Asianet News MalayalamAsianet News Malayalam

ഗ്രഹണം, നൊബേല്‍ സമ്മാനം കിട്ടിയ ആദ്യ എഴുത്തുകാരിയുടെ കഥ

മറുകര. വിവര്‍ത്തനങ്ങള്‍ക്കു മാത്രമായൊരു കോളം. ശ്രദ്ധേയയായ വിവര്‍ത്തക രശ്മി കിട്ടപ്പ മൊഴിമാറ്റം നടത്തുന്ന ലോകസാഹിത്യത്തിലെ വേറിട്ട എഴുത്തുകള്‍.ഈ ആഴ്ചയില്‍,  നൊബേല്‍ സമ്മാനം കിട്ടിയ ആദ്യ എഴുത്തുകാരി സെല്‍മ ലാഗെര്‍ലോഫിന്റെ 'ഗ്രഹണം'

Marukara a column for translation short story by  selma lagerlof  translation by Reshmi Kittappa
Author
Thiruvananthapuram, First Published Jul 17, 2021, 7:21 PM IST

വിവര്‍ത്തകയുടെ കുറിപ്പ്

ലളിതമായി പറയുന്ന കഥകള്‍ മനോഹരമാവണമെന്നില്ല, മനോഹരമായ കഥകള്‍ ലളിതമാവണമെന്നും. എങ്കിലും ചിലപ്പോള്‍ ചിലരെങ്കിലും കഥ പറയുമ്പോള്‍ അത് ലളിതമനോഹരമായിത്തീരുന്നു. ബഹളങ്ങളും തിക്കും തിരക്കുമില്ലാതെ വാക്കുകളെ പതുക്കെ അടുക്കിവെച്ചുകൊണ്ട്, ആഡംബരങ്ങളും അലങ്കാരങ്ങളുമില്ലാതെ വാചകങ്ങളെ അവയുടെ കടമ നിര്‍വ്വഹിക്കുവാന്‍ വിട്ടുകൊണ്ട് എഴുതപ്പെടുന്ന ചില കഥകള്‍ കാലത്തിനൊപ്പം നടന്നുകൊണ്ടേയിരിക്കും. അത്തരത്തിലുള്ള ഒരു കഥയാണ് സാഹിത്യത്തിനുള്ള നോബെല്‍ സമ്മാനം ലഭിച്ച ആദ്യ വനിതയായ സ്വീഡിഷ് എഴുത്തുകാരി സെല്‍മ ലാഗെര്‍ലോഫിന്റെ 'ഗ്രഹണം'. അതിലളിതമായി എങ്ങനെ പ്രകൃതിയിലേക്ക് നോക്കാമെന്ന് ഇക്കഥ മനസ്സിലാക്കിത്തരുന്നു. കാലങ്ങളായി തുടര്‍ന്നുപോന്നിരുന്ന ചില ചിട്ടകളെ, സങ്കല്പങ്ങളെ എങ്ങനെ മാറ്റിവായിക്കാമെന്ന് ഇത് പഠിപ്പിക്കുന്നു.

 

Marukara a column for translation short story by  selma lagerlof  translation by Reshmi Kittappa

 

ലോകമാകമാനം സൂര്യനെ ആരാധിക്കുന്നത് പലവിധത്തിലാണ്. അതുമായി ബന്ധപ്പെട്ടുള്ള ദേവതാസങ്കല്പങ്ങള്‍ ഒട്ടനവധിയാണ്. ഭാരതീയര്‍ സൂര്യനെ ഒരു പുരുഷനായി കാണുമ്പോള്‍ ചിലയിടങ്ങളിലെല്ലാം അതിനെ ഒരു ദേവിയായി കരുതുന്നവരുമുണ്ട്. സെല്‍മ ലാഗെര്‍ലോഫിന്റെ ഗ്രഹണമെന്ന കഥയിലെ സൂര്യന്‍ അത്തരത്തിലൊരു സ്ത്രീസങ്കല്പമാണ്. ഇരുട്ടില്‍ നിന്നും മറനീക്കി പുറത്തുവരുന്ന അതിനെ കൂട്ടുകാരിയായി കാണുന്ന ഒരു കൂട്ടം സ്ത്രീകളുടെ കഥയാണ് സെല്‍മ അതിയായ ലാഘവത്തോടെ പറഞ്ഞുവെക്കുന്നത്. പ്രകൃതിയെന്ന സ്ത്രീസങ്കല്പം വെച്ചുനോക്കുമ്പോള്‍ അതില്‍ അത്ഭുതപ്പെടാനൊന്നുമില്ലെങ്കിലും കാലങ്ങളായി കരുതിപ്പോരുന്ന ചില ഉറച്ച ചിന്തകള്‍ക്ക് നേരെയാണ് ഈ കഥ വിരല്‍ ചൂണ്ടുന്നത്.

