ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പൊലീസ് നടത്തിയ പരിശോധനയിൽ മുക്കോലയിലെ സർവീസ് റോഡിനടുത്ത് നിന്ന് 2.5 കിലോ കഞ്ചാവ് പിടികൂടി. അതിഥി തൊഴിലാളിയാണ് പിടിയിലായത്.
തിരുവനന്തപുരം: വിഴിഞ്ഞത്തിന് സമീപം രണ്ടരക്കിലോ കഞ്ചാവുമായി അതിഥിത്തൊഴിലാളി പിടിയിൽ. അസം സ്വദേശിയും പോത്തൻകോട്ടെ കോഴിക്കടയിലെ തൊഴിലാളിയുമായ സുൽത്താൻ അഹമ്മദി(27)നെ ആണ് എക്സൈസ് നെയ്യാറ്റിൻകര റെയ്ഞ്ച് ഇൻസ്പെക്ടറും സംഘവും പിടികൂടിയത്. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ദേശീയപാതയിൽ പട്രോളിങ് നടത്തുകയായിരുന്നു എക്സൈസ് സംഘം. ഇന്നലെ രാത്രി പത്തരയോടെ വിഴിഞ്ഞം- മുക്കോല സർവീസ് റോഡിലൂടെ കഞ്ചാവ് ബാഗിനുള്ളിലാക്കി പോകുമ്പോഴാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
മുക്കോലയിലെ സർവീസ് റോഡിനടുത്തുള്ള ഇടറോഡിലുള്ള ഒരാൾക്ക് വിൽക്കുന്നതിനാണ് കഞ്ചാവ് കൊണ്ടുവന്നതെന്നാണ് ഇയാൾ പറഞ്ഞത്. വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് എക്സൈസ്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. റെയ്ഞ്ച് ഇൻസ്പെക്ടർ ജെ. എസ്. പ്രശാന്ത്, അസി. ഇൻ സ്പെക്ടർ എൻ.മണിവർണൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ബി. പ്രസന്നൻ, എസ്.അനീഷ്, യു.കെ.ലാൽ കുമാർ, എം.വിനോദ് കുമാർ, അൽത്താഫ്, അഖിൽ, എസ്. ശ്രീജ എന്നിവരുൾപ്പെട്ട സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
