കണ്ണൂർ സ്വദേശി ഹൃദ്യ , കോതമംഗലം സ്വദേശി നിഖിൽ, ഇടുക്കി സ്വദേശി ആൽബിൻ മാത്യു എന്നിവരാണ് പൊലീസ് പിടിയിലായത്

ആലപ്പുഴ: ആലപ്പുഴയിൽ എം ഡി എം എയുമായി യുവതിയടക്കം മൂന്നുപേർ അറസ്റ്റിൽ. കണ്ണൂർ സ്വദേശി ഹൃദ്യ , കോതമംഗലം സ്വദേശി നിഖിൽ, ഇടുക്കി സ്വദേശി ആൽബിൻ മാത്യു എന്നിവരാണ് പൊലീസ് പിടിയിലായത്. കളർകോട് ബൈപാസിന് സമീപം വാഹന പരിശോധനക്കിടെയാണ് കാറിലെത്തിയ ഇവരെ സൗത്ത് പൊലീസ് പിടികൂടിയത്. 9 ഗ്രാം എം ഡി എം എയാണ് ഇവരിൽ നിന്ന് കണ്ടെത്തിയത്.

എംഡിഎംഎയും ഹാഷിഷ് ഓയലുമായി യുവാവ് പിടിയില്‍

അതേസമയം കേരളത്തിലെത്തുന്നത് കോടികളുടെ രാസലഹരിയാണെന്നും അതിൽ പത്ത് ശതമാനം പോലും എക്സൈസിന് പിടിക്കാനാകുന്നില്ലെന്നുമാണ് ഏഷ്യാനെറ്റ് ന്യൂസ് റോവിം​ഗ് റിപ്പോ‍ർട്ടറുടെ അന്വേഷണത്തിൽ വ്യക്തമാവുന്നത്. കരയും കടലും ആകാശവും അടക്കമുള്ള മാർഗങ്ങളിലൂടെ കേരളത്തിൽ വ‍ർഷാ വർഷം കോടികളുടെ രാസലഹരിയാണ് എത്തുന്നത്. ഇതിൽ പത്ത് ശതമാനം പോലും പിടികൂടാൻ കേരളത്തിലെ അന്വേഷണ സംവിധാനങ്ങൾക്ക് കഴിയുന്നില്ല എന്നതാണ് റോവിംഗ് റിപ്പോർട്ടർ പരമ്പരയിലൂടെ വ്യക്തമാകുന്നത്. ലഹരിക്കടത്ത് സംഘങ്ങൾ തമ്മിൽ പ്രശ്നങ്ങളുണ്ടാകുമ്പോൾ അവർ ഒറ്റി കൊടുക്കുമ്പോഴോ മറ്റിടങ്ങളിൽ നിന്ന് വിവരം കിട്ടുമ്പോഴോ ഉള്ള റെയ്ഡിൽ മാത്രം ഒതുങ്ങുകയാണ് എക്സൈസിന്റെ ഓപ്പറേഷൻസ് എന്നതാണ് യാഥാർത്ഥ്യം. ഫലപ്രദമായ സൈബർ വിങ്ങ് ഇല്ലാത്തതും കേന്ദ്ര ഏജൻസികൾ തമ്മിലുള്ള ഏകോപനക്കുറവും തിരിച്ചടിയാകുമ്പോൾ ലഹരിക്കടത്ത് സംഘങ്ങൾ ഒരു ഭയവുമില്ലാതെ സംസ്ഥാനത്ത് വിലസുകയാണെന്ന് പറയാം.

കഞ്ചാവിന്റെ കാലം ഏതാണ്ട് കഴിയുകയാണ്. എം ഡി എം എയും എൽ എസ് ഡി സ്റ്റാംപും ബ്രൗൺ ഷുഗറുമാണ് പലയിടങ്ങളിലും വ്യാപകമായി ഉപയോഗിക്കുന്നത്. മയക്കുമരുന്ന് കച്ചവടക്കാ‍ർ തമ്മിലുള്ള പ്രശ്നങ്ങളുടെ പുറത്തോ മറ്റോ ഒറ്റുണ്ടായാൽ പോയി പിടികൂടുന്ന സംഭവങ്ങളാണ് മിക്കയിടത്തും നടക്കുന്നത്. രാസ ലഹരി വിൽപനക്കാരെ പിടികൂടിയാൽ തന്നെ അവരോട് സാധനം വാങ്ങുന്നവരെ കണ്ടെത്തി ആ ചങ്ങല തകർക്കാൻ ശ്രമങ്ങൾ ഉണ്ടാകാറില്ല. അതിലും പ്രധാന പ്രശ്നമാണ് രാസലഹരി എത്തിക്കുന്ന ഇതര സംസ്ഥാനത്തുള്ള റാക്കറ്റിലേക്ക് അന്വേഷണം നീങ്ങുന്നില്ല. കേന്ദ്ര സംസ്ഥാന ഏജൻസികൾ തമ്മിലുള്ള ഏകോപനം ഇല്ലാത്തതാണ് ഇവിടെ തിരിച്ചടിയാവുന്നത്. വീട്ടമ്മമാരെ വരെ ഇറക്കിയാണ് ഇപ്പോൾ സംസ്ഥാനത്തെ ലഹരി വിൽപന. ഓട്ടോഡ്രൈവർമാരായും ജ്യൂസ് വിൽപനക്കാരനായും ഓൺലൈൻ ഡെലിവറി ബോയ് ആയും എത് വേഷത്തിലും ലഹരി കച്ചവ‌ടക്കാ‍ർ എവിടെയും കടന്നുവരും. പലപ്പോഴും സഹപാഠികളാണ് സ്കൂൾ കോളേജ് വിദ്യാർത്ഥികളെ ചതിക്കെണിയിലാക്കുന്നെഞെട്ടിക്കുന്ന വെളിപ്പെടുത്തൽ റോവിംഗ് റിപ്പോർട്ടറിലുണ്ടായി. ഇൻസ്റ്റഗ്രാമും വാട്സാപ്പ്ഗ്രൂപ്പുമടക്കം ഓൺലൈൻ ലോകത്ത് മയക്കുമരുന്ന് ശ്യംഘല വ്യാപകമാണ്. അതുകൊണ്ടുതന്നെ പഴുതടച്ച സംവിധാനം ഇതിനെതിരെ ഉണ്ടായാലെ കേരളത്തിലേക്കുള്ള ലഹരിക്കടത്തിന് മൂക്കുകയർ ഇടാനാകു.

കേരളത്തിലെത്തുന്നത് കോടികളുടെ രാസലഹരി: പത്ത് ശതമാനം പോലും പിടിക്കാനാവാതെ എക്സൈസ്