കഞ്ചാവ് കിട്ടാത്ത സാഹചര്യങ്ങളിൽ ഉപയോഗിക്കുന്നതിനാണ് ചെടി നട്ടുവളർത്തിയതെന്നാണ് യുവാവ് എക്സൈസ് സംഘത്തോട് പറഞ്ഞത്

കൊല്ലം: വീടിന് മുകളിൽ മൺകലത്തിൽ കഞ്ചാവ് നട്ടുവളർത്തിയ കേസിൽ 19കാരൻ പിടിയിൽ. കൊല്ലം ഇരവിപുരത്താണ് സംഭവം. ഇരവിപുരം ആക്കോലിൽ വീട്ടിൽ അനന്തുവാണ് കേരള എക്സൈസ് സംഘത്തിന്റെ പിടിയിലായത്. വീടിന്റെ ടെറസിന് മുകളിൽ മൺകലത്തിലാണ് യുവാവ് കഞ്ചാവ് നട്ടുവളർത്തിയത്. രണ്ട് മാസത്തോളം വളർച്ചയെത്തിയതായിരുന്നു ചെടി. അനന്തു സ്ഥിരമായി കഞ്ചാവ് ഉപയോഗിച്ചിരുന്നു. കഞ്ചാവ് കിട്ടാത്ത സാഹചര്യങ്ങളിൽ ഉപയോഗിക്കുന്നതിനാണ് ചെടി നട്ടുവളർത്തിയതെന്നാണ് യുവാവ് എക്സൈസ് സംഘത്തോട് പറഞ്ഞത്. മൺകലത്തിൽ മണ്ണ് നിറച്ച് കഞ്ചാവിന്റെ അരികൾ ഇട്ട് ചെടികൾ വളർത്തിയെടുക്കുകയായിരുന്നു എന്നാണ് യുവാവ് നൽകിയിരിക്കുന്ന മൊഴിയെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

അതിനിടെ പാലക്കാട് അഗളി റേഞ്ചിൽ എക്സൈസ് നടത്തിയ റെയ്ഡിൽ കഞ്ചാവും നിരോധിത പുകയില ഉൽപ്പന്നങ്ങളും പിടികൂടിയത്. അഗളി സ്വദേശിയായ അബ്ദുൾ സമദ് (38) എന്നയാളെ 18 ഗ്രാം കഞ്ചാവുമായാണ് പിടികൂടിയത്. ഭൂതിവഴി ഊരിന് സമീപം നടത്തിയ അന്വേഷണത്തിൽ പിആർവി സ്റ്റോർ എന്ന സ്റ്റേഷനറി കടയിൽ നിന്നും 1.5 കിലോഗ്രാം നിരോധിത പുകയില ഉൽപന്നങ്ങളും ഹാൻസ് പിടികൂടി. കട നടത്തുന്ന ഗുരുമൂർത്തി എന്നയാൾക്കെതിരെ കോട്‌പ (COTPA) നിയമപ്രകാരം കേസെടുത്തു. നേരത്തെയും നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിറ്റതിന് കേസെടുത്തിരുന്നു. കടയുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതിന് അഗളി പഞ്ചായത്തിന് കത്ത് നൽകി. തച്ചംപടി ഊരിനു സമീപം നടത്തിയ റെയ്ഡിൽ 72 ലിറ്റർ വാഷും 5 ലിറ്റർ ചാരായവും കണ്ടെത്തി. പ്രതിയെ കിട്ടിയില്ല.