തിരുവനന്തപുരം പാലോടാണ് നാട്ടുകാരെയും പൊലീസിനെയും ചുറ്റിച്ച മോഷണ കേസുകളിൽ പ്രതികൾ ഒടുവിൽ പിടിയിലായത്

തിരുവനന്തപുരം: ഒരേ വീട്ടിൽ ആറ് മാസത്തിനിടെ മൂന്ന് തവണ കവർച്ച നടത്തിയ മോഷ്ടാക്കൾ പിടിയിലായി. ഒരേ വീട്ടിൽ മൂന്ന് തവണ കവ‍ർച്ച കേൾക്കുമ്പോൾ വിശ്വസിക്കാൻ പ്രയാസമുണ്ടെങ്കിലും തിരുവനന്തപുരത്ത് നിന്നും പുറത്തുവന്ന വാർത്ത അതാണ് ചൂണ്ടികാട്ടുന്നത്. തിരുവനന്തപുരം പാലോടാണ് നാട്ടുകാരെയും പൊലീസിനെയും ചുറ്റിച്ച മോഷണ കേസുകളിൽ പ്രതികൾ ഒടുവിൽ പിടിയിലായത്. 18 ഉം, 19 ഉം വയസ്സുള്ള യുവാക്കളാണ് മോഷണ കേസിൽ പിടിയിലായത്.

നാളെ രാവിലെ അതിതീവ്ര ന്യൂനർദ്ദം രൂപപ്പെടാനിരിക്കെ പുതിയ ചക്രവാതചുഴി; കേരളത്തിലെ കാലാവസ്ഥ പ്രവചനം അറിയാം

സംഭവം ഇങ്ങനെ

പാലോട് മത്തായിക്കോണത്തുള്ള സ്മിതയുടെ വീട്ടിലാണ് ആറുമാസത്തിനിടെ മൂന്ന് തവണ മോഷണം നടന്നത്. മൂന്ന് തവണയായി വീട്ടിൽ നിന്ന് നഷ്ടപ്പെട്ടത് അൻപതിനായിരം രൂപയും സ്വർണാഭരണങ്ങളുമാണ്. ഏറ്റവും ഒടുവിൽ മോഷണം നടന്നത് ഈ ഞായറാഴ്ച ആയിരുന്നു. വീട്ടിൽ ആരുമില്ലാത്ത നേരം നോക്കിയായിരുന്നു മോഷണം. ആദ്യ രണ്ട് തവണയും പ്രതികളെ കുറിച്ച് ഒരു സൂചനയും ആർക്കും ലഭിച്ചിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം മോഷ്ടിച്ച സ്വർണാഭരണം പണയം വയ്ക്കാനുള്ള ശ്രമത്തിനിടെ കള്ളന്മാർ വലയിലാകുകയായിരുന്നു.

പരിസരവാസിയായ അഭിലാഷ്, പെരിങ്ങമ്മല സ്വദേശി മിഥുൻ എന്നിവരെയാണ് പാലോട് പൊലീസ് പിടികൂടിയത്. മോഷണം നടന്ന വീട്ടിലെ ആളുകളുമായി അഭിലാഷിന് മുൻപരിചയമുണ്ടായിരുന്നു. സ്മിതയുടെ ഭർത്താവ് ലോറി ഡ്രൈവറാണ്. ഇദ്ദേഹം ജോലിക്ക് പോകുന്ന ദിവസങ്ങളിൽ സ്മിതയും കുട്ടികളും കുടുംബവീട്ടിലേക്ക് പോകും. ഇക്കാര്യമറിയാവുന്ന അഭിലാഷാണ് മൂന്ന് തവണയും മോഷണം ആസൂത്രണം ചെയ്തത്. മോഷ്ടിച്ച സ്വർണം പ്രതികൾ പണംവയ്ക്കാനുള്ള സാധ്യത മനസ്സിലാക്കി സ്വർണപണയ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ചുള്ള സൂചന പൊലീസിന് കിട്ടിയത്. ഉല്ലാസ യാത്രകൾക്കും ആഡംബര ജീവിതം നയിക്കാനുമാണ് പ്രതികൾ മോഷണം നടത്തിയിരുന്നതെന്നാണ് പൊലീസ് കണ്ടെത്തൽ. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം