ശബരിമല ദർശനം കഴിഞ്ഞ് പുനലൂരിൽ നിന്നും അഞ്ചലിലേക്ക് വരുകയായിരുന്ന ആന്ധ്രപ്രദേശിലെ അയ്യപ്പന്മാർ സഞ്ചരിച്ചിരുന്ന ബസും അഞ്ചൽ നിന്നും പുനലൂരിലേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയുമാണ് കൂട്ടിയിടിച്ചത്

കൊല്ലം: ശബരിമല തീർത്ഥടനം കഴിഞ്ഞു മടങ്ങിയ അയ്യപ്പഭക്തർ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്നു പേർ മരിച്ചു. ഓട്ടോറിക്ഷ ഡ്രൈവറും ഓട്ടോയിലെ യാത്രക്കാരായിരുന്ന രണ്ട് പെൺകുട്ടികളുമാണ് മരിച്ചത്. കരവാളൂർ നീലമ്മാൾ പള്ളിവടക്കതിൽ വീട്ടിൽ ശ്രുതി ലക്ഷ്മി (16), തഴമേൽ ചൂരക്കുളം ജയജ്യോതി ഭവനിൽ ജ്യോതിലക്ഷ്മി(21), ഓട്ടോ ഡ്രൈവർ തഴമേൽ ചൂരക്കുളം അക്ഷയ് ഭവനിൽ അക്ഷയ് (23) എന്നിവരാണ് മരിച്ചത്. ശ്രുതി ലക്ഷ്മി കരവാളൂർ എഎംഎംഎച്ച്എസിലെ പത്താം ക്ലാസ് വിദ്യാർഥിനിയും, ജ്യോതിലക്ഷ്മി ബാംഗ്ലൂരിൽ നഴ്സിംഗ് വിദ്യാർഥിനിയുമാണ്. അഞ്ചൽ പുനലൂർ പാതയിൽ മാവിളയിലായിരുന്നു അപകടം. രാത്രി ഒരു മണിയോടെയാണ് അപകടം സംഭവിച്ചത്. ശബരിമല ദർശനം കഴിഞ്ഞ് പുനലൂരിൽ നിന്നും അഞ്ചലിലേക്ക് വരുകയായിരുന്ന ആന്ധ്രപ്രദേശിലെ അയ്യപ്പന്മാർ സഞ്ചരിച്ചിരുന്ന ബസും അഞ്ചൽ നിന്നും പുനലൂരിലേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയുമാണ് കൂട്ടിയിടിച്ചത്. 

ജ്യോതിലക്ഷ്മിയും ശ്രുതി ലക്ഷ്മിയും ബന്ധുക്കളാണ്. ചൂരക്കുളത്തെ ജ്യോതിലക്ഷ്മിയുടെ വീട്ടിൽ നിന്നും കരവാളൂരിലെ ശ്രുതിലക്ഷ്മിയുടെ വീട്ടിലേക്ക് ഓട്ടോറിക്ഷയിൽ പോവുകയായിരുന്നു. അക്ഷയ് അപകട സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ശ്രുതിലക്ഷ്മിയെയും ജ്യോതി ലക്ഷ്മിയെയും അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചശേഷമാണ് മരിച്ചത്. അപകടത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം