ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ  തലയോലപ്പറമ്പ് - പെരുവ റൂട്ടിലെ കീഴൂർ സായിപ്പ് കവലയ്ക്കു സമീപമായിരുന്നു അപകടം

കോട്ടയം: വൈക്കം തലയോലപ്പറമ്പിൽ ബൈക്ക് ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച് കോളജ് വിദ്യാർത്ഥി മരിച്ചു. കീഴൂർ ദേവസ്വം ബോർഡ് കോളേജിലെ വിദ്യാർത്ഥിയായിരുന്ന കാരിക്കോട് ചൂണ്ടക്കാലായിൽ എബിൻ പീറ്റർ ആണ് മരിച്ചത്. 19 വയസായിരുന്നു.

ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ തലയോലപ്പറമ്പ് - പെരുവ റൂട്ടിലെ കീഴൂർ സായിപ്പ് കവലയ്ക്കു സമീപമായിരുന്നു അപകടം. ബൈക്കും ടിപ്പറും ഒരു ദിശയിൽ വരികയായിരുന്നു. ഇതിനിടെ എബിൻ പീറ്ററിന്റെ ബൈക്ക് ടിപ്പർ ലോറിയെ മറികടക്കാൻ ശ്രമിച്ചു. എന്നാൽ അപ്രതീക്ഷിതമായി ടിപ്പർ ലോറി വലത്തേയ്ക്കു വെട്ടിച്ചതോടെയാണ് അപകടമുണ്ടായത്.

എബിൻ പീറ്റർ ടിപ്പർ ലോറിയ്ക്കടിയിലേയ്ക്കു ബൈക്കുമായി വീഴുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു. അപകടത്തിൽ തലയോലപ്പറമ്പ് പൊലീസ് കേസെടുത്തു. എബിനൊപ്പം ബൈക്കിലുണ്ടായിരുന്ന യുവാവിനെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അതിനിടെ അമ്പലപ്പുഴക്ക് സമീപം കടലിൽ കുളിക്കുന്നതിനിടെ ചുഴിയിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കിട്ടി. പുന്നപ്ര ചള്ളി പുതുവൽ ജിതേഷ് - ശ്രീദേവി ദമ്പതികളുടെ മകൻ ഹരീഷാണ് മരിച്ചത്. ഇന്നലെ രാവിലെ സുഹൃത്തുക്കൾക്കൊപ്പം വീടിന് സമീപമുള്ള കടലിൽ കുളിക്കുമ്പോൾ ചുഴിയിൽപെട്ടാണ് അപകടം സംഭവിച്ചത്. രക്ഷാപ്രവർത്തകർ ഇന്നലെ മുഴുവൻ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇന്ന് രാവിലെ പൊന്തുവള്ളക്കാർക്കാർക്കാണ് മൃതദേഹം ലഭിച്ചത്. അറവുകാട് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായിരുന്നു.