Asianet News MalayalamAsianet News Malayalam

കുട്ടികള്‍ വെയിലു കൊള്ളാമോ?

കഥ പറയും കാലം. സാഗ ജെയിംസ് എഴുതിയ കുട്ടികളുടെ നോവല്‍ എട്ടാം ഭാഗം

katha parayum kaalam kids novel by Saga james part 8
Author
Thiruvananthapuram, First Published Jun 10, 2021, 4:59 PM IST

പ്രിയപ്പെട്ട കൂട്ടുകാരേ, 

പഠിത്തം കുറേ കൂടി രസകരമാക്കാന്‍ നമുക്കൊരു കഥ വായിച്ചാലോ? 
സന്തോഷം തരുന്ന, എന്നാല്‍ പുതിയ കാര്യങ്ങള്‍ പറഞ്ഞുതരുന്ന ഒരു കുട്ടിക്കഥ.

കഥ എന്നു പറയുമ്പോള്‍, അങ്ങനെ ഒരു കുഞ്ഞിക്കഥയല്ല.
വല്യ ആള്‍ക്കാര് ഇതിനെ പറയുന്നത് നോവല്‍ എന്നാണ്.
കുട്ടികള്‍ക്കു വേണ്ടി ഇഷ്ടത്തോടെ എഴുതുന്ന നല്ല നീളമുള്ള കഥ.
ഒറ്റ ദിവസം കൊണ്ടൊന്നും തീര്‍ന്നുപോവില്ല.
അടുത്ത 12 ദിവസം കൊണ്ടാണ് ഈ കഥ പറയുക. 
ഇതിന്റെ പേര് എന്താണെന്നോ...? കഥ പറയും കാലം' 

നിങ്ങളുടെ ടീച്ചറെ പോലെ ഒരു ടീച്ചറാണ് ഇത് എഴുതിയത്. 
പേര് സാഗ ജെയിംസ്. സാഗ ടീച്ചര്‍ എന്നു വിളിച്ചോളൂ. 

ഭംഗിയുള്ള ചിത്രങ്ങള്‍ വരച്ചത് ഒരു വരയാന്റിയാണ്.
പേര് ബിന്ദു ദാസ്. സാഗട്ടീച്ചറിന്റെ ബെസ്റ്റ് ഫ്രണ്ടാണ്. 

വായിച്ചു കഴിഞ്ഞാ ചിലതൊക്കെ ടീച്ചറാന്റിയോട് പറയാനുണ്ടാവും.
അവയൊക്കെ submissions@asianetnews.in എന്ന ഇ മെയില്‍ ഐഡിയില്‍ അയക്കണേ ട്ടോ. 
നിങ്ങളുടെ മെയിലുകളെല്ലാം ഞങ്ങള്‍ ആന്റിക്ക് എത്തിച്ചുകൊടുക്കാം.

അപ്പോ എല്ലാവരും ഒന്നിങ്ങ് വന്നേ!

 

katha parayum kaalam kids novel by Saga james part 8

 

തൊടിയില്‍ നട്ടിട്ടുള്ള കാച്ചിലിന്റെ നീണ്ട പൊടിപ്പുകളെ താങ്ങുവള്ളികളിലേക്ക് പടര്‍ത്തിവിടുകയായിരുന്നു തോമാച്ചന്‍. ഉച്ചയൂണിനുശേഷം തോമാച്ചനെ ഉമ്മറത്തു കണ്ടില്ലെങ്കില്‍ പിന്നെ തൊടിയില്‍ നോക്കിയാല്‍ മതിയെന്ന് ജോക്കുട്ടന് നന്നായറിയാം. അവനത് സന്തോഷമുള്ള കാര്യമാണ്. വല്യപ്പച്ചനെ ഉമ്മറത്തു കാണാതിരുന്നപ്പോള്‍ പുസ്തകവായനയിലായിരുന്ന കണ്ണന്റെ കണ്ണുവെട്ടിച്ച് ജോക്കുട്ടന്‍ തൊടിയിലേക്കിറങ്ങി. തൊടിയില്‍ ചുറ്റി നടക്കാന്‍ കിട്ടുന്ന അവസരമൊന്നും ജോക്കുട്ടന്‍ പാഴാക്കാറേയില്ല. അവന്‍ പമ്മിപമ്മി തോമാച്ചനരികിലെത്തി.

'വല്യപ്പച്ചാ... എന്തെടുക്കുകയാ?'

'ആഹാ... എത്തിയല്ലോ വഴക്കാളിക്കുട്ടന്‍.'