1858-ല്‍ സ്വീഡനില്‍ ജനിച്ച സെല്‍മ ലാഗെര്‍ലോഫ് എഴുത്തുകാരിയും അദ്ധ്യാപികയുമായിരുന്നു. ചെറുപ്പത്തില്‍ മുത്തശ്ശി പറഞ്ഞുകൊടുത്ത കഥകളും ഇതിഹാസങ്ങളും കേട്ട് വളര്‍ന്ന സെല്‍മ കുട്ടിയായിരിക്കുമ്പോള്‍ തന്നെ കവിതകള്‍ എഴുതിയിരുന്നെങ്കിലും 1890 വരെ ഒന്നും പ്രസിദ്ധീകരിച്ചിരുന്നില്ല. മുപ്പത്തിമൂന്നാമത്തെ വയസ്സില്‍ അവര്‍ തന്റെ ആദ്യ നോവല്‍ പ്രസിദ്ധീകരിച്ചു. തന്റെ കഥകളിലൂടെ ഗ്രാമീണ ജീവിതത്തിന്റെ ചിത്രങ്ങളാണ് അവര്‍ കൂടുതലും വരച്ചുകാണിച്ചത്.

സാഹിത്യ നോബെല്‍ സമ്മാനം ലഭിച്ച ആദ്യ സ്ത്രീ എന്ന ബഹുമതിയും സെല്‍മ ലാഗെര്‍ലോഫിനുള്ളതാണ്, 1909-ലായിരുന്നു അത്. സ്‌കൂള്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ള ''നിത്സിന്റെ അതിശയകരമായ സാഹസകൃത്യങ്ങള്‍'' എന്ന ഭൂമിശാസ്ത്ര പുസ്തകമാണ് അവരെഴുതിയതില്‍ വെച്ച് ഏറ്റവും പ്രശസ്തമായത്.

ശക്തമായ രാഷ്ട്രീയബോധത്തിന്റെ ഉടമയായിരുന്ന ലാഗെര്‍ലോഫ് ഒന്നാം ലോക മഹായുദ്ധത്തിന്റെ കെടുതികളില്‍ അതീവ ദു:ഖിതയായിരുന്നു. ജൂത വംശജയും, ജര്‍മന്‍-സ്വീഡിഷ് എഴുത്തുകാരിയുമായിരുന്ന നെല്ലി സാക്‌സിനെ നാസി പീഡനത്തില്‍ നിന്നും രക്ഷപ്പെടുത്തി സ്വീഡനിലേക്ക് യാത്ര ചെയ്യാന്‍ സഹായിച്ചത് ലാഗെര്‍ലോഫാണ്.  നൊബെല്‍ സമ്മനമായി തനിക്ക് ലഭിച്ച മെഡല്‍ റഷ്യയുമായി പോരാടുന്ന ഫിന്‍ലാന്‍ഡിനെ സഹായിക്കാന്‍ സംഭാവന ചെയ്തു അവര്‍.

നൊബേല്‍ സമ്മാനം കിട്ടിയ ആദ്യ എഴുത്തുകാരി സെല്‍മ ലാഗെര്‍ലോഫിന്റെ 'ഗ്രഹണം' വായിക്കാം.

 

Marukara a column for translation short story by  selma lagerlof  translation by Reshmi Kittappa

 

ഗ്രഹണം/ സെല്‍മ ലാഗെര്‍ലോഫ്

റിജ്‌കോട്ടിലെ സ്റ്റിനയും, ബേഡ്‌സോങ്ങിലെ ലിനയും, ലിറ്റില്‍ മാര്‍ഷിലെ കയ്‌സയും, സ്‌കൈ പീക്കിലെ മായയും, ഫിന്‍ ഡാര്‍ക്‌നെസ്സിലെ ബേഡയും പിന്നെ പഴയ പട്ടാളക്കാരന്റെ വീട്ടിലെ പുതിയ ഭാര്യ എലിനും അതുകൂടാതെ രണ്ടോ മൂന്നോ കര്‍ഷകസ്ത്രീകളും, ഇവരെല്ലാവരും താമസിച്ചിരുന്നത് ഇടവകയില്‍ നിന്നും ദൂരെ ഒരറ്റത്ത്, സ്റ്റോര്‍ഹോഡെന് താഴെ, വളരെ വിജനവും പാറകള്‍ നിറഞ്ഞതുമായ, വലിയ ഭൂവുടമകള്‍ പോലും കൈവെക്കാന്‍ മടികാണിച്ചിരുന്ന ഒരു പ്രദേശത്ത്. 

ഒരുവള്‍ തന്റെ കുടില്‍ കെട്ടിയുണ്ടാക്കിയത് തള്ളിനില്‍ക്കുന്ന ഒരു പാറയുടെ അടിയിലായിരുന്നു, മറ്റൊരുവള്‍ വീടുണ്ടാക്കിയത് ചതുപ്പുനിലത്തിന്റെ വക്കത്ത്, മൂന്നാമതൊരുവളുടെ കുടില്‍ നിന്നിരുന്നത് ഒരു കുന്നിന്റെ മണ്ടയിലായിരുന്നു, കുത്തനെയുള്ള ആ കയറ്റം കയറി അവിടെയെത്തുന്നതുതന്നെ ശ്രമകരമായ ജോലിയായിരുന്നു. യാദൃച്ഛികമായി മറ്റാരെങ്കിലും കുറച്ചുകൂടി അനുകൂലമായ ഒരു സ്ഥലത്ത് കുടിലുണ്ടാക്കിയിട്ടുണ്ടെങ്കില്‍ അത് മലയുടെ വളരെ അടുത്ത്, ശരത്കാല മേളയുടെ സമയം മുതല്‍ മാര്‍ച്ച് ഇരുപത്തിയഞ്ചിനുള്ള പ്രധാന പെരുന്നാള്‍ വരെ, സൂര്യനെ പുറത്താക്കാനെന്ന പോലെയാണെന്ന് നിങ്ങള്‍ക്കുറപ്പാകും.

വളരെയധികം ബുദ്ധിമുട്ടിനിടയിലും അവരോരോരുത്തരും കുടിലിനരികിലായി കുറച്ച് ഉരുളക്കിഴങ്ങ് ചെടികള്‍ നട്ടിരുന്നു. മലയുടെ താഴ്‌വാരത്തില്‍ പലതരത്തിലുള്ള മണ്ണാണെന്ന് ഉറപ്പുള്ളതിനാല്‍ ആ ചെറിയതുണ്ട് ഭൂമിയില്‍ നിന്നും എന്തെങ്കിലും വരുമാനം ലഭിക്കുക എന്നത് അദ്ധ്വാനമുള്ള പണിയായിരുന്നു. ചില സ്ഥലത്തെല്ലാം അവര്‍ക്ക് കണ്ടത്തില്‍ നിന്നും ഒരുപാട് കല്ലുകള്‍ നീക്കം ചെയ്യേണ്ടിവന്നു, ഒരു പ്രഭുമന്ദിരത്തില്‍ തൊഴുത്ത് പണിയാന്‍ കഴിയുന്നത്രയുണ്ടായിരുന്നു അത്. ചില സ്ഥലത്ത് അവര്‍ ശവക്കുഴികളുടെയത്ര ആഴമുള്ള കുഴികള്‍ മാന്തി, ചിലയിടത്ത് ചാക്കുകളില്‍ മണ്ണ് ചുമന്നുകൊണ്ടുവന്ന് നഗ്‌നമായ പാറയുടെ മുകളില്‍ നിരത്തി. മണ്ണ് അത്ര മോശമല്ലാതിരുന്ന സ്ഥലങ്ങളില്‍ അവര്‍ക്കെപ്പോഴും സമൃദ്ധമായി പൊട്ടിമുളയ്ക്കുന്ന ഉറപ്പുള്ള മുള്‍ച്ചെടികളോടും കളകളോടും പൊരുതേണ്ടിവന്നു, അതുകണ്ടാല്‍ ഉരുളക്കിഴങ്ങിനുള്ള ഭൂമി മുഴുവനും ആ ചെടികളുടെ ഗുണത്തിന് വേണ്ടി ഒരുക്കിയതാണെന്ന് നിങ്ങള്‍ ചിന്തിച്ചുപോകും.

ദിവസം മുഴുവനും സ്ത്രീകള്‍ തങ്ങളുടെ കുടിലുകളില്‍ ഒറ്റക്കായിരുന്നു, അവരില്‍ ചിലര്‍ക്കൊക്കെ ഭര്‍ത്താവും കുട്ടികളും ഉണ്ടായിരുന്നെങ്കിലും, എല്ലാദിവസവും രാവിലെ ഭര്‍ത്താവ് ജോലിക്കുപോകുകയും, കുട്ടികള്‍ സ്‌കൂളില്‍ പോവുകയും ചെയ്തു. പ്രായമായ സ്ത്രീകളില്‍ ചിലര്‍ക്ക് മുതിര്‍ന്ന ആണ്‍മക്കളും പെണ്‍മക്കളും ഉണ്ടായിരുന്നു, പക്ഷെ അവരെല്ലാം അമേരിക്കയിലേക്ക് പോയതായിരുന്നു. അവിടെയുള്ള ചിലര്‍ ചെറിയ കുട്ടികളുള്ളവരായിരുന്നു, തീര്‍ച്ചയായും അവരെപ്പോഴും ചുറ്റിപ്പറ്റി കൂടെയുണ്ടായിരുന്നെങ്കിലും, അതൊരു കൂട്ടുകെട്ടാണെന്ന് കണക്കാക്കാന്‍ കഴിയുമായിരുന്നില്ല.

അവരെല്ലാം അത്രയും ഒറ്റയ്ക്കായതിനാല്‍, ഇടയ്‌ക്കൊക്കെ കാപ്പി കുടിക്കാന്‍ വേണ്ടി ഒത്തുചേരേണ്ടത് സത്യത്തില്‍ അത്യാവശ്യമായിരുന്നു. അവര്‍ വളരെ നന്നായൊന്നും പരസ്പരം ഒത്തുപോയിരുന്നില്ല, അന്യോന്യം വലിയ സ്‌നേഹമൊന്നും തമ്മില്‍ ഉണ്ടായിരുന്നുമില്ല. പക്ഷെ ചിലര്‍ക്ക് മറ്റുള്ളവര്‍ പുതിയതായി എന്തൊക്കെയാണ് ചെയ്യുന്നത് എന്നതിനെക്കുറിച്ച് അറിയണമായിരുന്നു, ഇടയ്‌ക്കൊന്നും മനുഷ്യരെ കാണാതെ മലയുടെ തണലില്‍ അങ്ങിനെ ജീവിച്ച് ചിലരൊക്കെ നിരാശയുള്ളവരായിത്തീര്‍ന്നു. തങ്ങളുടെ ഹൃദയഭാരം ഇറക്കിവെച്ച്, അമേരിക്കയില്‍ നിന്നും അവസാനം വന്ന കത്തിനെക്കുറിച്ച് സംസാരിക്കാന്‍ ആഗ്രഹിക്കുന്നവരും അക്കൂട്ടത്തിലുണ്ടായിരുന്നു, ജന്മനാ വായാടികളും ഹാസ്യശീലമുള്ളവരും, ദൈവം തന്ന ഇത്തരം കഴിവുകള്‍ പുറത്തുകാണിക്കാനുള്ള അവസരം ആഗ്രഹിച്ചിരിക്കുന്നവരും അവിടെയുണ്ടായിരുന്നു.

ഒരു ചെറിയ പാര്‍ട്ടി ഒരുക്കാന്‍ എന്തെങ്കിലും ബുദ്ധിമുട്ടും അവര്‍ക്കുണ്ടായിരുന്നില്ല. കാപ്പിപ്പാത്രവും കാപ്പിക്കപ്പുകളും അവരുടെ കൈയില്‍ ഉണ്ടെന്ന കാര്യം ഉറപ്പായിരുന്നു. ആരുടെയെങ്കിലും വീട്ടില്‍ പശു ഇല്ലെങ്കില്‍ ജന്മിയുടെ വീട്ടില്‍ നിന്നും പാല്‍പ്പാട വാങ്ങാം, അലങ്കരിച്ച ബിസ്‌കറ്റുകളും ചെറിയ കേക്കുകളും വാങ്ങാന്‍ നഗരത്തിലെ ബേക്കറിയിലേക്ക് പാല്‍ക്കാരന്റെ ഡ്രൈവറെ അയക്കാം. കാപ്പിപ്പൊടിയും പഞ്ചസാരയും വില്‍ക്കുന്ന ഗ്രാമീണരായ വ്യാപാരികളെ എല്ലായിടത്തും കാണാന്‍ കഴിയും. അതിനാല്‍ ഒരു കാപ്പിസല്‍ക്കാരമായിരുന്നു ഏറ്റവും എളുപ്പത്തില്‍ ചിന്തിക്കാന്‍ കഴിയുന്ന കാര്യം. അതിനുള്ള അവസരം കണ്ടുപിടിക്കുന്നതായിരുന്നു ബുദ്ധിമുട്ട്.

 

............................................

അവരെല്ലാം അത്രയും ഒറ്റയ്ക്കായതിനാല്‍, ഇടയ്‌ക്കൊക്കെ കാപ്പി കുടിക്കാന്‍ വേണ്ടി ഒത്തുചേരേണ്ടത് സത്യത്തില്‍ അത്യാവശ്യമായിരുന്നു.

Marukara a column for translation short story by  selma lagerlof  translation by Reshmi Kittappa

 

റിജ്‌കോട്ടിലെ സ്റ്റിനയും, ബേഡ്‌സോങ്ങിലെ ലിനയും, ലിറ്റില്‍മാര്‍ഷിലെ കയ്‌സയും, സ്‌കൈപീക്കിലെ മായയും, ഫിന്‍ ഡാര്‍ക്‌നെസ്സിലെ ബേഡയും പിന്നെ പഴയ പട്ടാളക്കാരന്റെ വീട്ടിലെ പുതിയ ഭാര്യ എലിനും ബാക്കിയുള്ളവരും സാധാരണ ദിവസങ്ങളുടെ ഇടയില്‍ ഒരിക്കലും ഒരു പാര്‍ട്ടി ആഘോഷിക്കാന്‍ കഴിയില്ലെന്ന് സമ്മതിച്ചിരുന്നു. ഒരിക്കലും തിരിച്ചുവരാത്ത വിലപിടിപ്പുള്ള മണിക്കൂറുകള്‍ നഷ്ടപ്പെടുത്തിയാല്‍ അവര്‍ക്ക് ചിലപ്പോള്‍ ചീത്തപ്പേര് കേള്‍ക്കും. ഞായറാഴ്ചകളിലോ അല്ലെങ്കില്‍ വലിയ പുണ്യദിവസങ്ങളിലോ കാപ്പിസല്‍ക്കാരങ്ങള്‍ വെക്കുന്നത് ചിന്തിക്കാന്‍ കഴിയുമായിരുന്നില്ല, വിവാഹം കഴിച്ച സ്ത്രീകളുടെ ഭര്‍ത്താവും കുട്ടികളും അപ്പോള്‍ വീട്ടിലുണ്ടാകും, അത് തന്നെ ആവശ്യത്തിനുള്ള കൂട്ടായിരുന്നു. മറ്റുള്ളവരില്‍ ചിലര്‍ ആ ദിവസങ്ങളില്‍ പള്ളിയില്‍ പോകാന്‍ ഇഷ്ടപ്പെട്ടു, ചിലര്‍ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ ആഗ്രഹിച്ചു, മറ്റുചിലര്‍ സത്യത്തില്‍ അതൊരു പുണ്യദിവസമാണെന്ന് തോന്നാന്‍ വേണ്ടി പരിപൂര്‍ണ്ണ ശാന്തിയിലും സമാധാനത്തിലും വീട്ടില്‍ത്തന്നെ ദിവസം ചിലവഴിക്കാന്‍ തീരുമാനിച്ചു.

