ഒരു കടയില്‍ നിന്ന് ഷോപ്പിംഗ് നടത്തുന്ന കുടുംബത്തോട് ഭക്ഷണം കഴിക്കാന്‍ പണം ആവശ്യപ്പെടുകയാണ് അപരിചിതനായ ഒരാള്‍. താന്‍ പഴ്‌സ് എടുക്കാന്‍ മറന്നുവെന്നും ലഞ്ച് കഴിക്കാന്‍ പണം തന്ന് സഹായിക്കാനാകുമോ എന്നുമാണ് ഇയാള്‍ ചോദിക്കുന്നത്

ഓരോ ദിവസവും രസകരവും പുതുമയുള്ളതുമായ ധാരാളം വീഡിയോകള്‍ ( Viral Video ) നാം സോഷ്യല്‍ മീഡിയയിലൂടെ ( Social Media ) കാണാറുണ്ട്. ഇവയില്‍ പലതും ആസ്വദിച്ച ശേഷം നാം പെട്ടെന്ന് തന്നെ മറന്നുകളയുന്നതായിരിക്കും. ശേഷം അടുത്തതിലേക്ക് നാം കടന്നുപോകുന്നു. 

എന്നാല്‍ ചില ദൃശ്യങ്ങള്‍ നമ്മെ ഒരുപാട് കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കും, ചിലപ്പോള്‍ പഠിപ്പിക്കുകയും ചെയ്യാം. അത്തരമൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 'ഡിലൈറ്റ്ഫുള്‍ ന്യൂസ്' എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ വന്നിട്ടുള്ളത്. 

ഒരു കടയില്‍ നിന്ന് ഷോപ്പിംഗ് നടത്തുന്ന കുടുംബത്തോട് ഭക്ഷണം കഴിക്കാന്‍ പണം ആവശ്യപ്പെടുകയാണ് അപരിചിതനായ ഒരാള്‍. താന്‍ പഴ്‌സ് എടുക്കാന്‍ മറന്നുവെന്നും ലഞ്ച് കഴിക്കാന്‍ പണം തന്ന് സഹായിക്കാനാകുമോ എന്നുമാണ് ഇയാള്‍ ചോദിക്കുന്നത്. 

അധികം ആലോചിക്കാതെ തന്നെ കുടുംബം അയാളെ സഹായിക്കാമെന്ന് ഉറപ്പ് പറയുന്നു. ശേഷം 20 ഡോളറെടുക്ക് അയാള്‍ക്ക് നല്‍കുകയാണ്. എന്നാല്‍ പിന്നീട് നടന്ന കാര്യങ്ങള്‍ തീര്‍ത്തും അപ്രതീക്ഷിതമാണ്. വെറുതെ ഒരു പരീക്ഷണമെന്ന നിലയിലായിരുന്നു അദ്ദേഹം കുടുംബത്തോട് സഹായം ചോദിച്ചത്. 

എന്നാല്‍ അവരുടെ ദയാവായ്പും നന്മ വറ്റാത്ത മനസും അദ്ദേഹത്തെ ആകര്‍ഷിച്ചു. തിരിച്ച് 500 ഡോളറും ക്രിസ്മസ് സമ്മാനങ്ങളും നല്‍കിയാണ് അയാള്‍ കുടുംബത്തെ ആദരിച്ചത്. പണം നല്‍കിയപ്പോള്‍ കുടുംബനാഥനായ ആള്‍ പെടുന്നനെ വികാരഭരിതനാവുകയും അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറയുന്നതും വീഡിയോയില്‍ കാണാം. 

യഥാര്‍ത്ഥത്തില്‍ വളരെയധികം സാമ്പത്തിക പ്രശ്‌നങ്ങളിലൂടെ കടന്നുപോകുന്നൊരു കുടുംബമായിരുന്നുവത്രേ അവരുടേത്. മകളുടെ തലച്ചോറിനെ ബാധിച്ച അസുഖമാണ് അവരുടെ ഏറ്റവും വലിയ പ്രശ്‌നം. എന്നിട്ടുപോലും അപരിചിതനായ ഒരാളുടെ വിശപ്പിനെ പരിഗണിക്കാന്‍ അവര്‍ കാട്ടിയ മനസാണ് വീഡിയോ കാണുന്ന ഓരോരുത്തരുടെയും ഹൃദയം കീഴടക്കുക. 

അസുഖബാധിതയായി കുഞ്ഞിനെയും വീഡിയോയില്‍ കാണാം. രോഗം ഭേദമായി മകള്‍ എന്നെങ്കിലും എഴുന്നേറ്റ് നടക്കുമോയെന്ന് ചോദിച്ചാണ് അവളുടെ പിതാവ് കണ്ണീരണിയുന്നത്. ശേഷം അദ്ദേഹം ആ പണം വാങ്ങിക്കുകയും ചെയ്തു. ലക്ഷക്കണക്കിന് പേരാണ് ഈ വീഡിയോ കണ്ടുതീര്‍ത്തിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്യുന്നു. 

മനുഷ്യര്‍ പരസ്പരം മനസിലാക്കേണ്ടതിന്റെയും സഹായിക്കേണ്ടതിന്റെയും പിന്തുണയ്‌ക്കേണ്ടതിന്റെയുമെല്ലാം പ്രാധാന്യം അറിയിക്കുന്നതാണ് വീഡിയോ എന്നും, ഹൃദയം തൊടുന്ന ദൃശ്യങ്ങളാണിവയെന്നും മിക്കവരും കമന്റിലൂടെ അഭിപ്രായപ്പെട്ടിരിക്കുന്നു. 

വീഡിയോ കാണാം...

View post on Instagram

Also Read:- ഫുഡ് ഡെലിവറി ബോയിക്ക് കസ്റ്റമര്‍ നല്‍കിയ സര്‍പ്രൈസ്; കണ്ണ് നനയിക്കുന്ന വീഡിയോ...