'വഴക്കാളിയോ... ഞാനോ? പാവം ഞാന്‍. കാച്ചില്‍ വള്ളികളെ ഞാന്‍ പടര്‍ത്തിവിടാം വല്യപ്പച്ചാ.'

'വേണ്ട വേണ്ട. അതൊക്കെ നീ ഒടിച്ചുകളയും. വെയിലുകൊള്ളാതെ കയറിപ്പോകുന്നുണ്ടോ ജോക്കുട്ടാ. കണ്ണാ... മോനേ ആ തൂമ്പാ ഇങ്ങെടുത്തേ.'

ഉമ്മറത്തിരിക്കുന്ന കണ്ണനോട് തോമാച്ചന്‍ വിളിച്ചു പറഞ്ഞു.

'ഇതാ വല്യപ്പച്ചാ ഞാന്‍ സഹായിക്കണോ?'
തോമാച്ചന്റെ കൈയിലേക്ക് തൂമ്പ കൊടുത്തുകൊണ്ട് കണ്ണന്‍ ചോദിച്ചു.

'വേണ്ട മോനേ നീ ജോക്കുട്ടനേയും കൊണ്ട് പൊയ്‌ക്കോളൂ. വെയിലേറ്റ് വാടാനായി ഇറങ്ങിയേക്കുവാ തല്ലുകൊള്ളി ചെക്കന്‍.'

തോമാച്ചന്‍ ജോക്കുട്ടനെ ഏറുകണ്ണിട്ടു നോക്കി.

'അവനിച്ചിരെ വെയിലുകൊള്ളട്ടെ വല്യപ്പച്ചാ. അല്‍പം വെയിലുകൊള്ളുന്നത് നല്ലതാ.'

'ങ്‌ഹേ... വല്യപ്പച്ചന്‍ പറയുന്നു. വെയിലേറ്റ് വാടുമെന്ന്. ചേട്ടായി പറയുന്നു വെയിലു കൊള്ളുന്നത് നല്ലതാന്ന്. കര്‍ത്താവേ... ഇതിലേതാ ഞാനിപ്പോള്‍ വിശ്വസിക്കേണ്ടത്?'

ഇതുകേട്ട് കണ്ണനും തോമാച്ചനും പൊട്ടിച്ചിരിച്ചു.

'എടാ കുട്ടാ... ചെറിയ അളവില്‍ സൂര്യപ്രകാശം ഏല്‍ക്കുന്നത് നല്ലതാണ്.'

'അതേയോ ചേട്ടായീ?'

'ഉം. നമ്മുടെ ശരീരത്തില്‍  പറ്റിയിരിക്കുന്ന ഫംഗസുകളെയും ബാക്ടീരിയകളെയും സൂര്യപ്രകാശം നശിപ്പിക്കുന്നു. നമ്മുടെ നാഡീവ്യൂഹത്തെ ഉത്തേജിപ്പിച്ച് ശരീരത്തിന് ഉന്‍േമഷം പകരുന്നു. മാത്രമല്ല സൂര്യപ്രകാശം നമ്മുടെ രക്തത്തിലെ വെളുത്ത രക്താണുക്കളെ ഉത്തേജിപ്പിക്കുന്നു. അങ്ങനെ ശരീരത്തിലേക്ക് ആക്രമിച്ചു കടക്കുന്ന രോഗാണുക്കളെ തടയുവാന്‍ ശരീരത്തെ സജ്ജമാക്കുന്നു.'

'അമ്പമ്പോ ഇത്ര നല്ലാതായിരുന്നോ വെയിലു കൊള്ളുന്നത്? എന്നിട്ടാണ് ഈ വല്യപ്പച്ചന്‍ എന്നെ വഴക്കുപറഞ്ഞത്. വല്യപ്പച്ചാ... ഇതൊക്കെ കേള്‍ക്കുന്നുണ്ടല്ലോ അല്ലേ?'

തോമാച്ചന്‍ കാച്ചില്‍ വള്ളികള്‍ പടര്‍ത്തി വിടുന്നത് നിര്‍ത്തിവെച്ച് ജോക്കുട്ടനെ നോക്കി ചിരിച്ചു.

 

katha parayum kaalam kids novel by Saga james part 8

 

'സൂര്യപ്രകാശത്തില്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ ഉണ്ടെന്ന് കുട്ടനറിയാമോ?'

കണ്ണന്‍ ചോദിച്ചു.

'അറിയാമല്ലോ.'

'ഈ അള്‍ട്രാവയലറ്റ് രശ്മികള്‍ നമ്മുടെ ത്വക്കിലെ എര്‍ഗോസ്റ്ററോള്‍ എന്ന വസ്തുവിനെ വിറ്റാമിന്‍ ഡി ആക്കി മാറ്റുന്നു. വിറ്റാമിന്‍ ഡി യുടെ ഗുണമെന്താണെന്നറിയാമോ കുട്ടാ?'