ആയതിനാല്‍ അവരെല്ലാവരും കിട്ടുന്ന ഓരോ അവസരവും മുതലെടുക്കാന്‍ വേണ്ടി കുറേക്കൂടി ജിജ്ഞാസയുള്ളവരായിരുന്നു. അതില്‍ മിക്കവാറും പേരും തങ്ങളുടെ നാമ-ദിവസത്തില്‍ സല്‍ക്കാരം നടത്തി, കൊച്ചുകുഞ്ഞിന് ആദ്യമായി പല്ലുമുളച്ചപ്പോഴോ കുട്ടി ആദ്യമായി പിച്ച വെച്ചപ്പോഴോ ചിലര്‍ വലിയ പരിപാടി ആഘോഷിച്ചു. അമേരിക്കയില്‍ നിന്നും വരുന്ന പണം സ്വീകരിക്കുന്നവര്‍ക്ക് അതെപ്പോഴും ആഘോഷത്തിനുള്ള സൗകര്യപ്രദമായ ഒരു കാരണം പറയലായിരുന്നു.

അതുപോലെത്തന്നെ ഒത്തുചേരാന്‍ ആവശ്യമുള്ള അവസരങ്ങളും വേണ്ടത്ര ഉണ്ടായിരുന്നില്ല. ഒരു വര്‍ഷം, സ്ത്രീകളിലൊരാളുടെ ക്ഷമ നശിച്ചുപോയി. അവള്‍ക്കായിരുന്നു പാര്‍ട്ടി കൊടുക്കാനുള്ള ഊഴം, അവളില്‍ നിന്നും പ്രതീക്ഷിക്കുന്നത് നല്‍കാന്‍ അവള്‍ക്ക് എതിര്‍പ്പുമുണ്ടായിരുന്നില്ല, പക്ഷെ ആഘോഷത്തിനുള്ള എന്തെങ്കിലും അവസരം കണ്ടുപിടിക്കാന്‍ അവള്‍ക്ക് കഴിയുന്നില്ലെന്ന് തോന്നി. അവളുടെ തന്നെ നാമ-ദിവസം അവള്‍ക്ക് ആഘോഷിക്കാന്‍ കഴിഞ്ഞില്ല, ബേഡ എന്ന പേരായതിനാല്‍ അങ്ങിനെയൊരു ദിവസം കലണ്ടറില്‍ ഉണ്ടായിരുന്നില്ല.. കുടുംബത്തിലെ മറ്റേതെങ്കിലും അംഗത്തിന്റെ ദിവസവും ആഘോഷിക്കാന്‍ കഴിയുമായിരുന്നില്ല കാരണം അവളുടെ പ്രിയപ്പെട്ടവരെല്ലാം പള്ളിയങ്കണത്തില്‍ വിശ്രമിക്കുകയായിരുന്നു. അവള്‍ക്ക് വളരെയധികം പ്രായമായിരുന്നു, അവള്‍ പുതച്ചിരുന്ന കമ്പിളിപ്പുതപ്പ് ചിലപ്പോള്‍ അവളേക്കാള്‍ ഈടുനില്‍ക്കും. അവള്‍ക്ക് പ്രിയപ്പെട്ട ഒരു പൂച്ചയുണ്ടായിരുന്നു. സത്യം പറയുകയാണെങ്കില്‍, അവള്‍ കുടിച്ചിരുന്നതുപോലെ തന്നെ ആ പൂച്ചയും കാപ്പി കുടിച്ചിരുന്നു, പക്ഷെ ഒരു പൂച്ചയ്ക്ക് വേണ്ടി പാര്‍ട്ടിനടത്താനുള്ള ധൈര്യം അവള്‍ക്കുണ്ടായിരുന്നില്ല!

ചിന്തയിലാണ്ടുകൊണ്ട്, അവള്‍ തന്റെ കലണ്ടര്‍ വീണ്ടും വീണ്ടും നോക്കി, തന്റെ പ്രശ്‌നത്തിന് തീര്‍ച്ചയായും അതില്‍ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് അവള്‍ക്ക് തോന്നി.

അവള്‍ തുടക്കത്തില്‍ നിന്നുതന്നെ വായിക്കാന്‍ ആരംഭിച്ചു, ''രാജകുടുംബം'' പിന്നെ ''രാശികളും പ്രവചനങ്ങളും'' എന്നുതുടങ്ങി '1912 ലേക്കുള്ള വിപണികളും തപാല്‍ സന്ദേശങ്ങളും'' വരെ വായിച്ചെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.

