തലയ്ക്ക് സാരമായി പരിക്കേറ്റ അമലിനെ ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി.

കോഴിക്കോട്: വടകര വള്ളിക്കാട് ടൗണില്‍ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വടകര കപ്പൊയില്‍ അമല്‍കൃഷ്ണ(27) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു സംഭവം. വീട്ടിലേക്ക് പോവുകയായിരുന്ന അമലിനെ വള്ളിക്കാട് പൊലീസ് എയ്ഡ് പോസ്റ്റിന് സമീപത്ത് വെച്ച് കാര്‍ ഇടിച്ചുവീഴ്ത്തുകയായിരുന്നു. സംഭവസ്ഥലത്ത് നിന്നും വാഹനം കടന്നുകളഞ്ഞു. നാദാപുരം ഭാഗത്ത് നിന്നെത്തിയ കാര്‍ വടകര ഭാഗത്തേക്കാണ് പോയത്. 

തലയ്ക്ക് സാരമായി പരിക്കേറ്റ അമലിനെ ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. അപകടമുണ്ടാക്കിയ വാഹനം കണ്ടെത്താനുള്ള ശ്രമത്തിലാണ് വടകര പൊലീസ്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.