പത്തനംതിട്ട റാന്നി എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ ഇവിടെ നിന്നും 220 കുപ്പി വിദേശ മദ്യമാണ് പിടികൂടിയത്. റാന്നി അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബിജു ഫിലിപ്പും സംഘവുമാണ് സ്ഥലത്ത് പരിശോധന നടത്തി വിദേശ മദ്യം പിടികൂടിയത്
പത്തനംതിട്ട: പത്തനംതിട്ട റാന്നിയിൽ എക്സൈസ് സംഘം വൻ വിദേശ മദ്യ ശേഖരം പിടികൂടി. ആർക്കും സംശയം തോന്നാത്ത, പുറമേ നോക്കിയാൽ അടഞ്ഞു കിടക്കുന്ന ഒരു വീട്ടിൽ നിന്നാണ് വിദേശ മദ്യ ശേഖരം പിടികൂടിയത്. പത്തനംതിട്ട റാന്നി എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ ഇവിടെ നിന്നും 220 കുപ്പി വിദേശ മദ്യമാണ് പിടികൂടിയത്. റാന്നി അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബിജു ഫിലിപ്പും സംഘവുമാണ് സ്ഥലത്ത് പരിശോധന നടത്തി വിദേശ മദ്യം പിടികൂടിയത്.
തൃശൂരിലും വിദേശ മദ്യം പിടികൂടി
അതിനിടെ തൃശൂരിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത എളംതുരുത്തിയിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 32.5 ലിറ്റര്‍ ഇന്ത്യന്‍ നിർമ്മിത വിദേശ മദ്യവുമായി ഷാജു കെ എല്‍ (57 വയസ്) എന്നയാളെ അറസ്റ്റ് ചെയ്തു എന്നതാണ്. തൃശൂർ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പ്രമോദ് എസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ എക്സൈസ് ഇൻസപെക്ടർ അനൂപ് കുമാർ, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) സുനിൽ കുമാർ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) സന്തോഷ് കുമാർ എം എസ്, വിശാൽ പി വി, സിവിൽ എക്സൈസ് ഓഫീസർ ഇർഷാദ് എന്നിവർ പങ്കെടുത്തു.
തൃശൂരിൽ ചാരായം വാറ്റ് പിടികൂടി
മണലിത്തറയിൽ ചാരായം വാറ്റുന്നതിനായി സൂക്ഷിച്ചിരുന്ന 300 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമായി എലിയാസ് (54 വയസ്) എന്നയാളെ അറസ്റ്റ് ചെയ്തു എന്നതാണ്. വടക്കാഞ്ചേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജീൻ സൈമൺ സി യും സംഘവും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) മാരായ പി പി കൃഷ്ണകുമാർ, കെ വി ഷാജി, സിവിൽ എക്സൈസ് ഓഫീസർമാരായ എൻ വി അജീഷ് കുമാർ, സനീഷ് ഇ പി, അനിൽ സി ബാലകൃഷ്ണൻ എന്നിവരും റെയ്‌ഡിൽ പങ്കെടുത്തു.
മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ അണിചേരാം
നാടിന്റെ നന്മയ്ക്കായി മയക്കുമരുന്നുകൾക്കെതിരായ പോരാട്ടത്തിൽ ഏവരും അണിചേരണമെന്ന് എക്സൈസ് വകുപ്പ് ഫേസ്ബുക്ക് പേജിലൂടെ അഭ്യർഥിച്ചു. മയക്കുമരുന്ന് വിൽപ്പനയോ ഉപയോഗമോ ശ്രദ്ധയിൽപെട്ടാൽ അറിയിക്കണമെന്നാണ് എക്സൈസ് ആവശ്യപ്പെട്ടിരിക്കുന്നത്. മയക്കുമരുന്നുകൾക്കെതിരായ പോരാട്ടത്തിൽ നിങ്ങൾക്കും പങ്കുചേരാമെന്ന് വ്യക്തമാക്കിയിട്ടുള്ള കുറിപ്പിൽ ഇക്കാര്യങ്ങൾ അറിയിക്കാനായി ഫോൺ നമ്പറും പങ്കുവച്ചിട്ടുണ്ട്. മയക്കുമരുന്ന് വിൽപ്പനയോ ഉപയോഗമോ ശ്രദ്ധയിൽപെട്ടാൽ 9447178000 എന്ന നമ്പറിൽ വിളിച്ച് അറിയിക്കണമെന്നാണ് എക്സൈസ് ആവശ്യപ്പെട്ടിരിക്കുന്നത്.
