കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാൽസംഗം ചെയ്ത കേസിൽ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തണ്ടാറപാറ സ്വദേശികളായ ഷഫീഖ്, ജുനൈദ്, അൻഷിഫ് എന്നിവരെയാണ് പേരാമ്പ്ര പോലീസ് ഇൻസ്പെക്ടർ കെ.കെ.ബിജുവും സംഘവും പിടികൂടിയത്. മലപ്പുറത്ത് ഒളിവിൽ കഴിയുന്നതിനിടെയാണ് ഇവർ പിടിയിലാകുന്നത്.

കഴിഞ്ഞ ജൂൺ എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒന്നാം പ്രതി ഷഫീഖാണ് കാറിൽ കയറ്റിക്കൊണ്ടുപോയത്. പേരാമ്പ്ര ടൗണിലെ പാർക്കിംഗ് ഗ്രൗണ്ടിൽ നിർത്തിയിട്ട കാറില്‍ വെച്ചാണ് പ്രതി പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിക്കുന്നത്. പിന്നീട് കിഴക്കൻ പേരാമ്പ്രയിലെ വീട്ടിൽ എത്തിച്ച്  ഒന്നാം പ്രതി ഷഫീഖും രണ്ടാം പ്രതി ജുനൈദും ചേർന്ന് പീഡിപ്പിച്ചു. ഈ സംഭവത്തിനു ശേഷം കണ്ടാലറിയാവുന്ന മറ്റു രണ്ടു പേർ പെൺകുട്ടിയുടെ നഗ്ന ഫോട്ടോ യൂട്യൂബിൽ പ്രദർശിപ്പിക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കി.

അറസ്റ്റിലായ മൂന്നു പേരും സുഹൃത്തുക്കളാണെന്ന് പോലീസ് പറഞ്ഞു. നാദാപുരം ഡിവൈഎസ്പി ജി.സാബുവിന്റെ മേൽനോട്ടത്തിലാണ് കേസന്വേഷണം നടത്തുന്നത്. സംഭവത്തില്‍ കൂടുതൽ പേരെ പിടികിട്ടാനുണ്ടെന്നും പോലീസ് അറിയിച്ചു.