കല്ലിങ്കാല്‍ സ്കൂളിന് സമീപത്ത് വച്ച് കളിക്കാനെടുത്ത കല്ല് എറിയുമ്പോള്‍ കാലില്‍ കൊണ്ട വിരോധത്തില്‍ യുവാവ് മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി

പള്ളിക്കര: കാസര്‍കോട് പള്ളിക്കരയില്‍ പത്തുവയസുകാരനെ മര്‍ദ്ദിച്ചതായി പരാതി. കുട്ടികള്‍ കളിക്കുന്നതിനിടയില്‍ കല്ല് ദേഹത്ത് കൊണ്ടെന്നാരോപിച്ച് കടല്‍ത്തീരം കാണാനെത്തിയ യുവാവാണ് പത്തുവയസുകാരനെ മര്‍ദ്ദിച്ചത്. ഇയാള്‍ക്കെതിരെ നിസ്സാര കുറ്റം മാത്രം ചുമത്തി കേസ് ഒതുക്കാന്‍ ശ്രമമെന്ന് ആരോപിച്ച് സാമൂഹിക പ്രവര്‍ത്തകര്‍ രംഗത്തെത്തി.

കഴിഞ്ഞ രണ്ടാം തീയതിയാണ് പള്ളിക്കരയില്‍ താമസിക്കുന്ന പത്ത് വയസുകാരന് മര്ദ്ദനമേറ്റത്. കല്ലിങ്കാല്‍ സ്കൂളിന് സമീപത്ത് വച്ച് കളിക്കാനെടുത്ത കല്ല് എറിയുമ്പോള്‍ കാലില്‍ കൊണ്ട വിരോധത്തില്‍ യുവാവ് മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. പ്രദേശത്തെ കടല്‍ക്കരയിലേക്ക് എത്തിയതായിരുന്നു യുവാവ്. മര്‍ദ്ദനമേറ്റതോടെ കുട്ടി മാനസികമായി തളര്‍ന്നെന്നാണ് പത്ത് വയസുകാരന്റെ മാതാവ് പ്രതികരിക്കുന്നത്.

ബേക്കല്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും നിസാര വകുപ്പുകള്‍ മാത്രം ചുമത്തി യുവാവിനെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് ആരോപണം. ബാലനീതി നിയമ പ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കും ബാലാവകാശ കമ്മീഷനും ജില്ലാ പൊലീസ് മേധാവിയ്ക്കും പരാതി നല്‍കാനുള്ള തീരുമാനത്തിലാണിവര്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം