കുട്ടിയെ കാണാതായതോടെ ഭയന്നു പോയ മാതാവ് ഉടനെ തന്നെ അന്തിക്കാട് പൊലീസിൽ ഫോൺ വിളിച്ച് വിവരം പറഞ്ഞു.

തൃശൂർ: അമ്മയോട് വഴക്കിട്ട ശേഷം വീട് വിട്ടിറങ്ങിയ പെൺകുട്ടിയെ വിവരമറിഞ്ഞ ഉടനെ തിരിഞ്ഞ് കണ്ടെത്തി അന്തിക്കാട് പൊലീസ്. തിങ്കളാഴ്ച രാത്രി ഒൻപത് മണിയോടെയാണ് 17 കാരി വീടുവിട്ടിറങ്ങിയത്. കണ്ടശ്ശാംകടവ് സ്വദേശിനിയായ കൗമാരക്കാരിയാണ് വീട്ടിൽ നിന്ന് അമ്മയോട് വഴക്കുകൂടി ഇറങ്ങിപ്പോയത്. ഈ സമയം കുട്ടിയുടെ അമ്മ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.

കുട്ടിയെ കാണാതായതോടെ ഭയന്നു പോയ മാതാവ് ഉടനെ തന്നെ അന്തിക്കാട് പൊലീസിൽ ഫോൺ വിളിച്ച് വിവരം പറഞ്ഞു. ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫീസർമാരായ രജീഷ്, പ്രതീഷ്, ഡ്രൈവർ ജിനേഷ് എന്നിവർ ഉടൻ ജീപ്പെടുത്ത് കണ്ടശ്ശാംകടവിലെത്തി. മാർക്കറ്റും പരിസരവും പരിസര റോഡുകളും നിമിഷ നേരം കൊണ്ട് അരിച്ചു പെറുക്കിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.

തുടർന്ന് കണ്ടശ്ശാംകടവിലെ കനോലി കനാലിനു മുകളിലുള്ള പാലത്തിലൂടെ മറുകരയെത്തിയ പൊലീസ് സംഘം പാലത്തിന് സമീപത്തും തെരിച്ചിൽ നടത്തി. ഇവിടെയും കുട്ടിയെ കണ്ടില്ല. തിരികെ പാലം ഇറങ്ങി വരുമ്പോഴാണ് എതിരെ വരുന്ന പെൺകുട്ടിയെ പൊലീസ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ഉടനെ തന്നെ കുട്ടിയുടെ അരികിലെത്തി വിവരം തിരക്കി. പിന്നീട് പൊലീസ് വാഹനത്തിൽ പെൺകുട്ടിയെ അമ്മയുടെ അടുത്തെത്തിച്ചിട്ടാണ് പൊലീസ് മടങ്ങിയത്.

Read More : ആര്യനാട് ഓട്ടോ തടഞ്ഞപ്പോൾ അകത്ത് കൊലക്കേസ് പ്രതിയടക്കം 2 പേർ, കവറിൽ ഒളിപ്പിച്ചത് 1.16 കിലോ കഞ്ചാവ്, അറസ്റ്റിൽ