Asianet News MalayalamAsianet News Malayalam

Love Story : സ്വപ്‌നമെത്തയില്‍ അവന്‍, കബനി കെ ദേവന്‍ എഴുതിയ പ്രണയകഥ

പ്രണയമെഴുത്തുകള്‍. പ്രണയദിനത്തിലാരംഭിച്ച പ്രണയാക്ഷരങ്ങള്‍ തുടരുന്നു. ഇന്ന്  കബനി കെ ദേവന്‍ എഴുതിയ പ്രണയകഥ

writings of love and lust a short story by  Kabani K Devan
Author
Thiruvananthapuram, First Published Feb 22, 2022, 2:47 PM IST

പ്രണയമെഴുത്തുകള്‍. പ്രണയദിനത്തിലാരംഭിച്ച പ്രണയാക്ഷരങ്ങള്‍ തുടരുന്നു. ഈ പ്രണയമെഴുത്തുകളോട് എഴുത്തിലൂടെ വായനക്കാര്‍ക്കും സംവദിക്കാം. നിങ്ങളുടെ പ്രണയാക്ഷരങ്ങള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. പ്രണയമെഴുത്തുകള്‍ എന്ന് സബ്ജക്ട് ലൈനില്‍ എഴുതണം. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും വെക്കണം. 

 

writings of love and lust a short story by  Kabani K Devan
 

വര്‍ഷങ്ങള്‍ക്ക് ശേഷം ഞാനിന്ന് ശിഹാബിനെ സ്വപ്നം കണ്ടു. എനിക്കത്ഭുതം തോന്നി, ഇത്രയേറെ കാലത്തിനിപ്പുറം എന്റെ അറിവോ അനുവാദമോ  കൂടാതെ എന്റെ സ്വപ്നങ്ങളിലേക്ക് കടന്നു വരാനുള്ള ധൈര്യം ശിഹാബിന് എങ്ങനെയുണ്ടായി! പഴയ തെമ്മാടിത്തരത്തിനും തോന്നിയ വാസത്തിനും ഇപ്പോഴും ഒരു കുറവുമില്ലെന്നാണോ!

എന്റെ തൊട്ടടുത്ത് വിവേകും അപര്‍ണയും നല്ല ഉറക്കത്തിലാണ്. ഭാര്യമാരുടെ സ്വപ്നങ്ങളിലേക്ക് കടന്നു ചെല്ലാനും അവയെ സെന്‍സര്‍ ചെയ്യാനുമുള്ള കഴിവ് ഭര്‍ത്താക്കന്മാര്‍ക്കില്ലാത്തത് എത്ര നന്നായി! 

ഇടയ്‌ക്കൊക്കെ ഞാന്‍ ആശിച്ച്,ആഗ്രഹിച്ച് ഓരോ സാരി വാങ്ങിക്കൊണ്ടു വരുമ്പോള്‍ വിവേക് പറയും.  
                       
'അയ്യേ ഇതെന്ത് സാരിയാണ് നീയീ വാങ്ങി വന്നിരിക്കുന്നെ, ഇതാ ഞാന്‍ പറഞ്ഞെ നിനക്കൊരു കളര്‍ സെന്‍സില്ലാന്ന്.. ഈ കളര്‍ നിനക്കൊട്ടും  മാച്ചാവില്ല. നാളെത്തന്നെ കൊണ്ടു പോയി മാറ്റി  വാങ്ങ്'

അങ്ങനെ തിരിച്ചു കൊടുക്കാനും ധരിക്കാനും പറ്റാതെ എത്ര സാരികളാണ് എന്റെ അലമാരക്കുള്ളില്‍ കിടക്കുന്നതെന്നോ ! സ്വപ്നങ്ങളിലും ഈ അധികാരം ലഭിക്കുകയാണെങ്കില്‍ വിവേക് പറയുമായിരുന്നു.

'അയ്യേ ഇതെന്ത് സ്വപ്നമാണ് നീയീ കാണുന്നത്, കാര്യം ഇവന്‍ നിന്റെ പഴയ കാമുകനൊക്കെത്തന്നെ. എന്നു വച്ച് ഭര്‍ത്താവിനെയും മകളെയും അടുത്ത് കിടത്തി അവനെ സ്വപ്നം കാണുന്നത് മര്യാദയാണോ!'