'അറിയാമല്ലോ ചേട്ടായീ... ഞാന്‍ പറയട്ടെ?'

'പറയൂ.'

'എല്ലുകളും പല്ലുകളും വളരുന്നത് വിറ്റാമിന്‍ഡി  കാരണമാണ്, ല്ലേ'

അതെ. പക്ഷേ ഇതുമാത്രമല്ല കേട്ടോ. കാല്‍സ്യം, ഫോസ്ഫറസ് എന്നിവയുടെ ആഗിരണം നിയന്ത്രിക്കുന്നതും രോഗപ്രതിരോധശേഷി സുഗമമാക്കുന്നതും വിറ്റാമിന്‍ ഡിയാണ്.'

'വല്യപ്പച്ചാ... വല്യപ്പച്ചാ... ഇനി ഒന്നും പറയാനില്ലാല്ലേ?'

ജോക്കുട്ടന്‍ തോമാച്ചനെ നോക്കി കളിയാക്കിച്ചിരിച്ചു.

'പക്ഷേ... ഇങ്ങനെയൊക്കെയാണെങ്കിലും വെയില്‍ കൊള്ളുന്നതുകൊണ്ട് ചില ദോഷങ്ങളുമുണ്ട്. കുട്ടാ.'
കണ്ണന്‍ പറഞ്ഞു.

'വേഗം പറഞ്ഞു കൊടുക്കൂ കണ്ണാ. ജോക്കുട്ടാ... ഇപ്പോള്‍ എങ്ങനെയുണ്ട്?'

'തീവ്രതയേറിയ സൂര്യപ്രകാശം ചിലരില്‍ ത്വക്ക് അലര്‍ജിക്ക് കാരണമാകുന്നു. കൂടുതല്‍ വെയിലേറ്റാല്‍ രക്തസമ്മര്‍ദ്ദം ഉയരുന്നു. ഹൃദയത്തിനും ശ്വാസകോശത്തിനും തകരാറുള്ളവര്‍ അധികം വെയിലേല്‍ക്കാതിരിക്കുന്നതാണ് നല്ലത്.'

'വല്യപ്പച്ചാ... വേഗം വീട്ടില്‍ കയറിക്കോ. വല്യപ്പച്ചന്റെ കാര്യമാ പറഞ്ഞത്. തൊടിയിലെ പണിയൊക്കെ ഞാനും ചേട്ടായിയും കൂടി ചെയ്‌തോളാം.'

ജോക്കുട്ടന്‍ തോമാച്ചന്റെ അടുത്തേക്ക് ചെന്ന് തൂമ്പാ പൊക്കിയെടുത്തു.

'എടാ കള്ളക്കുട്ടാ... നിന്നെ ഇന്ന് ഞാന്‍...'

തോമാച്ചന്‍ ജോക്കുട്ടനെ ഇക്കിളിയിട്ടു. ജോക്കുട്ടന്‍ തോമാച്ചന്റെ കൈ തട്ടിമാറ്റികൊണ്ട് തൊടിയിലെ വാഴകള്‍ക്കിടയിലൂടെ ഓടാന്‍ തുടങ്ങി. തോമാച്ചന്‍ പുറകേയും.

 

കഥ പറയും കാലം

ഭാഗം ഒന്ന്: ''വൈറസ് വന്നതോണ്ട് ഒരു കാര്യണ്ടായി; അടുത്തൊന്നുമിനി ദുബായില്‍ പോണ്ട''

രണ്ടാം ഭാഗം. കുയിലിന് കാക്കക്കൂട്ടില്‍ എന്താണ് കാര്യം?

ഭാഗം മൂന്ന്: മയില്‍പ്പീലിക്ക് എവിടുന്നാണ് ഇത്രയും നിറങ്ങള്‍?

ഭാഗം നാല്: വല്യമ്മച്ചി കരയുന്നു...!

ഭാഗം അഞ്ച്: നീന്തല്‍താരം ഐസൂട്ടന്‍

ഭാഗം ആറ്: പാലും മുട്ടയും കഴിക്കുന്ന ചിലന്തി, ഉരുക്കിനേക്കാള്‍ ബലമുള്ള ചിലന്തിവല

ഏഴാം ഭാഗം: നെല്ലിക്ക ആദ്യം കയ്ച്ച് പിന്നെ  മധുരിക്കുന്നത് എന്തു കൊണ്ടാണ്?
 

Follow Us:
Download App:
  • android
  • ios