വ്ളോഗര്‍ ആയ ധനുഷ് എന്നയാളാണ് ഇൻസ്റ്റഗ്രാമിലൂടെ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഓട്ടോയുടെ സീറ്റിന്‍റെ ഭാഗമല്ലാത്ത മറ്റിടങ്ങളിലെല്ലാം ചെടികളാണ്

സോഷ്യല്‍ മീഡിയയിലൂടെ ഓരോ ദിവസവും രസകരമായതും പുതുമയുള്ളതുമായ എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്, അല്ലേ? ഇവയില്‍ ചിലതൊക്കെ വലിയ രീതിയില്‍ തന്നെ നമ്മുടെ ശ്രദ്ധ കവരാറുണ്ട്. പ്രത്യേകിച്ച് നമ്മള്‍ കണ്ടോ, കേട്ടോ, അനുഭവിച്ചോ ഒന്നും പരിചയിക്കാത്ത കാര്യങ്ങളും കാഴ്ചകളുമാണെങ്കില്‍.

അത്തരമൊരു കാഴ്ചയിലേക്കാണിനി നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നത്. ഒരു ഓട്ടോറിക്ഷയുടെ ഉള്‍ഭാഗമാണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. പക്ഷേ ഒറ്റനോട്ടത്തില്‍ അത് മനസിലാകണമെന്നില്ല. കാരണം മുഴുവനും പച്ച നിറത്തില്‍ ഒരു പൂങ്കാവനം പോലെയാണ് ഓട്ടോയ്ക്ക് അകം കാണുന്നത്. 

ചെന്നൈ നഗരത്തിലോടുന്ന ഒരു ഓട്ടോ ആണിത്. വ്ളോഗര്‍ ആയ ധനുഷ് എന്നയാളാണ് ഇൻസ്റ്റഗ്രാമിലൂടെ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഓട്ടോയുടെ സീറ്റിന്‍റെ ഭാഗമല്ലാത്ത മറ്റിടങ്ങളിലെല്ലാം ചെടികളാണ്. ഓട്ടോയുടെ മേല്‍ക്കൂരയിലും ഡ്രൈവറുടെ സീറ്റീന്‍റെ പിൻഭാഗത്തും യാത്രക്കാരിരിക്കുന്ന സീറ്റിന്‍റെ പിൻഭാഗത്ത് ജനാലയൊഴികെയുള്ള ഇടത്തും എല്ലാം ചെടികളാണ്.

ഇതില്‍ ചില ചെടികള്‍ പ്ലാസ്റ്റിക് ആണ് കെട്ടോ. എന്നാല്‍ ചട്ടികളില്‍ ആക്കിവച്ചിരിക്കുന്ന ചെടികളൊന്നും പ്ലാസ്റ്റിക്കല്ല. ചെടികള്‍ മാത്രമല്ല, അത്യാവശ്യം കുറച്ച് പുസ്തകങ്ങളും ഓട്ടോയ്ക്കകത്ത് സൂക്ഷിച്ചിട്ടുണ്ട്. ഇതും വീഡിയോയില്‍ കാണാം. ആവശ്യമുണ്ടെങ്കില്‍ യാത്രക്കാര്‍ക്ക് എടുത്ത് വായിക്കാവുന്ന പരുവത്തിലാണ് പുസ്തകങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. 

പ്രായമായവര്‍ക്ക് വേണ്ടി സംഭാവനയിടാൻ താല്‍പര്യപ്പെടുന്നവര്‍ക്ക് അതിനും പാവങ്ങളെ സഹായിക്കാൻ താല്‍പര്യമുള്ളവര്‍ക്കും അതിനും അവസരമൊരുക്കുന്നുമുണ്ട് ഈ ഓട്ടോ. ഇതും നമുക്ക് വീഡിയോയില്‍ തന്നെ കാണാൻ കഴിയും. 

എന്തായാലും വ്യത്യസ്തമായ ഓട്ടോയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ കാര്യമായി ശ്രദ്ധിക്കപ്പെട്ടു എന്നുതന്നെ പറയാം. ആളുകള്‍ നിന്ന് നോക്കുകയാണത്രോ ഈ ഓട്ടോ. അത് വീഡിയോ പങ്കുവച്ചയാള്‍ അടിക്കുറിപ്പായി എഴുതിയിരിക്കുകയാണ്. എന്തായാലും രസകരമായ വീഡിയോ ഒന്ന് കണ്ടുനോക്കൂ...

View post on Instagram

Also Read:- ഇളനീര്‍ കൊണ്ട് ഇങ്ങനെയൊരു സംഗതി തയ്യാറാക്കുന്നത് കണ്ടിട്ടുണ്ടോ? വീഡിയോ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo