ഇറച്ചിക്കായി നൂറുകണക്കിന് പൂച്ചകളെ കൊന്നൊടുക്കിയ റെസ്റ്റോറന്‍റ് ഇപ്പോള്‍ അടച്ചുപൂട്ടിയിരിക്കുന്നു എന്നതാണ് പുതുതായി ശ്രദ്ധിക്കപ്പെടുന്ന വാര്‍ത്ത. ഓരോ മാസവും ശരാശരി മുന്നൂറ് പൂച്ചകളെയെങ്കിലും ഈ റെസ്റ്റോറന്‍റില്‍ കൊന്നിരുന്നുവത്രേ

ഓരോ നാട്ടിലും ഓരോ ഭക്ഷ്യസംസ്കാരമാണ് നിലനില്‍ക്കുന്നത്. മറുനാടുകളിലെ പല ഭക്ഷണരീതികളും നമ്മളെ സംബന്ധിച്ച് വിചിത്രം ആയി തോന്നാം. അവര്‍ക്ക് തിരിച്ച് നമ്മുടെ ഭക്ഷ്യസംസ്കാരത്തോടും ഇതുതന്നെ തോന്നാം. അതുപോലെ തന്നെ അതത് നാടുകളിലുള്ള ആളുകള്‍ക്കിടയില്‍ തന്നെ ഈ വിഭാഗീയത കാണാൻ സാധിക്കും.

വെജിറ്റേറിയൻ, നോണ്‍ വെജിറ്റേറിയൻ വിഭാഗങ്ങള്‍ക്ക് ഇടയിലുള്ള അഭിപ്രായഭിന്നതകളും പ്രശ്നങ്ങളും ഇത്തരത്തില്‍ നമുക്ക് എപ്പോഴും കാണാൻ സാധിക്കുന്നതാണ്. മാത്രമല്ല- ഇതില്‍ തന്നെ ഉപവിഭാഗങ്ങളും അവരുടെ എതിര്‍പ്പുകളും കാണും. എന്നുവച്ചാല്‍ മാംസാഹാരികള്‍ തന്നെ ചിലത് കഴിക്കാൻ പാടില്ല- അത് കഴിക്കാം എന്നുള്ള ഭിന്നതകള്‍. 

ഇപ്പോഴിതാ വിയറ്റ്നാമില്‍ നിന്ന് ഇങ്ങനെയൊരു ഭിന്നത സംബന്ധിച്ചൊരു റിപ്പോര്‍ട്ടാണ് വരുന്നത്. അന്താരാഷ്ട്ര ശ്രദ്ധ തന്നെ ലഭിക്കുന്നൊരു സംഭവമാണിത്. വിയറ്റ്നാമിലെ നോണ്‍- വെജ് വിഭവങ്ങള്‍ അഥവാ മാംസാഹാരം പലപ്പോഴും നമ്മളില്‍ കൗതുകമോ അത്ഭുതമോ എല്ലാം തോന്നിപ്പിക്കുന്ന രീതിയിലുള്ളതാണ്. ഇക്കൂട്ടത്തിലുള്‍പ്പെടുന്നതാണ് പൂച്ച ഇറച്ചി കൊണ്ടുണ്ടാക്കുന്ന വിഭവങ്ങളും.

കേള്‍ക്കുമ്പോള്‍ തന്നെ പലര്‍ക്കും ഇത് ഏറെ പ്രയാസമായിരിക്കും. പൂച്ചയെ ഇറച്ചിക്കായി കശാപ്പ് ചെയ്യുന്നത് വിയറ്റ്നാമില്‍ അപൂര്‍വമല്ല. പമ്പരാഗതമായി തന്നെ പൂച്ചയെ ഭക്ഷിക്കുന്നവര്‍ ഏറെയുള്ള രാജ്യമാണ് വിയറ്റ്നാം. ഇറച്ചിക്കായി പൂച്ചകളെ- വളര്‍ത്തുപൂച്ചകളെ അടക്കം തട്ടിക്കൊണ്ടുപോകുന്നതും കടത്തുന്നതും മോഷ്ടിക്കുന്നതുമെല്ലാം ഇവിടെ പതിവാണത്രേ. 

ഇത്തരത്തില്‍ ഇറച്ചിക്കായി നൂറുകണക്കിന് പൂച്ചകളെ കൊന്നൊടുക്കിയ റെസ്റ്റോറന്‍റ് ഇപ്പോള്‍ അടച്ചുപൂട്ടിയിരിക്കുന്നു എന്നതാണ് പുതുതായി ശ്രദ്ധിക്കപ്പെടുന്ന വാര്‍ത്ത. ഓരോ മാസവും ശരാശരി മുന്നൂറ് പൂച്ചകളെയെങ്കിലും ഈ റെസ്റ്റോറന്‍റില്‍ കൊന്നിരുന്നുവത്രേ.

പൂച്ചകളെ കശാപ്പ് ചെയ്യുന്ന രീതിയോട് യോജിക്കാൻ സാധിക്കാതിരുന്നതിനാല്‍ ബക്കറ്റില്‍ വെള്ളം നിറച്ച് ഇതില്‍ പൂച്ചകളെ മുക്കി കൊല്ലുകയാണത്രേ റെസ്റ്റോറന്‍റുകാര്‍ ചെയ്തിരുന്നത്. ഇതെല്ലാം ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ മനസ് അസ്വസ്ഥമാകുമെന്നും അന്ന് കച്ചവടം വലിയ നഷ്ടത്തിലേക്ക് കടന്നപ്പോഴാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത് എന്നും റെസ്റ്റോറന്‍റ് ഉടമസ്ഥൻ ഫാം ക്യോക് ഡോൻ പറയുന്നു. 

സന്നദ്ധ സംഘടനയായ 'ഹ്യമെയ്ൻ സൊസൈറ്റി ഇന്‍റര്‍നാഷണല്‍'ന്‍റെ സജീവമായ ഇടപെടലും റെസ്റ്റോറന്‍റ് പൂട്ടുന്നതിനെ ഉടമസ്ഥനെ പ്രേരിപ്പിച്ചിട്ടുണ്ട്. സംഘടന ഇദ്ദേഹത്തിന് ഉപജീവനമാര്‍ഗമായി ഒരു പലചരക്ക് കടയും നല്‍കാൻ തയ്യാറായി. ഈ മാസം ആദ്യം തന്നെ പൂച്ചയിറച്ചയുടെ വില്‍പന ഇവര്‍ നിര്‍ത്തിയിരുന്നുവത്രേ. ശേഷിച്ചിരുന്ന ഇരുപത് പൂച്ചകളെ തുറന്നുവിട്ടത് വാര്‍ത്തയിലും ഇടം നേടിയിരുന്നു. ഇതിന് ശേഷമാണിപ്പോള്‍ റെസ്റ്റോറന്‍റ് അടച്ചുപൂട്ടുന്നത്. 

Also Read:- സര്‍ജറിക്കിടെ ഡോക്ടര്‍ രോഗിയെ ഇടിച്ചു; വീഡിയോ വമ്പൻ വിവാദമാകുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo