9-ാം തീയതി രാവിലെ ക്ഷേത്ര ഭാരവാഹികൾ ക്ഷേത്രത്തിന് സമീപം എത്തിയപ്പോഴാണ് പ്രതിമ തകർത്ത നിലയിൽ കണ്ടത്
തിരുവനന്തപുരം: കന്യാകുമാരിയില്‍ ശിവജി പ്രതിമ തകര്‍ത്ത സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍. മേൽപുറം സ്വദേശി എഡ് വിൻ, ഞാറാൻവിള സ്വദേശി പ്രതീഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ ഉദ്ദേശം എന്താണ്, രാഷ്ട്രീയ ബന്ധങ്ങൾ എന്നിവയെ കുറിച്ചും പൊലീസ് ചോദ്യം ചെയ്തു വരികയാണ്. കന്യാകുമാരി ജില്ലയിലെ മേൽപ്പുറത്തിനടുത്തുള്ള തോട്ടതുമഠം കൃഷ്ണ ക്ഷേത്രത്തിന് സമീപം സ്ഥാപിച്ചിരുന്ന വീര ശിവജി പ്രതിമയാണ് തകർത്ത നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ 8 ന് അർധ രാത്രി ആയിരുന്നു സംഭവം. 15 വർഷം മുൻപാണ് ക്ഷേത്രത്തിന്റെ സമീപം പ്രതിമ സ്ഥാപിച്ചത്. 9-ാം തീയതി രാവിലെ ക്ഷേത്ര ഭാരവാഹികൾ ക്ഷേത്രത്തിന് സമീപം എത്തിയപ്പോഴാണ് പ്രതിമ തകർത്ത നിലയിൽ കണ്ടത്.
9 അടി ഉയരത്തിൽ നിർമിച്ചിരുന്ന പ്രതിമയുടെ തലയാണ് തകർത്തത്. ഉടൻ തന്നെ ക്ഷേത്ര ഭാരവാഹികൾ മാർത്താണ്ഡം പൊലീസിന് പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് എടുത്ത ശേഷം പ്രതികൾക്കായി അന്വേഷണം ആരംഭിക്കുകയും ചെയ്തു. പ്രതികളെ ഉടനെ അറസ്റ്റ് ചെയ്യണം എന്ന് ആവശ്യപ്പെട്ട് വിവിധ ഹിന്ദു സംഘടനകൾ പ്രതിഷേധ സമരം നടത്തി വരികയയിരുന്നു. തുടർന്ന് ജില്ലാ എസ് പി ഹരി കിരൺ പ്രസാദിന്‍റെ ഉത്തരവ് അനുസരിച്ച് 2 സ്പെഷ്യൽ ടീം രൂപീകരിച്ച് പ്രതികൾക്കായി തിരച്ചിൽ നടത്തിയതിനെ തുടര്‍ന്നാണ് ഇവരെ പിടികൂടിയത്.

അതേസമയം തിരുവനന്തപുരത്ത് നിന്ന് പുറത്തുവന്ന മറ്റൊരു വാർത്ത വര്‍ക്കല അയിരൂരിൽ പ്രണയത്തിൽ നിന്ന് പിന്മാറാത്തതിന് യുവാവിനെ കോളേജ് വിദ്യാര്‍ത്ഥിനിയും ഗുണ്ടകളും നഗ്‍നനാക്കി കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ. വര്‍ക്കല സ്വദേശിയും ബി സി എ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിനിയുമായ ലക്ഷ്മിപ്രിയയാണ് അറസ്റ്റിലായത്. ഇവരടക്കം ഏഴ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സംഘത്തിലുണ്ടായിരുന്ന എറണാകുളം മഞ്ഞുമ്മൽ സ്വദേശി അമലിനെ അയിരൂര്‍ പൊലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഏപ്രിൽ അഞ്ചിനായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.