ഏഴാമത്തെ തവണ കലണ്ടര്‍ വായിക്കാന്‍ തുടങ്ങിയപ്പോള്‍, അവളുടെ നോട്ടം ''ഗ്രഹണങ്ങള്‍'' എന്നതില്‍ ഉടക്കി. ആ വര്‍ഷം, അതായത് 1912-ലെ ഏപ്രില്‍ പതിനേഴിന് സൂര്യഗ്രഹണമാണെന്ന് അവള്‍ കണ്ടുപിടിച്ചു. നട്ടുച്ച കഴിഞ്ഞ് ഇരുപത് മിനിട്ടായാല്‍ അത് തുടങ്ങുകയും ഉച്ചയ്ക്ക് 2.40-ന് തീരുകയും ചെയ്യും. സൂര്യന്റെ പത്തില്‍ ഒന്‍പതുഭാഗത്തെ അത് മൂടും.

ഇതവള്‍ മുന്‍പും പ്രത്യേക പ്രാധാന്യമൊന്നും കൊടുക്കാതെ പലതവണ വായിച്ചിട്ടുണ്ടായിരുന്നു, പക്ഷെ ഇപ്പോള്‍ പെട്ടെന്ന് അവള്‍ക്കെല്ലാം വ്യക്തമായി.

''ഇപ്പോള്‍ എനിക്ക് പിടികിട്ടി!'' അവള്‍ ആശ്ചര്യത്തോടെ പറഞ്ഞു.

പക്ഷെ ഒന്നോ രണ്ടോ നിമിഷത്തേക്ക് മാത്രമാണ് അവള്‍ക്ക് ആത്മവിശ്വാസം തോന്നിയത്, അതുകഴിഞ്ഞപ്പോള്‍ മറ്റുള്ള സ്ത്രീകള്‍ തന്നെ കളിയാക്കുമെന്നോര്‍ത്ത് ആ ചിന്തയെ അവള്‍ മാറ്റിവെച്ചു.

എന്നിരുന്നാലും അടുത്ത ഏതാനും ദിവസങ്ങളില്‍, ഡയറി വായിക്കുമ്പോള്‍ അന്ന് തോന്നിയ ആശയം വീണ്ടും വീണ്ടും അവളുടെ മനസ്സിലേക്ക് വന്നുകൊണ്ടിരുന്നു, അവസാനം ആ സാഹസത്തിന് എന്തുകൊണ്ട് മുതിര്‍ന്നുകൂടാ എന്നവള്‍ ചിന്തിക്കാന്‍ തുടങ്ങി. കാരണം, അതിനെക്കുറിച്ച് ചിന്തിച്ചപ്പോള്‍, സൂര്യനേക്കാള്‍ കൂടുതലായി അവള്‍ സ്‌നേഹിക്കുന്ന മറ്റേതൊരു സുഹൃത്താണ് ഈ മുഴുവന്‍ ലോകത്തിലും അവള്‍ക്കുള്ളത്? ശൈത്യകാലം മുഴുവന്‍ സൂര്യന്റെ ഒരു കിരണം പോലും അവളുടെ മുറിയിലേക്ക് തുളച്ചുകയറാതെ കുടില്‍ കിടക്കും.  സൂര്യന്‍ അവളിലേക്ക് തിരിച്ചെത്തുവാന്‍ ദിവസങ്ങളെണ്ണി വസന്തത്തില്‍ അവള്‍ കാത്തിരിക്കും. സൂര്യനെ മാത്രമാണ് അവളാഗ്രഹിച്ചത്, എപ്പോഴും അവളോട് സൗഹൃദവും അനുകമ്പയും കാണിക്കുന്ന ഒരേയൊരാള്‍,  അവള്‍ക്ക് ഒരിക്കലും മതിയാവോളം കാണാന്‍ കഴിയാത്ത ഒരാള്‍.

തന്റെ കഴിഞ്ഞകാലത്തിലേക്ക് നോക്കിയപ്പോള്‍, അവള്‍ക്കത് അനുഭവപ്പെടുകയും ചെയ്തു. നിരന്തരമായ കുളിരിലെന്നതുപോലെ അവളുടെ കൈകള്‍ വിറച്ചു. നിലക്കണ്ണാടിയില്‍ നോക്കിയപ്പോള്‍ കുമ്മായമിട്ട് വെളുപ്പിക്കാന്‍ പുറത്തുകിടത്തിയതുപോലെ താന്‍ വളരെ വിളറിയും തളര്‍ന്നുമാണെന്ന് അവള്‍ കണ്ടു. ശക്തിയോടെ, ഊഷ്മളമായി ചൊരിയുന്ന സൂര്യപ്രകാശത്തില്‍ നിന്നപ്പോള്‍ മാത്രമാണ് താനൊരു ജീവനുള്ള മനുഷ്യനാണെന്നും അല്ലാതെ നടക്കുന്ന ശവമല്ല എന്നും അവള്‍ക്ക് മനസ്സിലായത്.

കൂടുതല്‍ അതിനെക്കുറിച്ച് ചിന്തിച്ചപ്പോള്‍, അവളുടെ സുഹൃത്തായ സൂര്യന്‍ ഇരുട്ടിനോട് പൊരുതുകയും മഹത്തായ വിജയത്തിനുശേഷം പുതിയ ഗാംഭീര്യത്തോടെയും തേജസ്സോടെയും പുറത്തുവരുന്ന ആ ദിവസമല്ലാതെ, കൊല്ലം മുഴുവന്‍ ആഘോഷിക്കാനായി മറ്റൊരു ദിവസമില്ല എന്ന തോന്നല്‍ അവള്‍ക്ക് കൂടുതല്‍ ഉണ്ടായിക്കൊണ്ടിരുന്നു.

ഏപ്രില്‍ പതിനേഴ് അകലെയായിരുന്നില്ല, പക്ഷെ ഒരു പാര്‍ട്ടി ഒരുക്കാനുള്ള സമയം ധാരാളമായി ഉണ്ടായിരുന്നു. അതുകൊണ്ട് ഗ്രഹണത്തിന്റെ ദിവസം സ്റ്റിനയും, ലിനയും, കയ്‌സയും, മജയും മറ്റുള്ള സ്ത്രീകളെല്ലാവരും കൂടി ബേഡയുടെ കൂടെ ഫിന്‍ ഡാര്‍ക്ക്‌നെസ്സില്‍ ഇരുന്ന് കാപ്പി കുടിച്ചു. അവര്‍ രണ്ടും മൂന്നും കപ്പ് കുടിച്ചു, എന്നിട്ട് ചിന്തിക്കാന്‍ കഴിയുന്ന എല്ലാത്തിനെക്കുറിച്ചും സംസാരിച്ചു. പക്ഷെ ഒരു കാര്യം, എന്തിനാണ് ബേഡ പാര്‍ട്ടി തരുന്നതെന്ന് എത്ര ആലോചിച്ചും അവര്‍ക്ക് പിടികിട്ടുന്നില്ലെന്ന് അവര്‍ പറഞ്ഞു.

 

....................................

സൂര്യനില്‍ വിശ്വസ്തയായ ഒരു സുഹൃത്തുണ്ടെന്ന ചിന്തയില്‍ തങ്ങള്‍ കൂടുതല്‍ സമ്പത്തുള്ളവരും കൂടുതല്‍ സുരക്ഷിതരുമാണെന്ന് എന്തുകൊണ്ടോ അവര്‍ക്ക് തോന്നി.

Marukara a column for translation short story by  selma lagerlof  translation by Reshmi Kittappa

 

അതിനിടയ്ക്ക് ഗ്രഹണം നടക്കുകയായിരുന്നു. പക്ഷെ അവരത് ശ്രദ്ധിച്ചതേയില്ല. ഒരു നിമിഷത്തേക്ക് ആകാശം കറുപ്പ് കലര്‍ന്ന ചാരനിറമായപ്പോള്‍, ഭൂമി മുഴുവനും വിരസതയുടെ പുതപ്പിനുള്ളിലാണെന്ന് തോന്നിയപ്പോള്‍, ദുര്‍വ്വിധിയുടെ കാഹളം പോലെയും അവസാന വിധിപറച്ചിലിന്റെ ദിവസത്തെ വിലാപം പോലെയും ശബ്ദമുണ്ടാക്കിക്കൊണ്ട് കാറ്റ് ഓരിയിട്ടപ്പോള്‍, അപ്പോള്‍ മാത്രം അവരൊന്ന് നിര്‍ത്തുകയും അല്പം അമ്പരക്കുകയും ചെയ്തു. പക്ഷെ അപ്പോള്‍ അവരുടെ കൈയില്‍ ചൂടുള്ള കാപ്പിയുണ്ടായിരുന്നു അതിനാല്‍ ആ ഒരു തോന്നല്‍ പെട്ടെന്ന് കടന്നുപോയി.

എല്ലാം കഴിഞ്ഞ്, സൂര്യന്‍ ആകാശത്തില്‍ അത്യധികം തിളങ്ങിക്കൊണ്ട് സന്തോഷത്തോടെ നിന്നപ്പോള്‍, ആ വര്‍ഷം മുഴുവനും ഇത്രയും ഉജ്ജ്വലമായും ശക്തിയോടെയും അത് പ്രകാശിച്ചിട്ടില്ലെന്ന് അവര്‍ക്ക് തോന്നി. വൃദ്ധയായ ബേഡ ജനലിനടുത്തേക്ക് പോയി കൈകെട്ടി നില്‍ക്കുന്നത് അവര്‍ കണ്ടു. സൂര്യപ്രകാശമേല്‍ക്കുന്ന മലഞ്ചരിവിലേക്ക് നോക്കിക്കൊണ്ട് തന്റെ ഇടറുന്ന ശബ്ദത്തില്‍ അവള്‍ പാടി:

അങ്ങയുടെ മിന്നുന്ന സൂര്യന്‍ അതാ വീണ്ടുമുയരുന്നു,
എന്റെ ദൈവമേ, ഞാനങ്ങയോട് നന്ദി പറയുന്നു!

പുതുതായി കണ്ടെത്തിയ ധൈര്യത്തോടെയും, 
ശക്തിയോടെയും, പ്രതീക്ഷയോടെയും,
ഞാനിതാ ആനന്ദത്തിന്റെ ഒരു ഗീതമുയര്‍ത്തുന്നു.

