മലപ്പുറത്ത് പാമ്പ് കടിയേറ്റ് പതിനേഴുകാരന് ദാരുണാന്ത്യം
നിലമ്പൂർ ഗവൺമെൻ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സിനാൻ്റെ ജീവൻ രക്ഷിക്കാനായില്ല
മലപ്പുറം: വഴിക്കടവിൽ പാമ്പ് കടിയേറ്റ് ഒരാൾ മരിച്ചു. വഴിക്കടവ് കാരക്കോട് പുത്തൻവീട്ടിൽ നൗഷാദിൻ്റെ മകൻ സിനാൻ (17) ആണ് മരിച്ചത്. പാമ്പ് കടിയേറ്റതിന് പിന്നാലെ സിനാൻ്റെ ആരോഗ്യ നില വഷളായി. പിന്നാലെ നിലമ്പൂർ ഗവൺമെൻ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സിനാൻ്റെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
അതിനിടെ തൃപ്പൂണിത്തുറ പേട്ടയിൽ വീട്ടുമുറ്റത്ത് എത്തിയ മലമ്പാമ്പിനെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. പേട്ട പട്ടംഞ്ചേരി റോഡിൽ ചാക്കോച്ചൻ എന്നയാളുടെ വീടിന്റെ ഗെയ്റ്റിലാണ് 7 അടി നീളമുള്ള മലമ്പാമ്പെത്തിയത്. രാവിലെ ഏഴരയോടെയായിരുന്നു സംഭവം. തൊട്ടടുത്തുളള വീട്ടിലെ വളർത്തു പൂച്ചയെ പാമ്പ് വിഴുങ്ങിയതായി നാട്ടുകാർ പറഞ്ഞു. പാമ്പിനെ വനം വകുപ്പ് ഉദ്യോഗസ്ഥർ കാട്ടിൽ തുറന്നുവിട്ടു.