ഇന്ത്യ മാറും. ഇന്ത്യയിലെ സാധാരണക്കാരുടെ വാങ്ങല്‍ ശേഷി വര്‍ദ്ധിക്കുന്നത് ആഗോള കമ്പനികളെ ആകര്‍ഷിക്കുന്നു.
നയപരമായ സ്ഥിരത: ലുലു ഗ്രൂപ്പ് ഉള്‍പ്പെടെയുള്ള വമ്പന്‍മാരുടെ ഇന്ത്യയിലെ വിപുലീകരണം ഇതിന് തെളിവാണ്. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ബിസിനസ്സിന് ഏറ്റവും അനുയോജ്യമായ ഇടമായി ഇന്ത്യയെ അവര്‍ കാണുന്നു.
ഐടി മേഖലയിലെ 'എഐ' വിപ്ലവം
ലോകം മുഴുവന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍, അത് പ്രായോഗികമായി നടപ്പിലാക്കുന്നത് ഇന്ത്യന്‍ ഐടി കമ്പനികളാണ്. ടിസിഎസ് , ഇന്‍ഫോസിസ്, വിപ്രോ തുടങ്ങിയ കമ്പനികള്‍ ഇതിനകം തന്നെ വന്‍തോതില്‍ എഐ സാങ്കേതികവിദ്യ ബിസിനസ്സുകളില്‍ ഉള്‍പ്പെടുത്തിക്കഴിഞ്ഞു. ചുരുങ്ങിയ ചിലവില്‍ മികച്ച സാങ്കേതിക വിദ്യ നടപ്പിലാക്കാന്‍ ഇന്ത്യയോളം പോന്ന മറ്റൊരു രാജ്യമില്ലെന്ന് ലോകം തിരിച്ചറിയുന്നു.
ചുരുക്കത്തില്‍ ലോകമെമ്പാടും നിക്ഷേപങ്ങളില്‍ ജാഗ്രത പാലിക്കുമ്പോഴും ഇന്ത്യയെ തഴയാന്‍ ഒരു ആഗോള കമ്പനിയും ആഗ്രഹിക്കുന്നില്ല. ഇന്ത്യയില്‍ സാന്നിധ്യമില്ലെങ്കില്‍ അത് തങ്ങളുടെ വളര്‍ച്ചയെ ബാധിക്കുമെന്ന് സിഇഒമാര്‍ ഭയപ്പെടുന്നു. വളരുന്ന വിപണിയും, കരുത്തുറ്റ ഡിജിറ്റല്‍ സംവിധാനങ്ങളും, യുവജനതയുടെ പ്രവൃത്തിപരിചയവും ചേര്‍ന്ന് ഇന്ത്യയെ ലോകത്തിന്റെ 'നിക്ഷേപ തലസ്ഥാനമാക്കി' മാറ്റുകയാണ്.
