മൂന്ന് വയസ്സിനും ഏഴ് വയസ്സിനു ഇടയിലാണ് കുട്ടികളിൽ ഹൈപ്പർ ആക്ടിവിറ്റിയും ശ്രദ്ധക്കുറവും കണ്ടു തുടങ്ങുന്നത്. പെൺകുട്ടികളെ അപേക്ഷിച്ച് ആൺകുട്ടികളിലാണ് അമിത വികൃതി കൂടുതലായി കാണുക. 

ഒരിടത്തും അടങ്ങിയിരിക്കാതെ അമിതമായ വികൃതിയും ദേഷ്യവും കാണിക്കുന്ന കുട്ടികളാണോ നിങ്ങൾക്കുള്ളത്?. എങ്കിൽ അവരുടെ വികൃതി ചില ലക്ഷണങ്ങളിലൂടെ നേരത്തെ തിരിച്ചറിയാൻ സാധിക്കും. 

ലക്ഷണങ്ങളിൽ ആറോ അതിലധികമോ നിങ്ങളുടെ കുട്ടി കാണുന്നുണ്ടെങ്കിൽ മനശാസ്ത്ര വിദഗ്ദ്ധരുടെ സേവനം തേടേണ്ടതാണ്. നിങ്ങളുടെ പാരന്റിങ് രീതിയിൽ ചില മാറ്റങ്ങൾ കൂടി വരുത്തിയാൽ വളരെ എളുപ്പത്തിൽ കുട്ടികളെ നിയന്ത്രിക്കാൻ സാധിക്കും.

മൂന്ന് വയസ്സിനും ഏഴ് വയസ്സിനു ഇടയിലാണ് കുട്ടികളിൽ ഹൈപ്പർ ആക്ടിവിറ്റിയും ശ്രദ്ധക്കുറവും കണ്ടു തുടങ്ങുന്നത്. പെൺകുട്ടികളെ അപേക്ഷിച്ച് ആൺകുട്ടികളിലാണ് അമിത വികൃതി കൂടുതലായി കാണുക. മറ്റു കുട്ടികളെ അപേക്ഷിച്ച് ഹൈപ്പർ ആക്റ്റീവായ കുട്ടികളെ നിയന്ത്രിക്കുവാനും പഠിപ്പിക്കുവാനും ബുദ്ധിമുട്ട് ഏറെയാണ് മാതാപിതാക്കൾ അനുഭവിക്കുന്നുണ്ട്. മാതാപിതാക്കളുടെ ബുദ്ധിമുട്ട് ഒഴിവാക്കുവാൻ മക്കൾ ഇത്തരം ലക്ഷങ്ങൾ കാണിക്കുന്നുണ്ടോ എന്ന് ശ്രദ്ധിച്ചാൽ മതി.

ലക്ഷണങ്ങൾ:-

1) ശാന്തമായി ഇരിക്കാൻ കഴിയാതിരിക്കുക

അടങ്ങി ഒതുങ്ങി ഇരിക്കാതെ എപ്പോഴും എന്തെങ്കിലും ഒക്കെ ചെയ്തു കൊണ്ടേയിരിക്കുക. വീടിനകത്തും പുറത്തും എവിടെയാണെങ്കിലും അടങ്ങി ഇരിക്കാതെ ചാടിയും ഓടിയും നടക്കുന്നുണ്ടെങ്കിൽ ഹൈപ്പർ ആക്ടിവിറ്റി ഉണ്ടെന്ന് തിരിച്ചറിയണം.

2) ഏതുസമയവും കൈകാലുകൾ ചലിപ്പിച്ചു കൊണ്ടിരിക്കുക

കസേരയിൽ അടങ്ങിയിരിക്കാതെ കാലുകൾ ഏതുനേരവും ആട്ടിക്കൊണ്ടിരിക്കുകയോ ഇരുന്നു കുറച്ചു നേരം കഴിയുമ്പോഴേക്കും അസ്വസ്ഥതകൾ പ്രകടിപ്പിക്കുകയും കസേരയിൽ കാല് കയറ്റി വെച്ചിരിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ ശ്രദ്ധിക്കുക.

3) മുതിർന്നവരുമായി പെട്ടെന്ന് അടുക്കുക

പരിചയമില്ലാത്തവരോട് പോലും പെട്ടെന്ന് കൂടുതലായി അടുക്കുകയും അങ്ങോട്ട് ഇടിച്ചു കയറി സംസാരിക്കുന്നതും ഹൈപ്പർ ആക്ടിവിറ്റിയുടെ ലക്ഷണങ്ങളിൽപ്പെടുന്നു.

4) ഏതു നേരവും ഗോഷ്ടികൾ കാണിച്ചു കൊണ്ടിരിക്കുക 

കൈ കാലുകൾ കൊണ്ടോ കണ്ണുകൾ കൊണ്ടോ, വായകൊണ്ടോ എന്തെങ്കിലും ഗോഷ്ടികൾ കാണിച്ചു കൊണ്ടിരിക്കുക. ഉദാഹരണത്തിന് വണ്ടിയോടിക്കുന്നതുപോലെയോ, ഡാൻസ് കളിക്കുന്നതുപോലെയുള്ള ആക്ഷൻ കാണിച്ച് നടക്കുന്നുണ്ടെങ്കിൽ പ്രത്യേകം ശ്രദ്ധിക്കണം.

