കണ്ടാലറിയാവുന്ന 13 കോൺ​ഗ്രസ് പ്രവർത്തകർക്കെതിരെയും കേസെടുത്തതായി പൊലീസ് അറിയിച്ചു

പാലക്കാട്: പാലക്കാട് കണ്ണനൂരിൽ കോൺ​ഗ്രസ് പ്രവർത്തകരെ വെട്ടി പരിക്കേൽപ്പിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. മാത്തൂർ സ്വദേശികളായ നാല് പേരാണ് അറസ്റ്റിലായത്. ദിനേശ്, ​ഗണേശൻ, സിദിൽ, സുനിൽ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകീട്ടോടെ പ്രതികളെ കസ്റ്റഡിയിലെടുത്തിരുന്നു. ആക്രമണത്തിനിടയിൽ ​ഗണേശൻ, ദിനേശൻ എന്നിവർക്കും പരിക്കേറ്റിരുന്നു. സാമ്പത്തിക പ്രശ്നമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രതികൾ പറയുന്നത്. ഇക്കാര്യം പ്രതികൾ സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. പ്രതിയായ ​ഗണേശന്‍റെ പരാതിയിൽ കണ്ടാലറിയാവുന്ന 13 കോൺ​ഗ്രസ് പ്രവർത്തകർക്കെതിരെയും കേസെടുത്തതായി പൊലീസ് അറിയിച്ചു.

2023 മലയാള സിനിമ 4+9 വിജയം, നഷ്ടം 500 കോടി! ബോക്സോഫീസിൽ മറുനാടൻ തൂക്കിയടിയും; മമ്മൂട്ടിയുടെ വർഷവും

ഇന്നലെ രാവിലെ 10.30 ഓടെയാണ് പാലക്കാട് കണ്ണന്നൂരിൽ വച്ച് കോൺഗ്രസ് പ്രവർത്തകരെ പ്രതികൾ വെട്ടിയത്. കണ്ണനൂര്‍ ടൗണിലെ കോണ്‍ഗ്രസിന്റെ സാംസ്‌കാരിക നിലയത്തിന്റെ ഓഫീസിലേക്ക് കാറിലും ബൈക്കിലുമായി ആയുധങ്ങളുമായെത്തിയായിരുന്നു സംഘം ആക്രമണം നടത്തിയത്. ഓഫീസിലുണ്ടായിരുന്ന പത്തോളം പേര്‍ ചിതറിയോടിയെങ്കിലും നാലു പേര്‍ക്ക് വെട്ടേറ്റിരുന്നു. ബ്ലേഡ് മാഫിയ സംഘങ്ങളാണ് അക്രമത്തിന് പിന്നിലെന്നാണ് പരിക്കേറ്റവർ പൊലീസിനോട് പറഞ്ഞത്. പലിശ തിരിച്ചടവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പ്രദേശത്തെ ഓട്ടോ ഡ്രൈവറുമായി ഈ സംഘം തര്‍ക്കിച്ചിരുന്നു. ഇത് തടയാന്‍ ശ്രമിച്ചതിലുള്ള പ്രതികാരമാണ് അക്രമത്തില്‍ കലാശിച്ചതെന്നും പരിക്കേറ്റവർ പറഞ്ഞിരുന്നു. വെട്ടേറ്റ നാലു പേരും സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതിനിടെ തൃശൂരിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത ചാലക്കുടിക്കടുത്ത് വെള്ളാഞ്ചിറയിൽ നടന്ന വൻ വ്യാജ മദ്യ റെയ്ഡിന് പിന്നാലെ ബി ജെ പി മുൻ പഞ്ചായത്ത് അംഗം ഉൾപ്പെടെ രണ്ട് പേർ പിടിയിലായി എന്നതാണ്. റെയ്ഡിൽ കോഴി ഫാമിന്‍റെ മറവിൽ പ്രവർത്തിച്ച വ്യാജമദ്യ നിർമ്മാണ കേന്ദ്രത്തിൽ നിന്ന് സ്പിരിറ്റും വ്യാജമദ്യവും പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് വ്യാജമദ്യ കേന്ദ്രത്തിന്‍റെ നടത്തിപ്പുകാരനായ ബി ജെ പി മുൻ പഞ്ചായത്ത് അംഗം ഉൾപ്പെടെ രണ്ട് പേരെ പിടികൂടിയത്. വെള്ളാഞ്ചിറയിൽ കോഴി ഫാമിന്റെ മറവിലായിരുന്നു തോതിൽ വ്യാജ മദ്യ നിർമ്മാണം . ക്രിസ്തുമസ് ന്യൂ ഇയർ കണക്കാക്കി കൂടുതൽ സ്റ്റോക്ക് എത്തിച്ചിരുന്നു. ബി ജെ പി മുൻ പഞ്ചായത്തംഗം ലാലായിരുന്നു വ്യാജമദ്യ നിർമ്മാണ കേന്ദ്രത്തിന്റെയും കോഴി ഫാമിന്റെയും നടത്തിപ്പുകാരൻ. കർണ്ണാടകയിൽ നിന്ന് സ്പിരിറ്റ് എത്തിച്ച് വ്യാജമദ്യം നിർമ്മിച്ച് വിതരണം ചെയ്യുന്നത് ആറുമാസമായി നടന്നു വരികയായിരുന്നു. ചാലക്കുടി, ഇരിഞ്ഞാലക്കുട ഡിവൈഎസ്പി മാരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ കോഴി ഫാമിൽ നിന്ന് പതിനയ്യായിരം കുപ്പി വ്യാജ വിദേശ മദ്യമാണ് കണ്ടെത്തിയത്. അമ്പത്താറ് ക്യാനുകളിലായി 2500 ലിറ്റർ സ്പിറ്റും കണ്ടെത്തിയിട്ടുണ്ട്.

കോഴി ഫാമിന്‍റെ മറവിൽ വ്യാജ മദ്യ നിർമാണകേന്ദ്രം; ബിജെപി മുൻ പഞ്ചായത്തംഗം അടക്കം രണ്ട് പേര്‍ അറസ്റ്റിൽ