അല്ല, മര്യാദയല്ല. അങ്ങനെ കാണാനും ഉപേക്ഷിക്കാനും പറ്റാത്ത സ്വപ്നങ്ങളുടെ ഒരലമാര കൂടി ഞാനെന്റെ മനസ്സിന്റെ അടിത്തട്ടില്‍ പണിത് ഇടേണ്ടി വന്നേനെ.

സ്വപ്നത്തില്‍ ശിഹാബ് എന്റെ അടുത്ത് വന്നിരുന്നു. ഞാനൊന്നും മിണ്ടാതെ  ശിഹാബിന്റെ കണ്ണുകളിലേക്ക് നോക്കി. 

ആ  കണ്ണുകള്‍ക്ക് ഇപ്പോഴും പഴയ തിളക്കം നഷ്ടപ്പെട്ടു പോയിട്ടില്ല. കണ്ണുകള്‍ മാത്രമല്ല, ശിഹാബും ഒട്ടും മാറിയിട്ടില്ലെന്ന് തോന്നി. അലക്ഷ്യമായി ചീകി വെച്ച മുടി, ഇടത് പുരികത്തേക്കാള്‍ ഒരല്പം ഉയര്‍ന്നു നില്‍ക്കുന്ന വലത് പുരികം, ചിരിക്കുമ്പോള്‍ തെളിഞ്ഞു കാണുന്ന നുണക്കുഴികള്‍, ഭംഗിയായി മുറിച്ചൊപ്പിച്ച കട്ടിയുള്ള മീശ രോമങ്ങള്‍, മൂക്കിന്റെ അറ്റത്തെ കറുത്ത ചെറിയ മറുക്. ഇല്ല, ഒട്ടും മാറിയിട്ടില്ല. 

എന്നാല്‍ ഞാനോ? പഴയ മെലിഞ്ഞ് കൊലുന്നനെയുള്ള പെണ്ണല്ല ഞാനിന്ന്.  ദേഹം വല്ലാതെ  ചീര്‍ത്തിരിക്കുന്നു. മുടിയിഴകളിലെവിടെയൊക്കെയോ നര വീണ് തുടങ്ങിയിരിക്കുന്നു. കണ്ണുകള്‍ക്ക് താഴെ കറുപ്പ് വലയങ്ങള്‍. ചുണ്ടുകള്‍ക്ക് പഴയ ചുവപ്പ് നഷ്ടപ്പെട്ടിരുന്നു. അടിവയറ്റില്‍ മടക്കുകള്‍ വീണിരുന്നു. കൈകള്‍ക്ക് പഴയ മൃദുലത ഇല്ല. ഇപ്പോള്‍ ശിഹാബിനേക്കാള്‍ നാലഞ്ചു വയസ്സെങ്കിലും അധികം തോന്നും എന്നെ കണ്ടാല്‍!

ശിഹാബ് പതുക്കെ കൈ നീട്ടി എന്റെ കൈവിരലുകളില്‍  തൊട്ടു. ആ സ്പര്‍ശത്തിന് പോലും മാറ്റമില്ല. എന്റെ കൈകള്‍ക്ക് പഴയ മൃദുലത ഇല്ലെന്ന തിരിച്ചറിവില്‍ അവന്‍ ആ സ്പര്‍ശം പിന്‍വലിക്കുമോയെന്ന് ഞാന്‍ ഭയന്നു.

'നിനക്ക് സുഖമല്ലേ പ്രാണസഖീ?'

എന്റെ കൈവിരലുകളില്‍  നിന്ന് കൈയ്യെടുക്കാതെ തന്നെ ശിഹാബ് ചോദിച്ചു.

'പ്രാണസഖിയോ!'

എനിക്ക് ചിരി വന്നു. ശിഹാബ് ഒരിക്കലും എന്നെ അങ്ങനെ വിളിച്ചതായി ഓര്‍മ്മയില്ല.

'അതെ പ്രാണസഖി! ഇന്ന് മുഴുവന്‍ ഞാന്‍ നിന്നെ അങ്ങനെയാണ് വിളിക്കുക. നിന്റെ വിവേക് നിന്നെ എന്താണ് വിളിക്കുന്നത്?'

ഞാനൊന്നും പറഞ്ഞില്ല. എന്റെ ഭര്‍ത്താവിന്റെ പേര് ശിഹാബിനറിയാമെന്നത് എന്നെ വേദനിപ്പിച്ചു. ചിലപ്പോള്‍ അതിലും  കൂടുതല്‍ ശിഹാബിനറിയുമായിരിക്കാം! അതേ സമയം ഇന്ന് മുഴുവന്‍ ശിഹാബ് എനിക്കൊപ്പമുണ്ടാവുമെന്നത് എന്നെ ആനന്ദിപ്പിച്ചു.

ഞങ്ങളിരുന്നതിന് കുറച്ചപ്പുറമായി ഒരു ചായക്കട തുറന്നു കിടന്നിരുന്നു. ശിഹാബ് അങ്ങോട്ട് കണ്ണയച്ചു കൊണ്ട് ചോദിച്ചു.
   
'പഴംപൊരിയോ നെയ്യപ്പമോ?'

'രണ്ടും വേണ്ട, തടി കൂടുമെന്ന് പറഞ്ഞ് വിവേക് എണ്ണപ്പലഹാരങ്ങള്‍ ഒന്നും കഴിക്കാന്‍ സമ്മതിക്കാറില്ല.'

ശിഹാബ് ഒന്നും മിണ്ടിയില്ല. ദിവസം ഒരു പഴംപൊരിയോ നെയ്യപ്പമോ കഴിക്കാതെ എനിക്ക് ജീവിക്കാന്‍ സാധിക്കുന്നു എന്നതില്‍ ശിഹാബിന് അത്ഭുതം  തോന്നിക്കാണണം!

'ശിഹാബ് കല്ല്യാണം കഴിച്ചില്ലേ?'

കാലങ്ങളായി എന്നെ അലട്ടിക്കൊണ്ടിരിക്കുന്ന ഒരു ചോദ്യമായിരുന്നു അത്.  അതിനുള്ള ഉത്തരം തേടി ഫേസ് ബുക്കിലെ അനന്തം പ്രൊഫൈലുകളില്‍ മുഹമ്മദ് ശിഹാബുമാര്‍ക്ക് പിന്നാലെ ഓടിത്തളര്‍ന്നിരുന്നെങ്കിലും ഇന്ന് എന്നെത്തന്നെ അമ്പരപ്പിച്ചു കൊണ്ടാണത് പുറത്തു ചാടിയത്. 

'ഹിന്ദുവും മുസ്ലീമും ക്രിസ്ത്യാനിയുമല്ലാതെ മനുഷ്യ ജാതിയില്‍ പെട്ടൊരുത്തിയെ കണ്ടു കിട്ടിയില്ല. സമാന ജാതിക്കാര്‍ക്കിടയില്‍ മാത്രം സാധ്യമാവുന്ന ഒന്നാണല്ലോ കല്ല്യാണം, അല്ലേ?'

ശിഹാബിന്റെ നോട്ടം എന്നിലേക്ക് തുളഞ്ഞു കയറി. എനിക്ക് ഹൃദയം പിളരുന്നത് പോലെ തോന്നി.

കുറച്ച് നേരത്തേക്ക് ഞങ്ങള്‍ രണ്ടു പേരുമൊന്നും മിണ്ടിയില്ല. പണ്ടും ഇങ്ങനെയായിരുന്നു. അഭിപ്രായങ്ങളില്‍ ഉരസലുണ്ടാവുമ്പോള്‍, ഒരു വഴക്കിനുള്ള മുള പൊട്ടുമ്പോള്‍, വാക്കുകള്‍ക്ക് മൂര്‍ച്ചയേറുമ്പോള്‍ ഞങ്ങള്‍ രണ്ടു പേരും നിശ്ശബ്ദരാകും. ആ നിശ്ശബ്ദതയ്ക്ക് പരിഹരിക്കാന്‍ പറ്റാത്ത പ്രശ്‌നങ്ങളൊന്നും ഞങ്ങള്‍ക്കിടയിലുണ്ടായിട്ടില്ലായിരുന്നു! 

എനിക്ക് പെട്ടെന്ന് വിവേകിനെ ഓര്‍മ്മ വന്നു. വഴക്കുണ്ടാവുമ്പോള്‍ ഒരിക്കല്‍ പോലും വാക്കുകളെ നിയന്ത്രിക്കാന്‍ വിവേകിന് സാധിച്ചിട്ടില്ല. വാക്കുകള്‍ക്ക് കനം കൂട്ടാനല്ലാതെ മയപ്പെടുത്താന്‍  വിവേകിന്  അറിയുമായിരുന്നില്ല. ഇനി ഞാന്‍ മിണ്ടാതിരുന്നാല്‍ പോലും അത് വിവേകിനെ  കൂടുതല്‍ ചൊടിപ്പിക്കുമായിരുന്നു. ഞങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ ഒരിക്കലും പരിഹരിക്കപ്പെട്ടില്ല. എന്നിട്ടും ദാമ്പത്യം ഇങ്ങനൊക്കെയാണ്, ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന് ഞങ്ങള്‍ ഞങ്ങളോട് തന്നെ നുണ പറഞ്ഞു  കൊണ്ടിരുന്നു. ലോകത്തെ അത് വിശ്വസിപ്പിക്കാന്‍ ഫേസ് ബുക്കിലും  വാട്‌സാപ്പിലും പ്രൊഫൈല്‍ ഫോട്ടോകള്‍ ടാഗ് ചെയ്തിട്ടും സുഹൃത്തുക്കളുടെ വീടുകളില്‍  വിരുന്നുകളില്‍ കൈ കോര്‍ത്ത് നിന്നും വര്‍ഷാവര്‍ഷം ആനിവേഴ്‌സറി മാമാങ്കം കൊണ്ടാടിയും കഷ്ടപ്പെട്ടുകൊണ്ടിരുന്നു.

'അച്ഛനെയും അമ്മയെയും ചെന്നു കാണാറില്ലേ?'

എന്റെ ചിന്തകളെ മുറിച്ചു കൊണ്ട് ശിഹാബ് ചോദിച്ചു.

'ആഹ്... വല്ലപ്പോഴും..'

വല്ലപ്പോഴും... ഇടയ്‌ക്കൊക്കെ ഇങ്ങനെയുള്ള വാക്കുകള്‍ മലയാള ഭാഷയിലുള്ളത് എത്ര നന്നായി! വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണയെന്ന് എണ്ണിപ്പറയേണ്ടി വന്നില്ലല്ലോ. ഞാന്‍ ശിഹാബിനെ ഉപേക്ഷിച്ചതും വിവേകിനെ വിവാഹം ചെയ്തതും എല്ലാം അവരുടെ  സന്തോഷത്തിന് വേണ്ടിയായിരുന്നു. എന്നിട്ടിപ്പോള്‍ അവരുടെ സുഖ വിവരങ്ങള്‍ അന്വേഷിക്കാന്‍  കൂടി എനിക്ക് നേരമില്ലാതായിരിക്കുന്നു. മിനിറ്റുകള്‍ നീളുന്ന ഫോണ്‍ സംഭാഷണങ്ങള്‍ വെറും  കടമ നിറവേറ്റലുകളായിരുന്നു. എനിക്ക് ഉള്ളിലൊരു നീറ്റലനുഭവപ്പെട്ടു. ഞാന്‍ ശിഹാബിനോട് ഒന്നു  കൂടി ചേര്‍ന്നിരുന്നു.

'നീ വല്ലാതെ മാറിപ്പോയിരിക്കുന്നു.'

വളരെ നേരത്തെ തന്നെ ഞാന്‍ പ്രതീക്ഷിച്ചിരുന്നൊരു വാചകമായിരുന്നു ഇത്... ഒരു പക്ഷേ, ചേര്‍ന്നിരുന്നപ്പോള്‍ മാത്രമാവാം എന്നിലെ മാറ്റങ്ങളുടെ ആഴം  ശിഹാബിന് മനസ്സിലാക്കാനായത്!

'ശിഹാബ് ഒട്ടും മാറിയിട്ടില്ല, നമ്മള്‍  അവസാനമായി കണ്ടതു പോലെ തന്നെ ഇപ്പോഴും...'

ആ കാഴ്ചയുടെ ഓര്‍മ്മയില്‍ എന്റെ തൊണ്ട ഒന്നിടറിയോ! ഞങ്ങള്‍ക്കിടയിലെ  സ്‌നേഹത്തെ  ഞാനൊരു അപ്പൂപ്പന്‍ താടി കണക്കെ കൈകളിലെടുത്ത് ഊതിപ്പറത്തി വിട്ടു അന്ന്. ആ അപ്പൂപ്പന്‍ താടിക്ക് പിന്നാലെ കരഞ്ഞു കൊണ്ടോടുന്ന എട്ടും പൊട്ടും തിരിയാത്ത ഒരു കുട്ടിയായി മാത്രം ഞാന്‍ ശിഹാബിനെ കണ്ടു. എന്നിട്ടിപ്പോള്‍ അതേ അപ്പൂപ്പന്‍ താടിയുടെ വിത്തുകള്‍ ശിഹാബില്‍ കണ്ടെത്താന്‍ യത്‌നിക്കുകയാണോ ഞാന്‍!

'മോളിപ്പോള്‍ ഏത് ക്ലാസിലാണ്?'

അപ്പോള്‍ ഞാന്‍ വിചാരിച്ചതിലുമേറെയറിയാം, ശിഹാബിന് എന്റെ വര്‍ത്തമാന കാലത്തെക്കുറിച്ച്!

'മൂന്നാം ക്ലാസില്‍'
 
ഞാന്‍  ബാഗില്‍ നിന്ന് മൊബൈലെടുത്ത് അപര്‍ണയുടെ ഒരു ഫോട്ടോ ശിഹാബിനെ കാണിച്ചു.

'നിന്നെപ്പോലെയാണ്'-  ശിഹാബ് പറഞ്ഞു.

'വിവേകിനെപ്പോലെയാണെന്നാണ്  വിവേക് പറയാറ്...'

ശിഹാബ് ഒന്നു ചിരിച്ചു. ശിഹാബിന്റെ നുണക്കുഴികളിലേക്ക് ഊര്‍ന്നിറങ്ങാന്‍ തോന്നി എനിക്കപ്പോള്‍.

'സത്യം പറയട്ടെ, സിനിമകളിലൊക്കെ കാണുന്ന  മാതൃകാ കുടുംബിനിയുടെ മുഖഛായയുണ്ട് നിനക്കിപ്പോള്‍!'

'ഒന്നുകില്‍ സിനിമകള്‍ നുണ പറയുന്നു, അല്ലെങ്കില്‍ എന്റെ മുഖം നുണ പറയുന്നു.'

ശിഹാബ് പിന്നെയും ചിരിച്ചു. അവന്റെ നുണക്കുഴികള്‍ കാണാതിരിക്കാന്‍ ഞാന്‍ മുഖം തിരിച്ചു.

വിവേകിനെ ഞാന്‍ ഇതു പോലൊന്ന് ചിരിച്ചു കണ്ടിട്ട് കാലങ്ങളായിരുന്നു. ഞങ്ങള്‍ക്കിടയിലെ സംസാരങ്ങള്‍ പോലും കൃത്രിമങ്ങളായിരുന്നു. അതില്‍ തമാശകളുണ്ടായില്ല. വീട്ടു സാധനങ്ങള്‍ വാങ്ങണം, കറന്റ് ബില്‍ കെട്ടണം,അപര്‍ണയുടെ സ്‌കൂളിലെ കാര്യങ്ങള്‍. അതിനപ്പുറം ഞങ്ങള്‍ക്ക് സംസാരിക്കാനൊന്നുമില്ലായിരുന്നു. ആ സംസാരങ്ങളില്‍ പോലും ഞങ്ങളുടെ അഭിപ്രായങ്ങള്‍ തമ്മിലുടക്കി. ആ  ഉടക്കലുകളില്‍ പലപ്പോഴും വിവേക്  ജയിക്കുകയും ഞാന്‍ തോല്‍ക്കുകയും ചെയ്തു. ഞങ്ങള്‍ക്കിടയില്‍ എനിക്ക് ഊതിപ്പറത്താന്‍ അപ്പൂപ്പന്‍ താടികള്‍ പോലുമില്ലാതായിരുന്നു!

'എന്താണ് ആലോചിക്കുന്നത്, പ്രാണസഖീ...'
  
'അപ്പൂപ്പന്‍ താടികളെക്കുറിച്ച്...'

ശിഹാബ് എന്തോ  തമാശ കേട്ടതു പോലെ എന്നെത്തന്നെ നോക്കി. ഞാന്‍ പണ്ട് ഊതിപ്പറത്തി വിട്ട  അപ്പൂപ്പന്‍ താടി വിത്തുകളുടെ നാമ്പുകള്‍ ഞാന്‍ അവനില്‍ കണ്ടു. ചായക്കടയില്‍ നിന്ന്   മൊരിഞ്ഞ പഴം പൊരിയുടെ മണം ഞങ്ങളുടെ മൂക്കിലേക്ക് അടിച്ചു കയറി. ആ മണം വലിച്ചെടുത്തു കൊണ്ട് ഞാന്‍ ശിഹാബിന്റെ മുഖത്തേക്ക് നോക്കി. ശിഹാബിന്റെ കവിളുകളില്‍ നുണക്കുഴികള്‍ വിരിഞ്ഞു.

'ഇന്നേതായാലും നിന്റെ വിവേകിനെ  നമുക്ക് മറക്കാം. അയാളുടെ  അനുവാദം വാങ്ങിയിട്ടല്ലല്ലോ നമ്മളിന്ന് കണ്ടത്. അപ്പോള്‍ അയാളുടെ അനുവാദമില്ലാതെ ഒരു പഴം പൊരി കഴിക്കുന്നതിലും തെറ്റില്ല. വാ, എണീക്ക്...'

ശിഹാബ് എഴുന്നേറ്റ് എന്റെ  നേരെ കൈ നീട്ടി. ഞാന്‍ ശിഹാബിനൊപ്പം ചായക്കടയിലേക്ക് നടന്നു. ഞങ്ങളുടെ കൈകള്‍ കോര്‍ത്ത് കിടന്നിരുന്നു. ഞങ്ങള്‍ക്ക് ചുറ്റും ഒരായിരം അപ്പൂപ്പന്‍ താടികള്‍ പാറിക്കളിച്ചു!

'കണ്ണും തുറന്ന് കിടന്ന് സ്വപ്നം കാണുന്നാണോ നീ... സമയം ഏഴര കഴിഞ്ഞു.എനിക്കിന്ന് മീറ്റിംഗ് ഉള്ളതാണ് , നേരത്തേ വിളിക്കണമെന്ന് പറഞ്ഞിരുന്നില്ലേ?'

വിവേക് ദേഷ്യത്തോടെ കട്ടിലില്‍ നിന്ന് ചാടിയെണീറ്റു.കട്ടില്‍ ഒന്നു കുലുങ്ങി. ആ കുലുക്കത്തില്‍ ഉറക്കം  ഞെട്ടിയ അപര്‍ണ ഒന്നു ചുറ്റും നോക്കി, പിന്നെ ഉറക്കച്ചടവോടെ  എന്റെ ദേഹത്തോട് ചേര്‍ന്ന് കിടന്നു.

'അമ്മയെ പഴംപൊരി മണക്കുന്നു.'

ഉറക്കത്തിനിടയില്‍ അവള്‍ പിറുപിറുത്തു!

 

 

പ്രണയമെഴുത്തുകള്‍ വായിക്കാം:

 പ്രവാസികള്‍, അവര്‍ക്കെന്നും പ്രണയദിനമാണ്!

ഇന്നലെ ഒരു ശലഭം എന്റെ പിന്‍കഴുത്തില്‍ ചുംബിച്ചു

പിടിച്ചുവെക്കരുത് ആരെയും, വിട്ടുകൊടുക്കലാണ് പ്രണയം!

 പ്രണയവെയില്‍ത്തീരം, രാജി സ്നേഹലാല്‍ എഴുതിയ കഥ

വാക്കുകള്‍ പടിയിറങ്ങുമ്പോള്‍ ചുംബനച്ചിറകില്‍ നാമത് വീണ്ടെടുത്തു, ഒരു പ്രണയലേഖനം

നിന്നെ പ്രണയിക്കുന്നതിന്‍ മുമ്പ്, നെരൂദയുടെ കവിത

രതിദംശനങ്ങള്‍, അമ്പിളി ഓമനക്കുട്ടന്‍ എഴുതിയ കവിത

ആഞ്ഞുകൊത്തുന്ന പ്രണയം, വിമല്‍ജിത്ത് എഴുതിയ കവിത 

പാടി മറന്നൊരു പല്ലവിയോ നാം, മൂന്ന് പ്രണയഗാനങ്ങള്‍ 

നീ എന്നോട് പ്രണയത്തിലാകുന്ന നിമിഷം മുതല്‍

 

Follow Us:
Download App:
  • android
  • ios