5) ക്ഷമ കുറയുക 

കുട്ടികളോട് നിങ്ങൾ എന്തെങ്കിലും കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുന്ന സമയത്ത് അത് മുഴുവനായി കേൾക്കാനുള്ള ക്ഷമ കാണിക്കാതെ അവിടെ നിന്നും ഓടി പോകുന്നുണ്ടെങ്കിൽ അത് ഹൈപ്പർ ആക്ടിവിറ്റി ഉള്ളതുകൊണ്ടാണ്.

6) ഇടയ്ക്ക് കയറി സംസാരിക്കുക 

മറ്റുള്ളവരോട് നിങ്ങൾ നേരിട്ടോ ഫോണിലൂടെയോ സംസാരിക്കുന്ന സമയത്ത് ഇടയ്ക്ക് കയറി സംസാരിച്ച് സംഭാഷണത്തെ തടസ്സപ്പെടുത്തുകയും ബുദ്ധിമുട്ടിക്കുകയും ചെയ്യുന്നതും ഇത്തരം കുട്ടികളിലെ പ്രത്യേകതകളാണ്.

7) ശ്രദ്ധ മാറി പോവുക 

ഹോംവർക്ക് ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് മറ്റു ശബ്ദങ്ങൾ കേൾക്കുമ്പോൾ അതെന്താണെന്ന് അറിയാൻ എഴുന്നേറ്റു ഓടുകയോ ഹോംവർക്ക് പൂർത്തിയാക്കാതിരിക്കുകയോ ചെയ്യുക.

8) ചെയ്യുന്ന പ്രവർത്തികൾ പൂർത്തിയാക്കാതിരിക്കുക 

എന്ത് ചെയ്താലും പാതിവഴിയിൽ ഉപേക്ഷിക്കുന്ന സ്വഭാവമുണ്ടെങ്കിൽ പ്രത്യേകിച്ച് ഒരു ടോയ് എടുത്തു കളിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ അതു ഉപേക്ഷിച്ചു മറ്റൊന്ന് എടുക്കുക, എടുത്ത വസ്തുക്കൾ എടുത്ത സ്ഥലത്ത് തന്നെ വയ്ക്കാതിരിക്കുക, സ്കൂൾ നോട്ടുകൾ പൂർണ്ണമായും എഴുതി തീർക്കാതിരിക്കുക എന്നിവയും പൊതുവേ കാണാറുണ്ട്.

9) ഒറ്റയ്ക്കിരുന്ന് സംസാരിക്കുക 

അമിതമായ വികൃതിയുള്ള കുട്ടികൾ ഒറ്റയ്ക്ക് ഇരുന്ന് കളിക്കുമ്പോൾ സ്വയം സംസാരിക്കുകയോ മറ്റു ശബ്ദങ്ങളും പൊതുവേ ഉണ്ടാക്കാറുണ്ട്.

10) ക്ലാസ് എടുത്തുകൊണ്ടിരിക്കുന്ന സമയത്ത് അധ്യാപകർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുക 

സ്കൂളിൽ ക്ലാസ് നടന്നു കൊണ്ടിരിക്കുമ്പോൾ എഴുന്നേറ്റു നടക്കുക, പുറത്തേക്ക് നോക്കിയിരിക്കുക, മറ്റു കുട്ടികളുടെ സംസാരിച്ചു കൊണ്ടിരിക്കുക ഇത്തരം കംപ്ലൈന്റ്റുകൾ ടീച്ചേഴ്സ് പറഞ്ഞിട്ടുണ്ടെങ്കിൽ അതും ഹൈപ്പർ ആക്ടിവിറ്റിയുടെ ലക്ഷണങ്ങളാണ്. ഓർക്കുക നിങ്ങൾ മക്കൾക്ക് എന്താണോ കൊടുക്കുന്നത് അതു തന്നെ ഇരട്ടിയായി അവർ നിങ്ങൾക്ക് തിരികെ നൽകുകയുള്ളു.

സ്നേഹമാണെങ്കിൽ സ്നേഹം, ദേഷ്യം എങ്കിൽ അത് ഇരട്ടിയായി തരും. അതുകൊണ്ട് ഇത്തരം വികൃതികൾ കുട്ടികൾ കാണിക്കുമ്പോൾ ശിക്ഷകൾ നൽകുന്നത് ഒഴിവാക്കുക. പകരം പരമാവധി അവരെ കെയർ ചെയ്യുക, പ്രോത്സാഹിപ്പിക്കുക, തെറ്റുകൾ കണ്ടു കഴിഞ്ഞാൽ അത് എന്തുകൊണ്ടാണ് സംഭവിച്ചതെന്നും അതുകൊണ്ട് ഉണ്ടാകുന്ന ദോഷങ്ങൾ എന്താണെന്നും അവരെ പറഞ്ഞു മനസ്സിലാക്കുക. അമിതമായ വികൃതിക്ക് വ്യത്യസ്തങ്ങളായ ശിക്ഷാരീതികളല്ല വേണ്ടത് ആവശ്യമായ ചികിത്സയാണ്.

( സൈക്കോളജിസ്റ്റും ഫാമിലി കൗൺസലറായ ജയേഷ് കെ ജി തയ്യറാക്കിയ ലേഖനം )