വിസിറ്റിംഗ് കാർഡിൽ നിന്ന് കടയുടമയുടെ നമ്പർ മനസിലാക്കി വിദ്യാർത്ഥിയായ മകനെ കബളിപ്പിച്ച് പണം തട്ടി, അറസ്റ്റ്
ചില്ലറ ആവശ്യപ്പെട്ട് കടയിലെത്തിയ ശേഷം മേശക്ക് അരികിലെത്തിയ യുവാവ് മേശ വലിപ്പ് തുറന്ന് പണം അപഹരിച്ച് കടന്നുകളയുകയായിരുന്നു
മലപ്പുറം: വ്യാപാര സ്ഥാപനങ്ങളിലെത്തി പട്ടാപകൽ കവർച്ച നടത്തിയ യുവാവിനെ തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തു. മമ്പാട് സ്വദേശി മുണ്ടൻപറമ്പത്ത് വീട്ടിൽ എം.പി സുധീഷ് (40) ആണ് അറസ്റ്റിലായത്. കാക്കഞ്ചേരിക്കടുത്ത് യു.കെ.സിയിലെ ഷൈൻ പെയ്ന്റ് ഗാലറിയെന്ന വ്യാപാര സ്ഥാപനത്തിലെത്തി കവർച്ച നടത്തിയ കേസിലാണ് 40കാരൻ അറസ്റ്റിലായത്. കൊടുകുത്തിപറമ്പ് സ്വദേശിയായ മുസ്തഫ എന്നയാളുടെ ഈ സ്ഥാപനത്തിൽ കഴിഞ്ഞ പത്തിനാണ് മോഷണം നടന്നത്.
പത്താം തിയതി ഉച്ചയോടെ പ്ലസ് വൺ വിദ്യാർഥിയായ മുസ്തഫയുടെ മകനായിരുന്നു സ്ഥാപനത്തിൽ ഉണ്ടായിരുന്നത്. പിതാവിന്റെ പരിചയക്കാരനെന്ന വ്യാജേന കടയിലെത്തിയ പ്രതി പത്തു രൂപയുടെയും 20 രൂപയുടെയും ചില്ലറ നോട്ടുകൾ ചോദിച്ചു. സ്ഥാപനത്തിലുണ്ടായിരുന്ന വിദ്യാർത്ഥി പണമില്ലെന്ന് പറഞ്ഞു. ഇതിന് പിന്നാലെ മേശപ്പുറത്തുണ്ടായിരുന്ന വിസിറ്റിങ് കാർഡിൽ നിന്നും നമ്പർ മനസിലാക്കിയ സുധീഷ് കടയുടമയെ ഫോൺ ചെയ്ത് സമീപത്തെ കടക്കാരനാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തി ചില്ലറ ആവശ്യപ്പെട്ടു. എന്നാൽ ചില്ലറയില്ലെന്ന മുസ്തഫയുടെ മറുപടി മറച്ച് വച്ച് ചില്ലറ തരാൻ പിതാവ് നിർദ്ദേശിച്ചുവെന്ന് വിദ്യാർത്ഥിയോട് വിശദമാക്കി.
പിന്നാലെ മേശക്ക് അരികിലെത്തിയ പ്രതി മേശ വലിപ്പ് തുറന്ന് പണം അപഹരിച്ച് കടന്നുകളയുകയായിരുന്നു. മഞ്ചേരി, എടവണ്ണ, പെരിന്തൽമണ്ണ, പുക്കോട്ടുപാടം, കൊടുവള്ളി തുടങ്ങിയ സ്റ്റേഷനുകളിൽ ഇയാൾക്കെതിരേ സമാന രീതിയിൽ കേസുകളുണ്ടെന്നാണ് പൊലീസ് വിശദമാക്കുന്നത്. എടക്കര പൊലീസിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. തേഞ്ഞിപ്പലം എസ്.എച്ച്.ഒ കെ. അബ്ദുൽ ഹക്കീം, എസ്.ഐ വിപിൻ വി പിള്ള, അഡി. എസ്.ഐ കൃഷ്ണദാസ്, എ.എസ്.ഐ സജീവ് എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം