മദ്യപാനിയായ പിതാവ് അസഭ്യം പറയുകയും പൊതുവഴിയിൽ വെച്ച് മർദിച്ചെന്നും അമ്മയെയും തന്നെയും വീട്ടിൽ നിന്നും ഇറക്കി വിടാറുണ്ടെന്നും പെൺകുട്ടി ഏഷ്യാനെറ്റ് ഓൺലൈനിനോട് പറഞ്ഞു.

തിരുവനന്തപുരം: നെയ്യാറ്റിൻകര അതിയന്നൂരിൽ പിതാവിന്‍റെ ക്രൂരമർദനത്തിനിരയായ ഒൻപതാം ക്ലാസുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അരങ്കമുകൾ ഇലവിൻമൂടാണ് സംഭവം. പിതാവ് നിരന്തരം മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്നതിൽ മനംനൊന്തായിരുന്നു ആത്മഹത്യ ശ്രമം. പിതാവിനെ നെയ്യാറ്റിൻകര പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്ഥിരം മദ്യപാനിയായ പിതാവ് അസഭ്യം പറയുകയും പൊതുവഴിയിൽ വെച്ച് മർദിച്ചെന്നും അമ്മയെയും തന്നെയും വീട്ടിൽ നിന്നും ഇറക്കി വിടാറുണ്ടെന്നും പെൺകുട്ടി ഏഷ്യാനെറ്റ് ഓൺലൈനിനോട് പറഞ്ഞു. പലതവണ പൊലീസിലടക്കം പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും കുടുംബം ആരോപിക്കുന്നു.

കഴിഞ്ഞ ദിവസം രാത്രിയിലും പിതാവ് മർദിച്ചതോടെയാണ് കുട്ടി ക്ലീനിങ് ലോഷൻ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പിന്നാലെ പെൺകുട്ടിയെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായതിനാൽ മെഡിക്കൽ കോളെജിലേക്ക് മാറ്റി. പിതാവിനെതിരെ നേരത്തെ പൊലീസിലും മുഖ്യമന്ത്രിക്കുമടക്കം പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് കുടുംബം ആരോപിക്കുന്നു. വർഷങ്ങളായുള്ള ആക്രമണമാണ് പിതാവിൽ നിന്നും ഉണ്ടാകുന്നത്. മദ്യപിച്ചെത്തുന്ന ഭർത്താവ് തന്നെയായിരുന്നു ആദ്യം മർദിച്ചിരുന്നത്. ഇപ്പോൾ വീട്ടിൽ നിന്നും ഇറങ്ങിപ്പോകണമെന്ന് ആവശ്യപ്പെട്ട് മകളേയും മർദിച്ച് തുടങ്ങിയെന്ന് കുട്ടിയുടെ അമ്മ പറയുന്നു.

രാത്രി പലപ്പോഴും തന്നെയും പ്രായമായ മകളേ‍യും ഇറക്കിവിടും. സമീപത്തെ വീട്ടുകാരാണ് സഹായിക്കുന്നത്. കഴിഞ്ഞ ദിവസം തല അടിച്ച് പൊട്ടിച്ചപ്പോൾ പൊലീസിലടക്കം പരാതി നൽകിയെങ്കിലും ഭർ‌ത്താവിന്‍റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പരാതി ഒതുക്കി തീർക്കലാണ് പതിവ്. മുഖ്യമന്ത്രി പിണറായി വിജയനടക്കം പരാതി നൽകിയെങ്കിലും താഴെ തട്ടിലേക്ക് നടപടിയെത്തുമ്പോൾ ഭർത്താവ് ഇടപെട്ട് തടയും. പോകാൻ വേറെ സ്ഥലമൊന്നുമില്ല. തന്നെയും മകളെയും രക്ഷിക്കാൻ എന്തെങ്കിലും സംവിധാനം സർക്കാർ ഒരുക്കണമെന്നും അമ്മ പറഞ്ഞു. അതേസമയം, ആശുപത്രിയിലെത്തി പൊലീസ് കുട്ടിയുടെ മൊഴിയെടുത്തിട്ടുണ്ടെന്നും കസ്റ്റഡിയിലെടുത്ത പിതാവിനെതിരെ നടപടി ഉടനുണ്ടാകുമെന്നും നെയ്യാറ്റിൻകര പൊലീസ് അറിയിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)