ചേർത്തല സെന്റ് മേരീസ് ഹൈസ്കൂളിലെ 8-ാംക്ലാസ് വിദ്യാർഥിനിയും, ഷൈൻ വർഗീസ് - പ്രീതി ദമ്പതികളുടെ മകളുമായ അന്നാ മേരിയും പിതാവ് ഷൈനും ഒന്നിച്ചാണ് ഹിമാലയ പർവത നിരകളിലെ 15,478 അടി ഉയരം കീഴടക്കിയത്

ചേർത്തല: എട്ടാം ക്ലാസുകാരിയും പിതാവും ഒന്നിച്ച് ഹിമാലയ പർവതനിരകൾ കീഴടക്കിയത് 18 മണിക്കൂർ കൊണ്ട്. തിരിച്ചിറങ്ങിയപ്പോൾ കൊടും തണുപ്പിലും അടിവാരത്തെ തടാകത്തിലും നീന്തിയും 13 കാരി റെക്കോർഡ് നേടി. ചേർത്തല സെന്റ് മേരീസ് ഹൈസ്കൂളിലെ 8-ാംക്ലാസ് വിദ്യാർഥിനിയും, ഷൈൻ വർഗീസ് - പ്രീതി ദമ്പതികളുടെ മകളുമായ അന്നാ മേരിയും പിതാവ് ഷൈനും ഒന്നിച്ചാണ് ഹിമാലയ പർവത നിരകളിലെ 15,478 അടി ഉയരം കീഴടക്കിയത്. ചെറുപ്പം മുതൽ സാഹസിക യാത്രകൾ ഇഷ്ടപ്പെട്ടിരുന്നതിനാൽ സ്കൂൾ അവധിക്കാലം വെറുതെ കളഞ്ഞില്ല. 

മൂന്നാറിൽ പോയപ്പോൾ നടത്തിയ സാഹസിക യാത്രയാണ് പർവ്വത നിര കീഴടക്കാൻ ഈ അച്ഛനും മകൾക്കും പ്രേരകമായത്. എറണാകുളത്തെ സ്വകാര്യ ടൂർ പാക്കേജിലാണ് അന്നയും, ഷൈനും ഒന്നിച്ച് ജൂൺ 20ന് യാത്ര തുടങ്ങിയത്. ഇതിനായി ഒരു മാസത്തെ സാഹസിക യാത്രാ പരിശീലനവും ഇവർ നേടിയിരുന്നു. ആറു ദിവസം കൊണ്ട് പിർപാഞ്ചൽ മല നിരയിലെ ഫ്രഡ്ഷിപ്പ് പീക്കിൽ എത്തി. സംഘത്തിൽ 13 പേരാണ് ഉണ്ടായിരുന്നത്. ഇതിൽ അന്നാ മേരിയും, ഹരിയാന സ്വദേശി ആരാധ്യയും വിദ്യാർത്ഥികളായിരുന്നു. മണാലി വഴിയുള്ള യാത്രയിൽ ആറാം ദിവസം മൈനസ് 70, 80 ഡിഗ്രി വരെയുള്ള ഐസിലുടെയായിരുന്നു നടത്തം. 

കൊടുമുടിയിൽ ഇരുകൈകളിൽ ഇന്ത്യൻ പതാക ഉയർത്തിയപ്പോൾ മനസിലും രക്തത്തിലും തണുപ്പകന്നുവെന്നാണ് 13കാരിയുടെ പ്രതികരണം. സ്വിമ്മിങ്, തൈക്കോണ്ടോ, ഫുഡ്ബോൾ, ജിംനാസ്റ്റിംഗ്, ടേബിൾ ടെന്നീസ്, റൈഫിൾ ഷൂട്ടിംഗ് തുടങ്ങിയ മേഖലകളിൽ അന്ന മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ഇനി കിളിമഞ്ചാരോ കൊടുമുടി കീഴടക്കണമെന്നാണ് ആഗ്രഹെമെന്നും പൈലറ്റ് ആകണമെന്നാണ് ലക്ഷ്യമെന്നുമാണ് 13കാരി അന്നാ മേരി പറയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം