മേപ്പാടിയില്‍ സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കുകയായിരുന്ന വിദ്യാര്‍ഥിനികളെ ടോറസ് ലോറി ഇടിച്ചുതെറിപ്പിച്ചു. അപകടത്തില്‍ പരിക്കേറ്റ രണ്ട് വിദ്യാര്‍ഥിനികളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

കല്‍പ്പറ്റ: വയനാട്ടില്‍ സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കുകയായിരുന്ന വിദ്യാര്‍ഥിനികളെ ലോറി ഇടിച്ചുതെറിപ്പിച്ചു. വൈകീട്ട് നാലരയോടെ മേപ്പാടി നഗരത്തിലായിരുന്നു അപകടം. പരിക്കേറ്റ വിദ്യാര്‍ഥിനികളെ മേപ്പാടിയിലെ സ്വാകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂള്‍ വിട്ട് കൂട്ടുകാരോടൊപ്പം റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് ഒരു കൂട്ടം വിദ്യാര്‍ഥിനികളില്‍ നിന്ന് രണ്ടു പേരെയാണ് വേഗത കുറക്കാതെ എത്തിയ ടോറസ് ലോറി ഇടിച്ചു തെറിപ്പിച്ചത്. അപകടത്തിന്റെ ദൃശ്യങ്ങള്‍ സീബ്രാലൈനിന് സമീപത്തെ കടയിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങളില്‍ നാല് വിദ്യാര്‍ഥിനികളാണ് സീബ്രാലൈന്ഡ വഴി മറുഭാഗത്തേക്ക് കടക്കുന്നത്.

ആദ്യം രണ്ട് വിദ്യാര്‍ഥിനികള്‍ റോഡ് മുറിച്ചു കടന്നു. ഇവര്‍ക്ക് പിന്നാലെ മറ്റു രണ്ട് വിദ്യാര്‍ഥികളും ഉണ്ടായിരുന്നെങ്കിലും ഇവര്‍ മറുഭാഗത്ത് എത്തുമ്പോഴേക്കും കൂറ്റന്‍ ലോറി വന്ന് ഇചിക്കുകയായിരുന്നു. വാഹനം തങ്ങള്‍ക്ക് നേരെ വരുന്നത് കണ്ട് വിദ്യാര്‍ഥികള്‍ ബഹളം വെക്കുന്നുണ്ട്. എന്നാല്‍ അപ്പോഴേക്കും ലോറി വന്ന് ഇടിച്ചു. റോഡിലേക്ക് തെറിച്ചുവീണ വിദ്യാര്‍ഥിനികളെ ഓടിക്കൂടിയവര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചു. ഇരുവരുടെയും പരിക്ക് സാരമുള്ളതല്ലെന്നാണ് ലഭിക്കുന്ന വിവരം. ഒരു വിദ്യാര്‍ഥിനി ചികിത്സക്ക് ശേഷം ആശുപത്രി വിട്ടിട്ടുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുക്കാനാണ് സാധ്യത. സീബ്രാലൈനില്‍ നിന്നാണ് കുട്ടികളെ ഇടിച്ചതെന്ന കാരണത്താല്‍ ലോറി ഡ്രൈവര്‍ക്കെതിരെ കടുത്ത നടപടി ഉണ്ടായേക്കും.