ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. പോർച്ചിൽ നിര്‍ത്തിയിട്ടിരുന്ന സ്കോഡ കാറിന്റെ മുന്‍വശത്തെ സീറ്റിലായിരുന്നു ജാഫറിന്‍റെ മൃതദേഹം.
കുറ്റിപ്പുറം: മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് യുവാവിനെ കൂട്ടുകാരന്‍റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. കുറ്റിപ്പുറം കാങ്കപ്പുഴ സ്വദേശി പരേതനായ ആലുക്കല്‍ കുഞ്ഞുമുഹമ്മദിന്റെ മകന്‍ ജാഫറിനെ(45)യാണ് ദുരൂഹസാഹചര്യത്തില്‍ കാറിനുളളില്‍ മരിച്ചനിലയില്‍ കണ്ടത്. ജാഫറിന്‍റെ സുഹൃത്തും മല്ലൂര്‍ക്കടവ് സ്വദേശിയുമായ വരിക്കപുലാക്കല്‍ അഷ്‌റഫിന്റെ വീട്ടുമുറ്റത്താണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് ആരോപണം.
ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. പോർച്ചിൽ നിര്‍ത്തിയിട്ടിരുന്ന സ്കോഡ കാറിന്റെ മുന്‍വശത്തെ സീറ്റിലായിരുന്നു ജാഫറിന്‍റെ മൃതദേഹം. അഷ്റഫിന്റെ ഉടമസ്ഥയിലുളളതാണ് കാറെന്ന് കുറ്റിപ്പുറം പൊലീസ് പറഞ്ഞു. പൊലീസും, മലപ്പുറത്തുനിന്ന് എത്തിയ വിരലടയാള വിദഗ്ധരും ഫൊറന്‍സിക് സംഘവും പരിശോധന നടത്തി. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്. ജാഫർ എങ്ങനെ കാറിൽ എത്തി എന്നതടക്കം വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. കബറടക്കം ഞായറാഴ്ച കുറ്റിപ്പുറം ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ നടക്കും. മാതാവ്: ആയിഷ. ഭാര്യ: ഫാമിദ. മക്കള്‍: ലീന, ആയിഷ ജുമാന, ആയിഷ ജന്ന, ഫജര്‍.


