ബസിൽനിന്നും ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് ബസ് മുന്നോട്ടെടുത്തതിനെ തുടർന്ന് ദേവരാജ് തെറിച്ച് റോഡിൽ വീഴുകയായിരുന്നു

തിരുവനന്തപുരം: ഗർഭിണിയായ ഭാര്യയെ ആശുപത്രിയിൽ ഡോക്ടറെ കാണിച്ച് മടങ്ങുമ്പോള്‍ സ്വകാര്യബസിൽനിന്ന് തെറിച്ചുവീണ യുവാവിന് ദാരുണാന്ത്യം. നഗരൂർ കടവിള പുല്ലുതോട്ടം വിശാൽ വിലാസത്തിൽ ദേവരാജ് (39) ആണ് മരിച്ചത്. കിളിമാനൂർ - ആലംകോട് റോഡിൽ കടവിളയിൽ വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് രണ്ടുമണിയോടെയായി രുന്നു അപകടമുണ്ടായത്. ദേവരാജിൻറെ ഭാര്യ വിജി അഞ്ച് മാസം ഗർഭിണിയാണ്.

ഇരുവരും ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പോയി മടങ്ങി വരികയായിരുന്നു. ബസിൽനിന്നും ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് ബസ് മുന്നോട്ടെടുത്തതിനെ തുടർന്ന് ദേവരാജ് തെറിച്ച് റോഡിൽ വീഴുകയായിരുന്നു. ഉടനെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ. സംഭവത്തില്‍ നഗരൂർ പൊലീസ് കേസെടുത്തു. പോസ്റ്റ്മാർട്ടത്തിന് ശേഷം സംസ്ക്കാരം നടക്കും. മകൻ: ദേവനന്ദ്.

അതേസമയം കാസര്‍കോട് കമ്പാര്‍ പെരിയഡുക്കയില്‍ സ്കൂള‍് ബസ് തട്ടി നഴ്സറി വിദ്യാര്‍ത്ഥി മരിച്ച സംഭവം ഡ്രൈവറുടേയും ആയയുടേയും അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് മോട്ടോര്‍ വെഹിക്കില്‍ ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ പ്രാഥമിക റിപ്പോര്‍ട്ട്. ബസില്‍ നിന്ന് ഇറങ്ങാന്‍ വിദ്യാര്‍ത്ഥികളെ ആയ സഹായിച്ചില്ലെന്നും കുട്ടി ഇറങ്ങുമ്പോള്‍ ആയ ബസിന് ഉള്ളില്‍ത്തന്നെ ഇരിക്കുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്.

ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍റ് ചെയ്യണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. റിപ്പോര്‍ട്ട് ട്രാന്‍സ്പോർട്ട് കമ്മീഷണര്‍ക്ക് സമർപ്പിച്ചു. വ്യാഴാഴ്ചയാണ് ആയിഷ സോയ വീടിന് മുന്നില്‍ വച്ച് സ്കൂൾ ബസ് തട്ടി മരിച്ചത്. അപകടത്തിന്റെ സിസി ടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം