കാടും മലയും അടങ്ങിയ ചമൽ കേളൻ മൂല ഭാഗത്തായാണ് വ്യാജവാറ്റ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. എക്സൈസ് സംഘമെത്തി വാറ്റും ചാരായവും കണ്ടെത്തി നശിപ്പിക്കുക മാത്രമാണ് പതിവ്.
കോഴിക്കോട്: കോഴിക്കോട് കട്ടിപ്പാറ ചമലിൽ നിന്നും വീണ്ടും ചാരായവും വാഷും പിടികൂടി. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി താമരശ്ശേരി എക്സൈസ് സംഘമാണ് പരിശോധന നടത്തിയത്. ചമൽ - കേളൻമൂല ഭാഗത്ത് നടത്തിയ വ്യാപകമായ റെയ്ഡിൽ വിവിധ സ്ഥലങ്ങളിൽ നിന്ന് 15 ലിറ്റർ ചാരായവും 400 ലിറ്റർ വാഷും കണ്ടെടുത്തു. എക്സൈസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
സ്ഥിരം വ്യാജ വാറ്റ് കേന്ദ്രമാണിതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സർക്കിൾ ടീം ഐബി പ്രിവന്റീവ് ഓഫീസർ ചന്ദ്രൻ കുഴിച്ചാലിൽ നൽകിയ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. പ്രിവന്റീവ് ഓഫീസർ. സി. ജി.സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ സിഇഒ ബിനീഷ് കുമാർ, ഡ്രൈവർ രാജൻ എന്നിവർ പങ്കെടുത്തു.
കാടും മലയും അടങ്ങിയ ചമൽ കേളൻ മൂല ഭാഗത്തായാണ് വ്യാജവാറ്റ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. എക്സൈസ് സംഘമെത്തി വാറ്റും ചാരായവും കണ്ടെത്തി നശിപ്പിക്കുക മാത്രമാണ് പതിവ്. വാറ്റു സംഘത്തെ പിടികൂടാൻ കഴിയാത്തതിനാല്‍ ഇവിടെ വാറ്റ് തുടർകഥയാണെന്ന് നാട്ടുകാര്‍ പറയുന്നു. എക്സൈസിന്റെ പരിശോധനയും പിടികൂടലും തുടരുകയാണ്.
