കൂറ്റനാട്ടിൽ ഇരുതലമൂരിയെ വിൽക്കാൻ ശ്രമിച്ച നാലുപേരെ വനം വകുപ്പ് പിടികൂടി. പാലക്കാട് ഫോറസ്റ്റ് വിജിലൻസ് ടീമും ഒറ്റപ്പാലം പട്ടാമ്പി സെഷനിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

പാലക്കാട്: ഇരുതലമൂരിയെ വിൽക്കാനുള്ള ശ്രമത്തിൽ കൂറ്റനാട് നിന്ന് 4 പേർ വനം വകുപ്പിൻ്റെ പിടിയിലായി. പാലക്കാട് ഫോറസ്റ്റ് വിജിലൻസ് ടീമും ഒറ്റപ്പാലം പട്ടാമ്പി സെഷനിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചേർന്നാണ് കൂറ്റനാട് പട്ടാമ്പി പാതയിലെ സ്വകാര്യ കെട്ടിടത്തിന് മുകളിലുള്ള താമസ സ്ഥലത്തു നിന്നും പ്രതികളെ പിടികൂടിയത്. പത്തനംതിട്ട മെഴുവേലി സ്വദേശി കെ എസ് രഞ്ജു, കൊല്ലം കണ്ണനല്ലൂർ സ്വദേശി ദേവദാസ് , പാലക്കാട് വാവനൂർ സ്വദേശി പി പി ബഷീർ , കൂറ്റനാട് സ്വദേശി അഷറഫലി എന്നിവരാണ് പിടിയിലായത്.

പ്രതികളെ പട്ടാമ്പി കോടതിയിൽ ഹാജരാക്കി റിമാൻ്റിൽ വിട്ടു. അന്ധവിശ്വാസത്തിന്റെ പേരിൽ വ്യാജ വിൽപ്പന നടത്തുന്ന ഇരുതലമൂരി എന്ന പാമ്പ് വനവകുപ്പിന്റെ നാലാം ഷെഡ്യൂളിൽ ഉൾപ്പെടുന്നതാണ്. അന്ധവിശ്വാസം പ്രചരിപ്പിച്ചുകൊണ്ട് ഇവയെ വീട്ടിൽ വളർത്തിയാൽ രോഗം ഭേദമാകും, വീട്ടിൽ ധനം കുന്നുകൂടും തുടങ്ങിയ അന്ധവിശ്വാസങ്ങളാണ് വ്യാജ കച്ചവടക്കാർ സമൂഹത്തിൽ പ്രചരിപ്പിക്കുന്നത്. ഇവരുടെ കെണിയിൽ വീണു പോകുന്നവർ ഇത്തരം പാമ്പുകളെ ലക്ഷങ്ങളും കോടികളും കൊടുത്താണ് കൈക്കലാക്കുന്നത്. വിദേശങ്ങളിലേക്ക് കടത്തിയാൽ കോടികൾ സമ്പാദിക്കാമെന്നടക്കം ഇവർ വിശ്വസിപ്പിക്കും. വനംവകുപ്പിന്റെ പിടിയിൽ അകപ്പെടുന്നതോടെ ജാമ്യമില്ലാത്ത വകുപ്പും ദീർഘകാലത്തേക്ക് ജയിൽവാസവും ശിക്ഷയായി ലഭിക്കും.