വാഹനാപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രാഥമിക ചികിത്സ തേടിയ ശേഷം വീട്ടിലേക്ക് സുഹൃത്തിനൊപ്പം പോവുകയായിരുന്നു. ഈ സമയത്താണ് ദാരുണ സംഭവമുണ്ടായത്. അഞ്ച് മുള്ളുകളാണ് അബ്ദുല്‍ ഗഫൂറിന്റെ കാലില്‍ തറച്ചത്.

കോഴിക്കോട്: ബൈക്കില്‍ സഞ്ചരിക്കവേ അപ്രതീക്ഷിതമായുണ്ടായ മുള്ളന്‍പന്നിയുടെ ആക്രമണത്തില്‍ മുള്ളുകള്‍ തുളച്ചുകയറി യുവാവിന് സാരമായി പരിക്കേറ്റു. കോഴിക്കോട് ഒളവണ്ണ ഭൂഖണ്ഡപുരം സ്വദേശി അബ്ദുല്‍ ഗഫൂറി(21)ന്റെ കാലിലാണ് മുള്ളന്‍ പന്നിയുടെ മുള്ളുകള്‍ തുളച്ചു കയറിയത്. പാലാഴി എം.എല്‍.എ റോഡില്‍ വച്ച് പുലര്‍ച്ചെ നാലോടെയാണ് സംഭവം നടന്നത്. വാഹനാപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രാഥമിക ചികിത്സ തേടിയ ശേഷം വീട്ടിലേക്ക് സുഹൃത്തിനൊപ്പം പോവുകയായിരുന്നു. ഈ സമയത്താണ് ദാരുണ സംഭവമുണ്ടായത്.

അഞ്ച് മുള്ളുകളാണ് അബ്ദുല്‍ ഗഫൂറിന്റെ കാലില്‍ തറച്ചത്. ഇതില്‍ മൂന്ന് മുള്ളുകള്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ എടുത്തു മാറ്റിയെങ്കിലും രണ്ടെണ്ണം വിരലിലെ അടിഭാഗത്തും നിന്നും മുകളിലൂടെ തുളച്ചുകയറിയ നിലയിലായിരുന്നു. തുടര്‍ന്ന് കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ വെച്ചാണ് ഇവ എടുത്തുകളഞ്ഞത്. അബ്ദുല്‍ ഗഫൂര്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. ബൈക്കിലുണ്ടായിരുന്ന സുഹൃത്ത് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.