മെലിഞ്ഞ് ഭാരമില്ലാത്ത വൃദ്ധയായ ബേഡ ജനലരികില്‍ വെളിച്ചത്തില്‍ നിന്നു, അവള്‍ പാടിക്കൊണ്ടിരുന്നപ്പോള്‍ സൂര്യരശ്മികള്‍ അവരുടെ ജീവിതവും ശക്തിയും നിറവും അവള്‍ക്ക് നല്‍കാനാഗ്രഹിക്കുന്നതുപോലെ അവളുടെ ചുറ്റും നൃത്തം വെച്ചു.

പഴയ സ്തുതിഗീതം പാടിക്കഴിഞ്ഞപ്പോള്‍ അവള്‍ തിരിഞ്ഞ് ക്ഷമചോദിക്കുന്നതുപോലെ തന്റെ അതിഥികളെ നോക്കി.

''നോക്കൂ.'' അവള്‍ പറഞ്ഞു, ''എനിക്ക് സൂര്യനെക്കാള്‍ നല്ലൊരു സുഹൃത്തില്ല, അവളുടെ ഗ്രഹണത്തിന്റെ ദിവസം ഞാന്‍ അവള്‍ക്കൊരു പാര്‍ട്ടി നല്‍കാന്‍ ആഗ്രഹിച്ചു. ഇരുട്ടില്‍ നിന്നും അവള്‍ പുറത്തേക്ക് വരുമ്പോള്‍ നമ്മളൊരുമിച്ച് അവളെ എതിരേല്‍ക്കണമെന്ന് എനിക്ക് തോന്നി.''

ഇപ്പോള്‍, ബേഡ എന്താണ് അര്‍ത്ഥമാക്കിയതെന്ന് അവര്‍ക്ക് മനസ്സിലായി, അവരുടെ മനസ്സലിഞ്ഞു. അവര്‍ സൂര്യനെക്കുറിച്ച് നല്ലത് സംസാരിക്കാന്‍ തുടങ്ങി. ''അവള്‍ പണക്കാരോടും പാവപ്പെട്ടവരോടും ഒരുപോലെ ദയ കാണിക്കുന്നവളായിരുന്നു. തണുപ്പുകാലത്ത് ഒരുദിവസം പതുക്കെ ഒളിഞ്ഞ് അവള്‍ കുടിലിലേക്ക് വന്നപ്പോള്‍, അടുപ്പിലെരിയുന്ന തീപോലെ ആശ്വാസം തരുന്നതായിരുന്നു. ഒരാള്‍ക്ക് എന്തൊക്കെ ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടി വന്നാലും അവളുടെ ചിരിക്കുന്ന മുഖത്തിന്റെ കാഴ്ച തന്നെ മതിയായിരുന്നു ജീവിതത്തിന് അര്‍ത്ഥമുണ്ടാക്കാന്‍.''

പാര്‍ട്ടി കഴിഞ്ഞ് സ്ത്രീകള്‍ അവരുടെ വീടുകളിലേക്ക് സന്തോഷത്തോടെയും സംതൃപ്തിയോടെയും തിരിച്ചുപോയി. സൂര്യനില്‍ വിശ്വസ്തയായ ഒരു സുഹൃത്തുണ്ടെന്ന ചിന്തയില്‍ തങ്ങള്‍ കൂടുതല്‍ സമ്പത്തുള്ളവരും കൂടുതല്‍ സുരക്ഷിതരുമാണെന്ന് എന്തുകൊണ്ടോ അവര്‍ക്ക് തോന്നി.

 

മറുകരയിലെ കഥകള്‍

ഏഴ് നിലകള്‍, ഇറ്റാലിയന്‍ നോവലിസ്റ്റ് ദീനോ ബുറ്റ്‌സാതിയുടെ ചെറുകഥ

ചുവരിലൂടെ നടന്ന മനുഷ്യന്‍, ഫ്രഞ്ച് സാഹിത്യകാരന്‍ മാര്‍സെല്‍ എയ്‌മെയുടെ കഥ

ഞാനൊരു ആണായിരുന്നെങ്കില്‍, ഷാര്‍ലറ്റ് പെര്‍കിന്‍സ് ഗില്‍മാന്‍ എഴുതിയ കഥ

ഒരു മണിക്കൂറിന്റെ കഥ, കേറ്റ് ചോപിന്‍

എന്റെ സഹോദരന്‍, ഹെന്റി, ജെ. എം ബേറി എഴുതിയ കഥ

തൂവല്‍ത്തലയണ,  ഹൊറേസിയോ കിറോഗ എഴുതിയ കഥ

ചൈനയിലെ ചക്രവര്‍ത്തിനിയുടെ മരണം, റുബെന്‍ ദാരിയോ എഴുതിയ കഥ

ഒരു യാത്ര, അമേരിക്കന്‍ നോവലിസ്റ്റ് ഈഡിത് വോര്‍ട്ടന്‍ എഴുതിയ കഥ

ആരാണത് ചെയ്തത്, നൊബേല്‍ സമ്മാന ജേതാവ് ലുയിജി പിരാന്ദെല്ലൊയുടെ കഥ

വയസ്സന്‍ കപ്യാര്‍, വ്‌ലാഡിമിര്‍ കൊറോലെങ്കോയുടെ കഥ

 

Follow Us:
Download App:
  • android
  • ios