പ്രളയ പുനരധിവാസത്തിന് പതിനഞ്ച് സെന്‍റ് ഭൂമി നല്‍കാന്‍ തയ്യാറായി കഞ്ഞിക്കുഴിയിലെ കര്‍ഷകന്‍ രംഗത്ത്. കഞ്ഞിക്കുഴി 12-ാം വാര്‍ഡില്‍ വനസ്വര്‍ഗ്ഗം പ്രസന്ന ഭവനത്തില്‍ എസ് പ്രസന്നനാണ് ഭൂമി വാഗ്ദാനം ചെയ്തത്. കഞ്ഞിക്കുഴിയില്‍ ഒന്നര ഏക്കര്‍ ഭൂമിയാണ് പ്രസന്നന് ഉളളത്. നെല്‍കൃഷിയും പച്ചക്കറി കൃഷിയും നടത്തിയാണ് പ്രസന്നന്‍റെ ഉപജീവനം. 

മാരാരിക്കുളം: പ്രളയ പുനരധിവാസത്തിന് പതിനഞ്ച് സെന്‍റ് ഭൂമി നല്‍കാന്‍ തയ്യാറായി കഞ്ഞിക്കുഴിയിലെ കര്‍ഷകന്‍ രംഗത്ത്. കഞ്ഞിക്കുഴി 12-ാം വാര്‍ഡില്‍ വനസ്വര്‍ഗ്ഗം പ്രസന്ന ഭവനത്തില്‍ എസ് പ്രസന്നനാണ് ഭൂമി വാഗ്ദാനം ചെയ്തത്. കഞ്ഞിക്കുഴിയില്‍ ഒന്നര ഏക്കര്‍ ഭൂമിയാണ് പ്രസന്നന് ഉളളത്. നെല്‍കൃഷിയും പച്ചക്കറി കൃഷിയും നടത്തിയാണ് പ്രസന്നന്‍റെ ഉപജീവനം. 

കഴിഞ്ഞ ദിവസം ജില്ലാ കലക്ടര്‍ എസ് സുഹാസിനെ സന്ദര്‍ശിച്ച് ഭൂമി വിട്ട് നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ച് കത്ത് കൈമാറി. മന്ത്രി ജി സുധാകരനെ കണ്ടും 15 സെന്‍റ് ഭൂമി നല്‍കാന്‍ സമ്മതമാണെന്ന് അറിയിച്ചു. ഭാര്യ സുഭദ്രയുടേയും ബാംഗ്ലൂരില്‍ ബിരുദത്തിന് പഠിക്കുന്ന ഏകമകന്‍ കൃഷ്ണ പ്രസാദിന്‍റെയും സമ്മതം വാങ്ങിയ ശേഷമാണ് കലക്ടറെ കണ്ടത്. നിയമപ്രകാരം തുടര്‍ നടപടി എടുക്കാമെന്ന് മന്ത്രിയും കലക്ടറും അറിയിച്ചു. 

എയ്‌റോനോട്ടിക്കല്‍ മെക്കാനിക്കായ പ്രസന്നന്‍ മികച്ച വരുമാനം കിട്ടിയിരുന്ന ജോലി ഉപേക്ഷിച്ചാണ് കൃഷി ഉപജീവനമാക്കിയത്. ഏഴ് വര്‍ഷം മുമ്പ് കഞ്ഞിക്കുഴിയില്‍ സ്ഥലം വാങ്ങി വീട് പണിതു. കാര്‍ഷിക മികവില്‍ കഞ്ഞിക്കുഴിയിലെ മികച്ച കര്‍ഷകനുള്ള കൃഷി ഭവന്‍റെ അവാര്‍ഡ്, പി.പി.സ്വതന്ത്രം കാര്‍ഷിക അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 

രണ്ട് ലക്ഷം രൂപ ഭവന വായ്പയ്ക്കായും, ഒരു ലക്ഷം രൂപ കാര്‍ഷിക വായ്പയ്ക്കായും പ്രസന്നന്‍ തന്‍റെ വസ്തു പണയപ്പെടുത്തിയിട്ടുണ്ട്. അറുപത് വയസ്സുള്ള പ്രസന്നനെ ഇപ്പോള്‍ രോഗിയാണ്. അടുത്തിടെ ന്യുമോണിയ ബാധിച്ച് ആസ്പത്രിയിലായിരുന്നു. പ്രമേഹവും അദ്ദേഹത്തെ അലട്ടുന്നുണ്ട്. രോഗം വന്നപ്പോള്‍ വീട്ടിലെ പശുവളര്‍ത്തല്‍ നിര്‍ത്തി. എങ്ങനെയെങ്കിലും കടം തീര്‍ത്താല്‍ നാല് കുടുംബത്തിന് വീടുവക്കാന്‍ തന്‍റെ ഭൂമി പ്രയോജനപ്പെടുത്താമെന്ന് പ്രസന്നന്‍ പറയുന്നു. 

മാര്‍ക്കറ്റില്‍ 15 ലക്ഷം രൂപയോളം വില വരുന്ന നിലംനികത്ത് ഭൂമിയാണ് പ്രസന്നന്‍ വാഗ്ദാനം ചെയ്തിട്ടുള്ളത്. ബാങ്ക് വായ്പ ഒഴിവാക്കി കിട്ടാന്‍ പ്രസന്നന്‍ സര്‍ക്കാറിന്‍റെ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. മഴക്കെടുതി പ്രസന്നന്‍റെ കൃഷിയും നശിപ്പിച്ചു. 250 ചുവട് കാന്താരിയും 200 ചുവട് വെണ്ടയും 100 ചുവട് പയറും നശിച്ചു ഇങ്ങനെ നശിച്ചവയില്‍പ്പെടും. കുട്ടനാട്ടിലെ കര്‍ഷകര്‍ക്ക് ഉണ്ടായ നഷ്ടവുമായി താരതമ്യം ചെയ്യുമ്പോള്‍ തന്‍റെ നഷ്ടം ഒന്നുമല്ലെന്ന് പ്രസന്നന്‍ പറഞ്ഞു.