Asianet News MalayalamAsianet News Malayalam

തുടങ്ങിയത് തമാശയ്ക്ക് പിന്നീട് കാര്യമായി, സ്വയം നിര്‍മ്മിച്ച ചെറുബോട്ടില്‍ കായലിന്റെ രക്ഷകനായി ബിനു

അധികൃതർ ഉപേക്ഷ വിചാരിച്ചപ്പോൾ സ്വമേധയാ കായൽ ശുചീകരണം എന്ന മഹാപ്രയത്നം സ്വയം ഏറ്റെടുത്തിരിക്കുകയാണ് ഈ 49 കാരൻ.

49 year old man makes own small boat and cleans Vellayani Lake etj
Author
First Published Feb 19, 2023, 11:12 AM IST

തിരുവനന്തപുരം: സ്വന്തമായി നിർമ്മിച്ച ബോട്ട് പരീക്ഷണത്തിനായി കായലിൽ ഇറക്കിയ ബിനു ഇന്ന് കായലിന്റെ രക്ഷകന്‍. അധികൃതർ ഉപേക്ഷ വിചാരിച്ചപ്പോൾ സ്വമേധയാ കായൽ ശുചീകരണം എന്ന മഹാ പ്രയത്നം സ്വയം ഏറ്റെടുത്തിരിക്കുകയാണ് ഈ 49 കാരൻ. പുഞ്ചക്കരി വാറുവിള രേവതി ഭവനിൽ ബിനു തിരക്കുകൾക്കിടയിലും പ്രകൃതിക്ക് വേണ്ടി അൽപസമയം ദിവസവും മാറ്റിവയ്ക്കാറുണ്ട്. വെൽഡിങ് വർക്ഷോപ് ഉടമയായ ബിനു കൊവിഡ് കാലഘട്ടത്തിൽ വീട്ടിൽ വെറുതെ ഇരുന്നപ്പോൾ ചെറിയ ബോട്ട് നിർമ്മിച്ചു. ഇത് വെള്ളത്തിൽ ഇറക്കിയപ്പോൾ മുങ്ങിപ്പോയിരുന്നു. തുടർന്ന് രണ്ടര മാസം മുമ്പ് തമാശയ്ക്ക് വീണ്ടും ഒരു ചെറിയ ബോട്ട് കൂടി ബിനു നിർമ്മിച്ചു. 

അത് വെള്ളത്തിൽ ഇറക്കി പരീക്ഷിച്ച് നോക്കാൻ കൊണ്ടുവന്ന സമയത്താണ് കായലിലെ പ്ലാസ്റ്റിക് ബിനു ശ്രദ്ധിക്കുന്നത്.  അന്ന് ഒരു കിലോമീറ്റർ ബോട്ടിൽ സഞ്ചരിച്ചപ്പോൾ തന്നെ നാല് ചാക്കോളം പ്ലാസ്റ്റിക് കായലില്‍ൽ നിന്ന് ലഭിച്ചതായി ബിനു പറയുന്നു. ആദ്യം തുഴയുടെ സഹായത്തോടെയാണ് ബോട്ട് തുഴഞ്ഞിരുന്നത്. എന്നാൽ ഇതുകൊണ്ട് ബോട്ട് നിയന്ത്രിക്കുന്നതിന് ബുദ്ധിമുട്ടായിരുന്നതിനാൽ ബോട്ടിന് ഇരുവശങ്ങളിലും കൈകൊണ്ട് ചലിപ്പിക്കാവുന്ന പെടലുകൾ ബിനു ഘടിപ്പിച്ചു. സ്വന്തം ഓട്ടോറിക്ഷയ്ക്ക് മുകളിൽ ബോട്ട് കെട്ടിവച്ചാണ് ബിനു പുഞ്ചക്കരിയിൽ എത്തുന്നത്. രണ്ടര മാസം കൊണ്ട് 400 കിലോയോളം മാലിന്യമാണ് ബിനു വെള്ളായണി കായലിൽ നിന്ന് ശേഖരിച്ചത്. 

ഇവയിൽ റീസൈക്ലിംഗ് ചെയ്യാൻ കഴിയുന്നവ ആക്രി കടക്കാർ കൊണ്ടുപോകാറുണ്ടെന്നും മറ്റുള്ളവ നഗരസഭ എടുത്ത് മാറ്റുന്നതിനായി ഒരു സ്ഥലത്ത് ശേഖരിച്ചു വെച്ചിട്ടുള്ളതായും ബിനു പ്രതികരിച്ചു. മുൻപ് ഉൾക്കായൽ വരെ പോയി ബിനു മാലിന്യങ്ങൾ ശേഖരിക്കുമായിരുന്നു. എന്നാൽ ഇപ്പോൾ താമരവള്ളിയും കുളവാഴയും നിറഞ്ഞുകിടക്കുന്നതിനാൽ അതിനിടയിലൂടെ ചെറിയ ബോട്ടിൽ ഉൾക്കായലിലേക്ക് പോകാൻ കഴിയുന്നില്ലെന്നും അതിനാൽ ഇവ ഇല്ലാത്ത സ്ഥലങ്ങളിലെ പ്ലാസ്റ്റിക് മാത്രമാണ് ഇപ്പോൾ നീക്കം ചെയ്യാൻ സാധിക്കുന്നതെന്നും ബിനു ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. 5 പഞ്ചായത്തുകളിലേക്ക് ഈ കായലിൽ നിന്നാണ് ശുദ്ധജലം പമ്പ് ചെയ്യുന്നത് അതിനാൽ തന്നെ കായൽ മാലിന്യമാകാതെ സൂക്ഷിക്കേണ്ടതും നമ്മുടെ ഉത്തരവാദിത്വമാണ് എന്ന് ബിനു പറയുന്നു. 

നിലവില്‍ കായലിൽ നിന്ന് പായലുകൾ നീക്കം ചെയ്യുന്നതിന് യന്ത്രം നിർമ്മിച്ച ബിനു അത് കായലിൽ എത്തിച്ച് പ്രവർത്തിപ്പിക്കുന്നതിന് വേണ്ട വൈദ്യുതിക്ക് വേണ്ടി ഉള്ള ശ്രമങ്ങൾ നടത്തിവരികയാണ്. രാവിലെ ആറിനും ഒമ്പതിനും ഇടയിലും വൈകിട്ട് മൂന്നു മുതൽ 7 വരെയും ബിനു കായലിൽ നിന്ന് മാലിന്യം നീക്കം ചെയ്യാനായി സമയം മാറ്റിവയ്ക്കാറുണ്ട്.  ഭാര്യ ബിന്ദുവും മകന് അഭിജിത്തും മകൾ അഭിരാമിയും ബിനുവിന് പൂർണ്ണ പിന്തുണയുമായി സദാ ഒപ്പമുണ്ട്. എന്നാല്‍ അധികൃതരുടെ ഭാഗത്തുനിന്ന് വിചാരിച്ച പിന്തുണ ലഭിക്കുന്നില്ലെന്ന പരാതി ബിനു മറച്ചുവയ്ക്കുന്നില്ല.

തലസ്ഥാന നഗരത്തിലെ മധ്യത്തിൽ സ്ഥിതി ചെയ്യുന്ന ഗ്രാമഭംഗി വിളിച്ചോതുന്ന പ്രദേശമാണ് പുഞ്ചക്കരി. കിരീടം സിനിമയിലെ പ്രധാന രംഗങ്ങളിൽ ഒന്ന് ചിത്രീകരിച്ച കിരീടം പാലം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. പ്രഭാത സായാഹ്ന നടത്തത്തിനും നഗരത്തിന്റെ തിരക്കുകളിൽ നിന്ന് അല്പം മാറി ഗ്രാമഭംഗി ആസ്വദിക്കാനും പുഞ്ചക്കരയിലേക്ക് നിരവധി പേരാണ് ദിനവും എത്തുന്നത്.

Follow Us:
Download App:
  • android
  • ios