ഒട്ടും സ്മാർട്ടല്ലാത്ത ആസൂത്രണം കൊണ്ട് ഇതിപ്പോഴും നോക്കുകുത്തിയാണ്. 45 ലക്ഷം മുടക്കി പണി തീർത്തിട്ടും അടഞ്ഞുകിടപ്പാണ് കൊട്ടിയൂരിലെ കെട്ടിടം
കണ്ണൂര്‍: നിർമാണം കഴിഞ്ഞ് ഒരു വർഷമായിട്ടും കണ്ണൂർ കൊട്ടിയൂരിലെ സ്മാർട്ട് വില്ലേജ് ഓഫീസ് ഇനിയും തുറന്നില്ല. ഏഷ്യാനെറ്റ് ന്യൂസ് വാർത്തക്ക് പിന്നാലെ ഓഫീസിൽ വൈദ്യുതിയെത്തിയെങ്കിലും വെള്ളമില്ലാത്തതാണ് ഇപ്പോൾ തടസം. ആസൂത്രണത്തിലെ പിഴവ് വിനയായതോടെ കെട്ടിടത്തിൽ കാടുകയറിയ അവസ്ഥയാണ്. ഇതെന്തൊരു സ്മാർട്ട് വില്ലേജാണ് എന്നാണ് നാട്ടുകാരെല്ലാം ചോദിക്കുന്നത്.
ഒട്ടും സ്മാർട്ടല്ലാത്ത ആസൂത്രണം കൊണ്ട് ഇതിപ്പോഴും നോക്കുകുത്തിയാണ്. 45 ലക്ഷം മുടക്കി പണി തീർത്തിട്ടും അടഞ്ഞുകിടപ്പാണ് കൊട്ടിയൂരിലെ കെട്ടിടം. നിർമാണ കരാറിൽ പിഴവാണ് ആദ്യം വിനയായത്. കറന്‍റും വെള്ളവും അതിൽപ്പെട്ടില്ല. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യതിന് പിന്നാലെ റവന്യൂ മന്ത്രി ഇടപെട്ടു. വൈദ്യുതിയെത്തിക്കാൻ 1.2 ലക്ഷം അനുവദിച്ചു.
ഇതോടെ ഇരുട്ടു മാറി കറന്‍റെത്തി. ഉടൻ തുറക്കാമെന്നുമായി. പക്ഷേ വെള്ളത്തിനെന്ത് ചെയ്യും എന്നുള്ളതാണ് ഇപ്പോഴത്തെ ചോദ്യം. കിണർ കുഴിക്കാൻ ആലോചന തുടങ്ങിയതേ ഉള്ളൂ. ഫണ്ട് പഞ്ചായത്തുണ്ടാക്കണം. ഇരിട്ടി താലൂക്കിൽ ഉദ്ഘാടനം ചെയ്യാൻ ആകെ ബാക്കിയുളളത് കൊട്ടിയൂരിലെ സ്മാർട്ട് വില്ലേജാണ്. സ്മാർട്ടാകാൻ മുടക്കിയ നികുതിപ്പണം, പിടിപ്പുകേടിൽ പാഴാവുന്നതിൽ നാണക്കേടില്ലേ സർക്കാരേ എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.
