ഫേസ്ബുക്ക് വഴി പരിചയപ്പെട്ട 22കാരിയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും പരാതി

മലപ്പുറം: താനൂര്‍ സ്വദേശിനിയായ യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും മര്‍ദിച്ച് പരുക്കേല്‍പ്പിക്കുകയും ചെയ്തെന്ന പരാതിയില്‍ തേഞ്ഞിപ്പലം പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. പുത്തൂര്‍ പള്ളിക്കല്‍ അങ്കപ്പറമ്പ് സ്വദേശി കൃഷ്ണ ഹൗസില്‍ ശിവപ്രസാദിനെയാണ് (24)യാണ് പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. ഇയാൾ റിമാൻഡിലാണ്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട 22കാരിയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക പീഡനത്തിന് ഇരയാക്കുകയും പിന്നീട് യുവാവിന്റെ പുത്തൂര്‍പള്ളിക്കലിലെ വീടിന് സമീപത്തെ ഒഴിഞ്ഞ വീട്ടിലെത്തിച്ച ശേഷം യുവതിക്ക് മറ്റുള്ളവരുമായി ബന്ധമുണ്ടെന്നാരോപിച്ച് മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി.

യുവതി താനൂര്‍ പൊലീസില്‍ നല്‍കിയ പരാതി തേഞ്ഞിപ്പലം പൊലീസിന് കൈമാറുകയായിരുന്നു. കഴിഞ്ഞ 20നാണ് യുവതിയെ മര്‍ദിച്ചതെന്ന് പരാതിയിൽ പറയുന്നു. വിവാഹം വാഗ്ദാനം നല്‍കി മുമ്പ് പല തവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയതും മര്‍ദിച്ചതും പുറത്ത് പറഞ്ഞാല്‍ നഗ്‌നചിത്രങ്ങൾ‌ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി നല്‍കിയ പരാതിയിലുള്ളതായി പൊലീസ് അറിയിച്ചു. പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സ തേടി. യുവതി മറ്റൊരാളുമായി സാമൂഹിക മാധ്യമത്തില്‍ ചാറ്റ് ചെയ്യുന്നുവെന്ന് ആരോപിച്ചാണ് യുവാവ് മര്‍ദിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോഴിക്കോട് ജില്ലാ ജയിലില്‍ റിമാന്‍ഡ് ചെയ്തു.

കന്യാസ്ത്രീ മഠത്തിൽ കടന്ന് പീഡനം; നാല് യുവാക്കള്‍ അറസ്റ്റില്‍, പോക്സോ പ്രകാരം കേസെടുത്ത് പൊലീസ്

അതേസമയം, ഇടുക്കിയിൽ പതിനാറുകാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്ത പ്രതിക്ക് 12 വർഷം തടവും 15,000 രൂപ പിഴയും ശിക്ഷ വിധിച്ചു. വാഴത്തോപ്പ് സ്വദേശി ജിന്‍റോയാണ് കേസിലെ പ്രതി. ഇടുക്കി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയാണ് ഇന്നലെ ശിക്ഷിച്ചത്. പെൺകുട്ടിയുടെ വീടിന് സമീപത്തെ റോഡ് പണിക്ക് ഹിറ്റാച്ചി ഓപ്പറേറ്റർ ആയി എത്തിയതായിരുന്നു ജിന്‍റോ. പെൺകുട്ടി ഒറ്റയ്ക്കായിരുന്ന സമയത്ത് വീട്ടിൽ അതിക്രമിച്ചുകയറി ബലാത്സംഗം ചെയ്തു എന്നാണ് കേസ്.

2016 ൽ ആണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെ പരാതിയില്‍ ഇടുക്കി പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തിയത്. വീട്ടില്‍ കുട്ടി ഒറ്റയ്ക്കാണെന്ന് മനസിലാക്കിയ പ്രതി ആളില്ലാത്ത നേരം നോക്കി അതിക്രമിച്ച് കയറി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തതിന് ഏഴുവർഷം തടവും, 10000 രൂപ പിഴയുമാണ് ശിക്ഷ. പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചുകയറിയതിന് അഞ്ച് വർഷം തടവും 5000 രൂപ പിഴയുമാണ് ശിക്ഷിച്ചത്. പിഴ തുക പൂർണമായും ഇരക്ക് നൽകണമെന്നും കോടതി നി‍ർദ്ദേശിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എസ് എസ് സനീഷ് ഹാജരായി.