കടുത്ത നിയന്ത്രണങ്ങളുടെ നാളുകള്‍ക്ക് ശേഷം ഇപ്പോള്‍ ചെറിയ ഇളവുകളിലേക്ക് വുഹാന്‍ കടന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ ഓണ്‍ലൈന്‍ ഭക്ഷണവിതരണവും ഇവിടെയിപ്പോള്‍ സജീവമാണ്. കാര്യങ്ങളെല്ലാം പൂര്‍വ്വസ്ഥിതിയിലാകാന്‍ ഇനിയും സമയമെടുക്കും എന്നതിനാല്‍ ധാരാളം പേര്‍ ഓണ്‍ലൈന്‍ ഭക്ഷണത്തെ ആശ്രയിച്ചാണ് വുഹാനില്‍ തുടരുന്നത്. അതിനാല്‍ ഓണ്‍ലൈന്‍ ഭക്ഷണവിതരണക്കാര്‍ക്ക് വലിയ തിരക്കാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത് 

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോക്ഡൗണ്‍ ഉള്‍പ്പെടെ കര്‍ശനമായ നിയന്ത്രണങ്ങളാണ് മിക്ക രാജ്യങ്ങളിലുമുള്ളത്. എങ്കിലും അടിസ്ഥാന ആവശ്യമെന്ന നിലയ്ക്ക് ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തിനുള്ള അനുമതി ഒട്ടുമിക്കയിടങ്ങളിലും നല്‍കിയിട്ടുണ്ട്. 

ഇത്തരത്തില്‍ ഓണ്‍ലൈന്‍ ഭക്ഷണവിതരണത്തിന് പോകുന്നവര്‍ സ്വന്തം ജീവന്‍ പണയപ്പെടുത്തിക്കൊണ്ടാണ് ഈ സാഹചര്യത്തില്‍ ജോലി ചെയ്യുന്നത്. ഭൂരിഭാഗം പേരും ജീവിത പ്രാരാബ്ധങ്ങള്‍ കൊണ്ട് മാത്രം ഇതിന് നിര്‍ബന്ധിക്കപ്പെട്ടവരാണ്. 

അതിനാല്‍ത്തന്നെ, അല്‍പം സഹാനുഭൂതിയും പരിഗണനയും അവര്‍ അര്‍ഹിക്കുന്നുമുണ്ട്. ഈ സന്ദേശം ഉയര്‍ത്തിപ്പിടിക്കുന്നൊരു ദൃശ്യമാണ് ഇപ്പോള്‍ ചൈനയിലെ വുഹാനില്‍ നിന്ന് വരുന്നത്. ലോകത്തെയാകെ പിടിച്ചുകുലുക്കിയ കൊറോണ വൈറസ് എന്ന മാരക രോഗകാരിയുടെ ഉറവിടമായി കരുതപ്പെടുന്ന സ്ഥലാണ് വുഹാന്‍. 

കടുത്ത നിയന്ത്രണങ്ങളുടെ നാളുകള്‍ക്ക് ശേഷം ഇപ്പോള്‍ ചെറിയ ഇളവുകളിലേക്ക് വുഹാന്‍ കടന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ ഓണ്‍ലൈന്‍ ഭക്ഷണവിതരണവും ഇവിടെയിപ്പോള്‍ സജീവമാണ്. കാര്യങ്ങളെല്ലാം പൂര്‍വ്വസ്ഥിതിയിലാകാന്‍ ഇനിയും സമയമെടുക്കും എന്നതിനാല്‍ ധാരാളം പേര്‍ ഓണ്‍ലൈന്‍ ഭക്ഷണത്തെ ആശ്രയിച്ചാണ് വുഹാനില്‍ തുടരുന്നത്. 

അതിനാല്‍ ഓണ്‍ലൈന്‍ ഭക്ഷണവിതരണക്കാര്‍ക്ക് വലിയ തിരക്കാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. ജോലി എന്നതില്‍ക്കവിഞ്ഞ് തങ്ങള്‍ ചെയ്യുന്നത് ഒരു അവശ്യസേവനമാണെന്ന ബോധ്യം ഇവര്‍ക്കുണ്ട്. പലപ്പോഴും ഭക്ഷണം പോലും കഴിക്കാന്‍ സമയം തികയാതെ ഓട്ടത്തിലാകുമ്പോഴും അതിനോടെല്ലാം സമരസപ്പെടാന്‍ ശ്രമിക്കുകയാണിവര്‍. 

ഈ സാഹചര്യത്തില്‍ ഇവരോടുള്ള കരുതല്‍ രേഖപ്പെടുത്താന്‍ പല കസ്റ്റമേഴ്‌സും ഇവര്‍ക്ക് കൂടി ഭക്ഷണം വാങ്ങിനല്‍കുന്ന പുതിയ പ്രവണത വുഹാനിലുണ്ട്. അങ്ങനെ 'സര്‍പ്രൈസ്' ആയി കസ്റ്റമര്‍ വാങ്ങിനല്‍കിയ കേക്ക് കഴിക്കുന്ന ഓണ്‍ലൈന്‍ ഡെലിവറി ബോയിയുടെ വീഡിയോയെ കുറിച്ചാണ് നേരത്തേ സൂചിപ്പിച്ചത്. 

Also Read:- ലോക്ക്ഡൗൺ കാലത്തെ ആഘോഷങ്ങൾ; നാല് വയസുള്ള കുട്ടിയുടെ പിറന്നാളിന് കേക്കെത്തിച്ച് പൊലീസ്; കയ്യടി...

പിറന്നാള്‍ ദിവസമായിട്ടും ഭക്ഷണം പോലും കഴിക്കാതെ തിരക്കിട്ട ഓട്ടത്തിലായിരുന്നു അയാള്‍. കേക്ക് ഓര്‍ഡര്‍ ചെയ്ത ഒരു കസ്റ്റമര്‍ക്ക് വേണ്ടി ബേക്കറിയിലെത്തിയതാണ്. ഓര്‍ഡര്‍ പരിശോധിച്ച ജീവനക്കാരി, അതിന്റെയൊരു പങ്ക് നിങ്ങള്‍ക്ക് വേണ്ടിയുള്ളതാണെന്ന് അയാളെ അറിയിച്ചു. അതിനൊപ്പം കസ്റ്റമറുടേതായ ഒരു കുറിപ്പുമുണ്ടായിരുന്നു. 

'ഞാന്‍ ഒരു എക്‌സ്ട്രാ കേക്ക് ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്. അത് ഡെലിവറി മാന് വേണ്ടിയുള്ളതാണ്. സമയത്തിന് തന്നെ കഴിക്കാന്‍ ഓര്‍മ്മിക്കണേ..' - എന്നായിരുന്നു കുറിപ്പ്. പിറന്നാളാണെന്ന് അറിയാതെ വളരെ ആകസ്മികമായാണ് കസ്റ്റമര്‍, ഡെലിവറി ബോയിക്ക് ആ 'സര്‍പ്രൈസ്' നല്‍കിയത്. 

അവിചാരിതമായി കിട്ടിയ ആ കേക്കും കയ്യിലെടുത്ത് അയാള്‍ ബേക്കറിയുടെ മുന്‍വശത്തുള്ള പടികളില്‍ പോയിരുന്നു. കത്തിച്ചുവച്ച മെഴുകുതിരിയൂതി റോഡരികിലെ ആ പടികളിലിരുന്ന് ഒറ്റയ്ക്ക് പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ അയാള്‍ നിറഞ്ഞുതൂകിയ കണ്ണുകള്‍ തുടക്കുകയായിരുന്നു. എന്നിട്ട് കയ്യിലിരുന്ന കേക്ക് ആര്‍ത്തിയോടെ കഴിച്ചു. 

Also Read:- ഒറ്റയ്ക്കിരിക്കുന്ന പട്ടിക്ക് ഓണ്‍ലൈനില്‍ ഭക്ഷണം; എങ്ങനെയുണ്ട്?...

ബേക്കറിയിലെ സിസിടിവിയില്‍ നിന്നും അവിടത്തെ ജീവനക്കാരുടെ മൊബൈല്‍ ഫോണില്‍ നിന്നുമുള്ള ദൃശ്യങ്ങള്‍ പിന്നീട് സോഷ്യല്‍ മീഡിയ കീഴടക്കുകയായിരുന്നു. ലോകത്തിന് തന്നെ മാതൃകയാണ് ഈ ദൃശ്യങ്ങളെന്നും ദുരിതതാലത്തെ നിരാശയില്‍ ഇത് നല്‍കുന്ന ഊര്‍ജ്ജം ചെറുതല്ലെന്നും വീഡിയോ പങ്കുവച്ചവര്‍ കുറിച്ചു. 

വീഡിയോ കാണാം...